വിനോദസഞ്ചാരികള്‍ കരുതിയിരിക്കുക; വിവാഹപൂർവ ലൈംഗിക ബന്ധം ഇന്തോനേഷ്യ  കുറ്റകരമാക്കുന്നു

വിനോദസഞ്ചാരികള്‍ കരുതിയിരിക്കുക; വിവാഹപൂർവ ലൈംഗിക ബന്ധം ഇന്തോനേഷ്യ കുറ്റകരമാക്കുന്നു

വിവാഹം കഴിക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് താമസിക്കുന്നതും നിയമം മൂലം നിരോധിക്കും

വിവാഹത്തിന് മുൻപുള്ള ലൈംഗിക ബന്ധം ഒരുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി ഇന്തോനേഷ്യ. ഇന്തോനേഷ്യൻ പൗരന്മാർക്കൊപ്പം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസ് യാത്രക്കാർക്കും നിയമം ബാധകമായിരിക്കും. വിവാഹം കഴിക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് താമസിക്കുന്നതും നിയമം മൂലം നിരോധിക്കും. അതേസമയം ബാലി പോലുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉള്ള ഇന്തോനേഷ്യയിൽ ടൂറിസം മേഖലയിലും, വിദേശനിക്ഷേപത്തെയും പുതിയ നിയമം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഡിസംബർ 15ന് പുതിയ ക്രിമിനൽ കോഡ് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി നീതിന്യായ മന്ത്രി എഡ്വേർഡ് ഒമർ ഷെരീഫ് ഹിയാരിജ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഇന്തോനേഷ്യൻ മൂല്യങ്ങൾക്ക് അനുസൃതമായ ഒരു ക്രിമിനൽ കോഡ് ഉള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

വിവാഹം കഴിഞ്ഞവരാണെങ്കില്‍ പങ്കാളിക്കും അവിവാഹിതർക്ക് അവരുടെ രക്ഷിതാക്കൾക്കും മാത്രമെ ഇക്കാര്യത്തില്‍ പരാതി നൽകാൻ കഴിയൂ. പുതിയ ക്രിമിനല്‍ കോഡിന്റെ കരട്, 2019ൽ പാസ്സാക്കാൻ ഒരുങ്ങിയെങ്കിലും തലസ്ഥാനമായ ജക്കാർത്തയിൽ ഉൾപ്പെടെ ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് നടപടി വൈകുകയായിരുന്നു. പിന്നീട് കരടിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും ബലാത്സംഗക്കേസുകളിലൊഴികെ ഗർഭച്ഛിദ്രം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിയമവിരുദ്ധമായി തുടരും.

കോഡിലെ മാറ്റങ്ങൾ ഇന്തോനേഷ്യൻ ജനാധിപത്യത്തിന് വലിയ തിരിച്ചടിയായിരിക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രതിനിധി ആൻഡ്രിയാസ് ഹർസോനോ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in