20 വർഷത്തിനിടെ ഏറ്റവും വലിയ സൈനിക നടപടി; വെസ്റ്റ് ബാങ്കിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

20 വർഷത്തിനിടെ ഏറ്റവും വലിയ സൈനിക നടപടി; വെസ്റ്റ് ബാങ്കിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

എട്ട് പേർ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു

പലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പായ ജെനിനിൽ വൻ സൈനികാക്രമണം നടത്തി ഇസ്രയേൽ. എട്ട് പേർ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 20 വർഷത്തിനിടെ ഇസ്രയേൽ അധിനിവിഷ്ട മേഖലയിൽ നടത്തുന്ന ഏറ്റവും വലിയ സൈനികനടപടിയാണിത്.

തീവ്രവാദം അടിച്ചമർത്താനുള്ള വ്യാപക ശ്രമത്തിന്റെ ഭാഗമായെന്ന് അവകാശപ്പെട്ടാണ് ഇസ്രായേല്‍ തിങ്കളാഴ്ച നടപടി ആരംഭിച്ചത്. 11,000 ത്തോളം മനുഷ്യർ തിങ്ങി പാർക്കുന്ന ജെനിൻ ക്യാമ്പിൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ നടപടി തുടരുന്നത്. തിങ്കളാഴ്ച വൈകിയും ആക്രമണം തുടരുകയായിരുന്നു. സ്നൈപ്പറുകളുടെയും കവചിത വാഹനങ്ങളുടെയും അകമ്പടിയോടെ ആയിരത്തിലധികം ഇസ്രയേലി പട്ടാളക്കാരാണ് കഴിഞ്ഞ ദിവസം ക്യാമ്പിലേക്ക് ഇരച്ചെത്തിയത്.

ജെനിൻ അഭയാർഥി ക്യാമ്പിൽ നടക്കുന്ന സംഭവങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്ക അറിയിച്ചു. ഹമാസ്, പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രതിരോധിക്കാനും സുരക്ഷയൊരുക്കാനുമുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ പക്ഷം. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ അമേരിക്കയെ മുൻകൂട്ടി അറിയിച്ചിരുന്നു. അതേസമയം ഇസ്രയേൽ സൈന്യം സംയമനം പാലിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

2002-ലെ രണ്ടാം ഇൻതിഫാദയ്‌ക്ക് ശേഷം ജെനിനിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. അന്ന് ഒരാഴ്ച നീണ്ട ആക്രമണത്തിൽ 50-ലധികം പലസ്തീനികളും 23 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടിരുന്നു. ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 133 പേരാണ്.

20 വർഷത്തിനിടെ ഏറ്റവും വലിയ സൈനിക നടപടി; വെസ്റ്റ് ബാങ്കിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍
വെസ്റ്റ് ബാങ്ക് അശാന്തം; ഇസ്രയേൽ ആക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടു

1950കളിലാണ് വടക്കൻ വെസ്റ്റ് ബാങ്കിൽ ജെനിൻ ക്യാമ്പ് സ്ഥാപിക്കുന്നത്. പലസ്തീൻ സായുധ പ്രതിരോധത്തിന്റെ കേന്ദ്രമായി മറ്റുള്ളവർ ഈ ക്യാമ്പിനെ വിലയിരുത്തുമ്പോൾ തീവ്രവാദ ക്യാമ്പെന്നാണ് ഇസ്രയേൽ വിശേഷിപ്പിക്കുന്നത്. ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഫത്തഹ് പാർട്ടി എന്നിവരുടെ സായുധ ഗ്രൂപ്പുകളുടെ കേന്ദ്രം കൂടിയാണ് ജെനിൻ ക്യാമ്പ്.

ഇസ്രയേൽ സർക്കാരിന്റെ ചെലവിൽ കുടിയേറ്റമെന്ന പേരിൽ പലസ്തീനിലെ പല മേഖലകളും കയ്യേറുന്നത് വ്യാപകമായിരിക്കുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും പലസ്തീനിൽ വലിയ തോതിൽ നടക്കുന്നുണ്ട്. വ്യാപകമായ കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും അടുത്തിടെ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in