വിഖ്യാത കവി നെരൂദയുടെ മരണത്തിൽ അരനൂറ്റാണ്ടിന്‌ ശേഷം 
പുനരന്വേഷണം പ്രഖ്യാപിച്ച് ചിലിയൻ കോടതി

വിഖ്യാത കവി നെരൂദയുടെ മരണത്തിൽ അരനൂറ്റാണ്ടിന്‌ ശേഷം പുനരന്വേഷണം പ്രഖ്യാപിച്ച് ചിലിയൻ കോടതി

ചിലിയിൽ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ജനറൽ അഗസ്റ്റോ പിനോഷെറ്റാണ് നെരൂദയുടെ മരണത്തിനു പിന്നിലെന്നു ആരോപണമുണ്ടായിരുന്നു

നൊബേല്‍ ജേതാവുകൂടിയായ വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ മരണത്തിൽ അരനൂറ്റാണ്ടിന്‌ ശേഷം പുനരന്വേഷണത്തിന് ഉത്തരവ്. പ്രണയത്തിന്റെ കാല്പനികതയും തീവ്രതയും അതിന്റെ സാധ്യമായ എല്ലാതലങ്ങളിലും മനുഷ്യരിലേക്ക് സന്നിവേശിപ്പിച്ച കവിയുട മരണമെങ്ങനെയായിരുന്നു എന്ന സംശയം വായനക്കാരിൽ കാലങ്ങളായി തുടരുന്നതാണ്. ചിലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന നെരൂദയെ വിഷം നൽകി കൊന്നതാണെന്ന സംശയങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ചിലിയിൽ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ജനറൽ അഗസ്റ്റോ പിനോഷെറ്റാണ് നെരൂദയുടെ മരണത്തിനു പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവർ കാലങ്ങളായി ഇതേ ആരോപണത്തിൽ ഉറച്ച്നിൽക്കുകയായിരുന്നു. എന്നാൽ ആരോപണത്തെ സാധൂകരിക്കുന്ന ശക്തമായ തെളിവുകളൊന്നും പുറത്ത് വന്നിരുന്നില്ല.

വിഖ്യാത കവി നെരൂദയുടെ മരണത്തിൽ അരനൂറ്റാണ്ടിന്‌ ശേഷം 
പുനരന്വേഷണം പ്രഖ്യാപിച്ച് ചിലിയൻ കോടതി
അമിതാഭ് കൊതിച്ചു, സയാനിയെ ഒന്ന് കാണാൻ

2023 ഡിസംബറിൽ ചിലിയൻ കോടതിയിലെ ഒരു ജഡ്ജ് നെരൂദയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിച്ചിരുന്നു. മരണ കാരണം ക്യാൻസർ അല്ല എന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നു എന്നും പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനകളിൽ വ്യക്തമായിരുന്നു. കാനഡയിലും ഡെന്മാർക്കിലും നടത്തിയ ഫോറൻസിക് പരിശോധനാ ഫലം ഉയർത്തിക്കാണിച്ച് നെരൂദയുടെ മരുമകൻ റോഡോൾഫോ റേയ്സാണ് കോടതിയെ സമീപിച്ചത്.

നെരൂദയുടെ ശരീരത്തിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന മനുഷ്യശരീരത്തെ സംബന്ധിച്ച് വിഷമായി കണക്കാക്കാവുന്ന പദാർത്ഥത്തിന്റെ സാന്നിധ്യം ഉണ്ടെന്നായിരുന്നെന്നാണ് ഡെന്മാർക്കിലെയും ക്യാനഡയിലെയും ലാബിൽ നിന്ന് വന്ന ഫലം പറയുന്നത്. ഈ പദാർത്ഥം നാഡീവ്യൂഹത്തെ ബാധിക്കുകയും ശരീരം പൂർണമായും ചലനരഹിതമാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണെന്നും ഫോറൻസിക് ഫലം സൂചിപ്പിക്കുന്നു. എന്നാൽ ഈ പരിശോധനാ ഫലം അംഗീകരിക്കാൻ സാധിക്കില്ല എന്ന് സൂചിപ്പിച്ചാണ് കോടതി കഴിഞ്ഞ ഡിസംബറിൽ പുനരന്വേഷണം നിരസിച്ചത്.

നെരൂദ പ്രോസ്റ്റേറ്റ് കാൻസർ മൂലം മരണപ്പെട്ടു എന്നാണ് കാലങ്ങളായി ആളുകൾ വിശ്വസിച്ചിരുന്നത്. എന്നാൽ നെരൂദയുടെ ഡ്രൈവറായിരുന്ന വ്യക്തി പണ്ടുമുതലേ തന്നെ ഇതൊരു കൊലപാതകമാണെന്ന് പറയുന്നുണ്ടായിരുന്നു. കാൻസർ മൂലം സാവധാനം ശരീരം തളർന്നു പോവുകയും അത് മരണത്തിലേക്കെത്തുകയും ചെയ്യുകയായിരുന്നു എന്ന വാദം ഫോറൻസിക് വിദഗ്ധരെല്ലാം നേരത്തെ തന്നെ തള്ളിക്കളഞ്ഞ കാര്യമാണ്. എന്നാൽ എന്താണ് മരണകാരണമെന്ന് കണ്ടെത്താൻ അവർക്കു സാധിച്ചിരുന്നില്ല. എന്നാൽ നെരൂദയുടെ മരുമകൻ ആവശ്യപ്പെട്ട അന്വേഷണങ്ങള്‍ നടത്തണമെന്ന്‌ കോടതി ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു. അതിൽ കാലിഗ്രാഫിക് പരിശോധനയും ഉൾപ്പെടും. ഈ പരിശോധനകൾക്കു ശേഷം നെരൂദയുടെ ശരീരത്തിലുള്ള വിഷാംശ പദാർത്ഥമായ ക്ലോസ്ട്രീഡിയം ബോട്ടുലിനത്തെകുറിച്ച് ഒരു വിദഗ്ധ അഭിപ്രായവും തേടണമെന്ന് കോടതി ആവശ്യപ്പെട്ടു.

തന്റെ പ്രണയ കവിതകളിലൂടെയാണ് ലോകത്തെമ്പാടുമുള്ള വായനക്കാരിലേക്ക് നെരൂദ കടന്നു കയറിയത്. 1971ൽ സാഹിത്യത്തിൽ നോബേൽ സമ്മാനവും ലഭിച്ചു. അദ്ദേഹം ചിലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. ചിലിയൻ പ്രസിഡന്റ് സാൽവദോർ അല്ലെൻഡെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. അല്ലെൻഡെയുടെ സർക്കാരിനെ പട്ടാളം അട്ടിമറിച്ചതും ജനറൽ അഗസ്റ്റോ പിനോഷെറ്റ് അധികാരത്തിൽ വന്നതും ചിലിയിലെ സാമൂഹികാവസ്ഥയെ പൂർണമായും തകിടംമറിച്ചു. അലെൻഡെ തടവിലാക്കപ്പെടുകയും പിന്നീട് കൊലചെയ്യപ്പെടുകയും ചെയ്തു.

രാജ്യത്ത് സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങൾ നെരൂദയെ പൂർണമായും ബാധിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നിരവധിപേർ കൊലചെയ്യപ്പെട്ടു. നിലവിലെ സ്ഥിതി പരിഗണിച്ച് നെരൂദ മെക്സിക്കോയിലേക്ക് ഒളിവിൽ പോകാമെന്ന് ചിന്തിച്ചു. എന്നാൽ അദ്ദേഹം ഒളിവിൽ പോകാൻ കരുതിയിരുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം 1973 സെപ്തംബര് 23 ന് അദ്ദേഹത്തെ ആംബുലൻസിൽ സാന്റിയാഗോയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം മരിക്കുകയും ചെയ്തു.

ദുരൂഹത നീക്കാൻ 2013ൽ നെരൂദയുടെ മൃതദേഹം കുഴിച്ചെടുത്ത വീണ്ടും പരിശോധന നടത്തി എന്നാൽ എല്ലുകളിലൊന്നും വിഷാംശം കണ്ടെത്തനായില്ല. 2015ൽ നെരൂദയുടെ മരണത്തിനു പിന്നിൽ മറ്റുചിലരുണ്ടോ എന്ന് സംശയമുണ്ടെന്ന് ചിലിയൻ സർക്കാർ പറഞ്ഞു. 2017ൽ പല്ലുകളിൽ നിന്നും തലയോട്ടിയുടെ ഭാഗങ്ങളിൽ നിന്നും ക്ലോസ്ട്രിയം ബോട്ടുലിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. അതിനു ശേഷമാണ് നെരൂദയുടെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.

logo
The Fourth
www.thefourthnews.in