ഗിനിയയില്‍ തടഞ്ഞുവച്ചിരിക്കുന്ന കപ്പലിലെ ജീവനക്കാരെ ഉടന്‍ നൈജീരിയക്ക് കൈമാറും; സംഘത്തില്‍ മൂന്ന് മലയാളികളും

ഗിനിയയില്‍ തടഞ്ഞുവച്ചിരിക്കുന്ന കപ്പലിലെ ജീവനക്കാരെ ഉടന്‍ നൈജീരിയക്ക് കൈമാറും; സംഘത്തില്‍ മൂന്ന് മലയാളികളും

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ തടഞ്ഞത്

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ തടഞ്ഞു വെച്ചിരിക്കുന്ന കപ്പല്‍ ജീവനക്കാരെ ഉടന്‍ നൈജീരിയക്ക് കൈമാറും. ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാന്‍ പോയ ഹെറോയിക് ഐഡന്‍ എന്ന കപ്പലിലുള്ളവരെയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തത്. മൂന്ന് മലയാളികളുള്‍പ്പെടെ 16 ഇന്ത്യക്കാരും എട്ട് ശ്രീലങ്കക്കാരും പോളണ്ട്, ഫിലിപ്പൈന്‍ സ്വദേശികളുമാണ് കപ്പലിലുള്ളത്.

കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസര്‍. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും സംഘത്തിലുണ്ട്. നാവിഗേറ്റിങ് ഓഫീസറാണ് വിജിത്ത്. നൈജീരിയയില്‍ നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാനായിരുന്നു കപ്പല്‍ നൈജീരിയയില്‍ എത്തിയത്.

തടഞ്ഞുവെച്ചിരിക്കുന്ന കപ്പലിലെ ജീവനക്കാരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം നടക്കുകയാണെന്ന് വ്യക്തമാക്കി ജീവനക്കാരുടെ വീഡിയോ പുറത്തുവന്നു. വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും മലേറിയ, ടൈഫോയ്ഡ് അടക്കമുള്ള മാരക രോഗങ്ങള്‍ ജീവനക്കാരെ ബാധിച്ചിരിക്കുന്നതായും വീഡിയോയിലൂടെ ജീവനക്കാര്‍ വ്യക്തമാക്കുന്നു. കഴിയുന്നതും വേഗം മോചനം സാധ്യമാക്കണമെന്ന് കപ്പലിലുള്ള ഇന്ത്യക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

കപ്പല്‍ ജീവനക്കാർ
കപ്പല്‍ ജീവനക്കാർ

സാങ്കേതിക തടസം മൂലം താമസമുണ്ടെന്ന് അറിയിച്ചത് പ്രകാരമാണ് നൈജീരിയന്‍ അതിര്‍ത്തിയില്‍ കപ്പലുമായി ജീവനക്കാര്‍ കാത്തിരുന്നത്. പിന്നാലെ കപ്പല്‍ അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇക്വറ്റോറിയല്‍ ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്തതായി ജീവനക്കാരെ അറിയിച്ചത്.

logo
The Fourth
www.thefourthnews.in