മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; യുകെയിലെ ഇന്ത്യൻ വിദ്യാർഥിക്ക് തടവുശിക്ഷ
മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിക്ക് തടവുശിക്ഷ. യുകെയിൽ താമസിക്കുന്ന 20കാരനായ ഇന്ത്യൻ വിദ്യാർഥി പ്രീത് വികാലിനെയാണ് ആറ് വർഷവും ഒമ്പത് മാസവും തടവുശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് പ്രീത് വികാൽ യുവതിയെ യുകെയിലെ കാർഡിഫിലുള്ള ഫ്‌ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തത്. സിസിടിവി ദൃശ്യങ്ങളും പ്രതി യുവതിക്ക് അയച്ച ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
എഞ്ചിനിയറിങ് വിദ്യാർഥിയായ പ്രീതും യുവതിയും കാർഡിഫിലെ ഒരു ക്ലബ്ബിന് പുറത്ത് വച്ചാണ് കണ്ടുമുട്ടുന്നത്. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. യുവതി അമിതമായി മദ്യപിച്ചിരുന്നു. യുവതിയും പ്രീതും സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് സുഹൃത്തുക്കളുടെ അടുത്ത് നിന്ന് നടന്നു നീങ്ങുകയുമായിരുന്നു. പ്രതി യുവതിയെ കൈകളില്‍ എടുത്ത് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയെ ചുമലില്‍ കിടത്തി കൊണ്ടുപോകുന്ന മറ്റുദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഫ്ലാറ്റിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അവരുടെ ഫോട്ടോ സുഹൃത്തുക്കൾക്ക് അയച്ചതായും പോലീസ് പറയുന്നു.
യുവതി ഉറക്കം എഴുന്നേൽക്കുമ്പോൾ ശരീരത്ത് വസ്ത്രങ്ങളില്ലായിരുന്നു. തുടർന്ന് അവിടെ നിന്ന് മടങ്ങിയ യുവതി തങ്ങൾ ശാരീരക ബന്ധത്തിൽ ഏർപ്പെട്ടോ എന്ന് ചോദിച്ച് പ്രീതിന് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. തുടർന്ന് തന്റെ സമ്മതമില്ലാതെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് മനസിലാക്കിയ യുവതി അന്ന് തന്നെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. അന്നേ ദിവസം തന്നെ പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.