അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മത്സരിക്കാൻ മലയാളിയും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മത്സരിക്കാൻ മലയാളിയും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി

അമേരിക്കയിലേക്ക് കുടിയേറിയ തിരുവനന്തപുരം സ്വദേശികളായ വിവേക് ഗണപതിയുടെയും ഡോ ഗീതയുടെയും മകനാണ് 37 കാരനായ വിവേക്

2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാൻ മലയാളിയായ വിവേക് രാമസ്വാമിയും. ഫോക്‌സ് ന്യൂസിന്റെ പ്രൈം ടൈം ഷോയിൽ തത്സമയ അഭിമുഖത്തിനിടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലേക്ക് കുടിയേറിയ തിരുവനന്തപുരം സ്വദേശികളായ വിവേക് ഗണപതിയുടെയും ഡോ ഗീതയുടെയും മകനാണ് 37 കാരനായ വിവേക്. ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ സ്‌ട്രൈവിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് വിവേക് രാമസ്വാമി.

ഈ രാജ്യത്ത്, അതിന്റെ ആശയങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിനും ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമായിരിക്കും മുന്‍ഗണനയെന്നും സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം വിവേക് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വിവേക് അടക്കം മൂന്ന് പേരാണ് ഇതുവരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹാലി എന്നിവ‍ർ നേരത്തെ സ്ഥാനാ‍ർഥിത്വം പ്രഖ്യാപിച്ചിരുന്നു.

അമേരിക്ക സ്വത്വ പ്രതിസന്ധിക്ക് നടുവിലാണെന്നും അത് തിരികെ പിടിക്കേണ്ടതുണ്ടെന്നും വിവേക് ഫോക്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ''ഇതൊരു രാഷ്ട്രീയ പ്രചാരണം മാത്രമല്ല. അടുത്ത തലമുറയിലെ അമേരിക്കക്കാർക്ക് ഒരു പുതിയ സ്വപ്നം സൃഷ്ടിക്കുന്നതിനുള്ള സാംസ്കാരിക മുന്നേറ്റം കൂടിയാണ്. നിങ്ങൾ യോഗ്യതയിലാണ് വിശ്വസിക്കേണ്ടത്. നിങ്ങളുടെ സ്വഭാവത്തിന്റെയും രാജ്യത്തിന് നൽകുന്ന സംഭാവനകളുടെയും അടിസ്ഥാനത്തിലായിരിക്കും നിങ്ങൾ ഈ രാജ്യത്ത് മുന്നേറുക. അല്ലാതെ ചർമത്തിന്റെ നിറം അടിസ്ഥാനമാക്കിയായിരിക്കില്ല'' -വിവേക് ​​രാമസ്വാമി പറഞ്ഞു.

മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ വിവേക് രാജ്യത്ത് പ്രവേശന സമയത്ത് നിയമലംഘനം നടത്തിയാൽ ശിക്ഷയിൽ ഇളവ് നൽകില്ലെന്നും വ്യക്തമാക്കി. ഡോണൾഡ് ട്രംപിനും മുൻ സൗത്ത് കരോലിന ഗവർണറും ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡറുമായ നിക്കി ഹേലിക്കും ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റ് സ്ഥാനാർഥിത്വ പ്രഖ്യാപനം നടത്തുന്ന വ്യക്തിയാണ് വിവേക് ​​രാമസ്വാമി.

കേരളത്തിൽ നിന്ന് കുടിയേറിയവരാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾ. ഒഹായോവിലെ ജനറല്‍ ഇലക്ട്രിക്കല്‍ പ്ലാന്റില്‍ എന്‍ജിനീയറായിരുന്നു അച്ഛൻ വിവേക് ഗണപതി. സിന്‍സിനാറ്റിയില്‍ ജെറിയാട്രിക് സൈക്യാട്രിസ്റ്റ് ആയിരുന്നു അമ്മ ഡോ. ഗീത. അപൂര്‍വ തിവാരിയെയാണ് വിവേക് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്.

രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ കോർപ്പറേറ്റ് വിഭാഗങ്ങളുടെ കടന്ന് കയറ്റത്തെ എതിർക്കുന്ന അദ്ദേഹം എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. വിവേചനത്തിനെതിരെ പോരാടുന്നതിലും വിവേക് രാമസ്വാമി മുന്‍നിരയിലുണ്ട്. അമേരിക്കയില്‍ ജനിച്ചു വളർന്ന വിവേക്, തന്റെ 37-ാം വയസിനുള്ളില്‍ തന്നെ ജീവിതത്തില്‍ വലിയ വിജയങ്ങളും നേട്ടങ്ങളും കൊയ്‌തെടുത്ത വ്യക്തിയാണ്.

2007 ല്‍ കാംപസ് വെഞ്ച്വര്‍ നെറ്റ് വര്‍ക്കിന്റെ സഹസ്ഥാപകന്‍ ആയും പ്രസിഡന്റായും കരിയ‍ർ ആരംഭിച്ചു. 2007 മുതല്‍ 2014 വരെ ക്യുവിടി ഫിനാന്‍ഷ്യല്‍സില്‍ പാര്‍ട്ണര്‍ ആയും അവരുടെ ബയോടെക് പോര്‍ട്ട് ഫോളിയോയുടെ കോ മാനേജര്‍ ആയും പ്രവര്‍ത്തിച്ചു. 2014ല്‍ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയായ റോവന്റ് സയന്‍സസ് സ്ഥാപിച്ചു. മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു റോവന്റ് സയന്‍സസിന്റെ പ്രവര്‍ത്തനം. 2021 വരെ റോവന്റ് സയന്‍സസിന്റെ സിഇഒ ആയിരുന്നു. അതിനിടെ 2020ല്‍ ചാപ്റ്റര്‍ മെഡികെയറിന്റെ സഹ സ്ഥാപകനുമായി. 2021ല്‍ റോവന്റ് സയന്‍സസിന്റെ സിഇഒ സ്ഥാനം ഉപേക്ഷിച്ചു. പിന്നീട് 'വോക്, ഇന്‍ക്. : ഇന്‍സൈഡ് കോര്‍പ്പറേറ്റ് അമേരിക്കാസ് സോഷ്യല്‍ ജസ്റ്റിസ് സ്‌കാം' എന്ന പുസ്തകം രചിച്ചു. ഇത് അമേരിക്കയിലെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിയ്ക്കുകയും ചെയ്തു.

നിലവില്‍ ഒഹായോ കേന്ദ്രീകരിച്ചുള്ള അസെറ്റ് മാനേജ്‌മെന്റ് കമ്പനിയായ സ്‌ട്രൈവ് അസെറ്റ് മാനേജ്‌മെന്റിന്റെ സഹ സ്ഥാപകനാണ് വിവേക് രാമസ്വാമി. 40 വയസിനുള്ളിൽ, അമേരിക്കയിലെ ഏറ്റവും ധനികരായ സംരംഭകരിൽ ഒരാളായ രാമസ്വാമിയുടെ ആസ്തി 2016ൽ 600 മില്യൺ ഡോളറായിരുന്നുവെന്ന് ഫോര്‍ബ്‌സ് മാസിക പറയുന്നു. കൂടാതെ മരുന്ന് വികസിപ്പിക്കുന്ന മേഖലകളിലെ സംഭാവന പരിഗണിച്ച് 2015 ല്‍ വിവേക് രാമസ്വാമിയെ ഫോര്‍ബ്‌സ് അവരുടെ കവര്‍ ചിത്രമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in