ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിൽ; 31 ബന്ദികളുടെ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിൽ; 31 ബന്ദികളുടെ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ

വെടിനിർത്തൽ കരാറിന് ഹമാസ് അനുകൂല നിലപാട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബന്ദികളുടെ മരണവാർത്ത ഇസ്രയേൽ പുറത്തുവിടുന്നത്

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ഖത്തർ, അമേരിക്ക, ഈജിപ്ത്, എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്ന് സൂചന. വെടിനിർത്തൽ കരാറിനോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. കരാർ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, കരാർ ചർച്ചകൾക്കിടെ 31 ബന്ദികളുടെ മരണം ഇസ്രയേൽ സ്ഥിരീകരിച്ചു.

ഒക്ടോബർ 7ന് ഇസ്രയേലിൽ നിന്ന് ഹമാസ് ബന്ദിയാക്കിയവരെ തിരിച്ചയക്കുന്നതിനും ഇസ്രയേലിൽ നിന്നും പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും നാല്‌ മാസത്തോളമായി തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന് വിരാമമിടുന്നതിനുമുള്ള കരാറിനോട് ഹമാസ് അനുകൂലമായ നിലപാട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബന്ദികളുടെ മരണവാർത്ത ഇസ്രയേൽ പുറത്തുവിടുന്നത്. ഖത്തർ പ്രധാനമന്ത്രി ജാസിം അല്‍ താനിയാണ് ഹമാസ് അനുകൂല പ്രതികരണം സ്വീകരിച്ചതായി അറിയിച്ചത്.

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിൽ; 31 ബന്ദികളുടെ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ
ഗാസയിലെ സുരക്ഷിത മേഖലകളില്‍ ഇസ്രയേൽ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു, തകര്‍ന്ന് വീടുകളും പള്ളിയും

തടവിലാക്കപ്പെട്ട ബന്ദികളുടെ അഞ്ചിലൊന്നാണ് ഇപ്പോൾ മരിച്ചവരുടെ എണ്ണം. ബന്ദികൾക്ക് മാനുഷിക പരിഗണനകൾ നൽകി സംരക്ഷിക്കുന്നതിൽ ഇസ്രയേൽ ഭരണകൂടവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പരാജയപ്പെടുന്നുവെന്ന ആരോപണങ്ങൾ ഉയർന്നു വരുകയാണ്. ഈ സാഹചര്യത്തിലാണ് 31 ബന്ദികളുടെ മരണം സംബന്ധിച്ച വാർത്ത ന്യൂയോർക്ക് ടൈംസ് പുറത്തുവിടുന്നത്.

ഇതിനു പുറമെ, ഇരുപതോളം ബന്ദികളുടെ ജീവൻ ആപത്തിലാണെന്നും ഒരുപക്ഷേ അവരും തടവിലായിരിക്കെ മരിച്ചിട്ടുണ്ടാകുമെന്ന സൂചനകളും ന്യൂയോർക്ക് ടൈംസിന്റെ വാർത്തയിൽ പരാമർശിക്കുന്നുണ്ട്. പിന്നാലെ, ഹോസ്റ്റേജ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം എന്ന സംഘടന മുഖാന്തരമാണ് 31 ബന്ദികൾ മരണപ്പെട്ടതായി സ്ഥിരീകരണമുണ്ടായത്. സൈനിക സമ്മർദത്തിലൂടെ ബന്ദികളെ മോചിപ്പിക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥർ പറയുമ്പോൾ, ഇസ്രയേൽതന്നെ നടത്തിയ ആക്രമണങ്ങളിൽ നിരവധി ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് പല തവണ വിമർശനം ഉയർത്തിയിരുന്നു.

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിൽ; 31 ബന്ദികളുടെ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ
ശിശുരോദനമായി ഗാസ; 17,000 കുട്ടികള്‍ കുടുംബവുമായി വേര്‍പിരിഞ്ഞുവെന്ന് യൂണിസെഫ്

ബന്ദികളെ മോചിപ്പിച്ചുകൊണ്ടുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ആറ് ആഴ്ച നീണ്ടുനിൽക്കുന്നതാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ഹമാസിൻ്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്നാണ് ഇസ്രയേലും അമേരിക്കയും പ്രതികരിച്ചത്. ഈജിപ്ത്, ഖത്തർ സന്ദർശനങ്ങൾക്ക് ശേഷം ഒത്തുതീർപ്പ് കരാറിനോടുള്ള ഹമാസിൻ്റെ പ്രതികരണവും ഇസ്രയേൽ - ഹമാസ് ബന്ദികളുടെ കൈമാറ്റവും ചർച്ച ചെയ്യാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇസ്രയേലിലെത്തിയിട്ടുണ്ട്.

ഖത്തറിൻ്റെയും ഈജിപ്തിൻ്റെയും മധ്യസ്ഥതയിൽ പുരോഗമിക്കുന്ന രണ്ടാമത്തെ വെടിനിർത്തൽ ചർച്ചകൾക്ക് കീഴിൽ, പലസ്തീൻ തടവുകാർക്ക് പകരമായി സ്ത്രീകൾ, രോഗികൾ, കുട്ടികൾ, വയോധികർ എന്നിവരെയാകും ആദ്യം മോചിപ്പിക്കുക. ആദ്യ ഘട്ടം വിജയിച്ചാൽ അടുത്ത ഘട്ടത്തിൽ ബന്ദികളുടെ മൃതദേഹങ്ങളും കൈമാറുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. ഏകദേശം 240-ലധികം ബന്ദികൾ ഹമാസിന്റെ പക്കലുണ്ടെന്നാണ് സൂചന. സഖ്യരാഷ്ട്രങ്ങളിൽ നിന്നും ദിനംപ്രതി ഉയർന്നു വരുന്ന സമ്മർദങ്ങളുടെ തോത് നിയന്ത്രിക്കാനുള്ള അടിയന്തര മാർഗമായാണ് അമേരിക്ക വെടിനിർത്തൽ കരാറിനെ കാണുന്നത്.

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിൽ; 31 ബന്ദികളുടെ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ
ഗാസയില്‍ അഴുകിയ മൃതദേഹങ്ങളുടെ കുഴിമാടങ്ങള്‍, ഇത് ഇസ്രയേലിന്റെ വംശഹത്യയുടെ തെളിവ്; അന്വേഷണം ആവശ്യപ്പെട്ട് പലസ്തീന്‍

നിലവിൽ തെക്കൻ ഗാസയിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം റഫാ അതിർത്തിയിലുണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലേക്കുള്ള ആക്രമണം വലിയ നഷ്ടങ്ങൾ ഉണ്ടാകുമെന്നതിനാൽ എങ്ങനെയും കൂട്ട മരണങ്ങൾ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു.

ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് 27,585 പേരാണ് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഗാസയിൽ കൊല്ലപ്പെട്ടത്. 66,978 പേർക്ക് പരുക്കേറ്റു.

logo
The Fourth
www.thefourthnews.in