സിറിയയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍; കൂടുതല്‍ ആയുധങ്ങള്‍ നല്‍കി അമേരിക്ക

സിറിയയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍; കൂടുതല്‍ ആയുധങ്ങള്‍ നല്‍കി അമേരിക്ക

ദമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം

സിറിയയിലെ വിമാനത്താവളങ്ങില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ ദി സന റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് ഇസ്രയേല്‍ സിറിയയ്ക്കു നേരെയും ആക്രമണം നടത്തുന്നത്.

ദമാസ്‌കസ് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ന്നതോടെ സര്‍വീസ് നിര്‍ത്തിവെച്ചതായും സിറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 12നും ഇസ്രയേല്‍ ഇരു വിമാനത്താവളങ്ങളും ആക്രമിച്ചിരുന്നു.

സിറിയയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍; കൂടുതല്‍ ആയുധങ്ങള്‍ നല്‍കി അമേരിക്ക
പലസ്തീന് ഇന്ത്യയുടെ കൈത്താങ്ങ്; ജീവന്‍രക്ഷാ മരുന്നുകളടക്കമുള്ള സഹായവുമായി വിമാനം പുറപ്പെട്ടു

കഴിഞ്ഞ ആഴ്ച അലെപ്പോയില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു. നിലവില്‍ തുറമുഖ നഗരമായ ലടാകിയയിലെ വിമാനത്താവളത്തിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതെന്ന് സിറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.

സിറിയയ്ക്കു പുറമേ ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. ഇന്നലെ ലെബനന്‍ അതിര്‍ത്തിയില്‍ ഇരുസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ലെബനന്‍ അതിര്‍ത്തിക്കുള്ളില്‍ ഹിസ്ബുള്ള താവളങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പേരെ വധിച്ചതായി ഇസ്രയേലി വ്യോമസേന അവകാശപ്പെട്ടു.

ഇതിനിടെ വ്യോമ പ്രതിരോധ സംവിധാനമുള്‍പ്പടെ അമേരിക്ക ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായം എത്തിച്ചു നല്‍കി. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന പാട്രിയോട്ട് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് അമേരിക്ക ഇസ്രയേലിന് നല്‍കിയത്. നേരത്തെ രണ്ടു വിമാനവാഹിനി കപ്പലുകള്‍ അമേരിക്ക ഇസ്രയേല്‍ തീരത്ത് വിന്യസിച്ചിരുന്നു.

ഇസ്രയേലിന് കൂടുതല്‍ സാമ്പത്തിക സഹായവും വരുന്ന ദിവസങ്ങള്‍ നല്‍കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇടപെടരുതെന്നു ലെബനന്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തു വരികയും ചെയ്തു. അനാവശ്യ ഇടപെടലുകള്‍ ലെബനന്‍ ജനതയ്ക്ക് ദോഷമാകുമെന്നും ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ നിലവില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു. 1400 ഇസ്രയേലികളും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in