രണ്ടുദിവസം നീണ്ട ഇസ്രയേൽ ആക്രമണങ്ങളില്‍ അയവ്, 
പലസ്തീനിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് സൈന്യം പിന്‍വാങ്ങി

രണ്ടുദിവസം നീണ്ട ഇസ്രയേൽ ആക്രമണങ്ങളില്‍ അയവ്, പലസ്തീനിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് സൈന്യം പിന്‍വാങ്ങി

തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു പതിനൊന്നായിരത്തിലധികം അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ജെനിനിൽ 'ഓപ്പറേഷൻ ഹോം ആൻഡ് ഗാർഡൻ' എന്ന സൈനിക നടപടി ഇസ്രയേൽ സേന ആരംഭിച്ചത്

രണ്ടുദിവസം നീണ്ടുനിന്ന സൈനികാക്രമണങ്ങൾക്കൊടുവിൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പായ ജെനിനിൽ നിന്ന് പിന്‍വാങ്ങി ഇസ്രയേൽ. ഡ്രോണുകളും രണ്ടായിരത്തോളം സൈനികരും കവചിത ബുൾഡോസറുകളും ഉൾപ്പെടെ വിന്യസിച്ച് നടത്തിയ വലിയ ഓപ്പറേഷനിൽ 12 പലസ്തീനികളും ഒരു ഇസ്രയേൽ പട്ടാളക്കാരനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു പതിനൊന്നായിരത്തിലധികം അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ജെനിനിൽ 'ഓപ്പറേഷൻ ഹോം ആൻഡ് ഗാർഡൻ' എന്ന സൈനിക നടപടി ഇസ്രയേൽ സേന ആരംഭിച്ചത്.

കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായി പലസ്തീൻ അധികൃതർ അറിയിച്ചതായി ഐക്യരാഷ്ട്ര സഭയുടെ മാനുഷിക കാര്യാലയ വക്താവ് കഴിഞ്ഞ ദിവസം ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇസ്രയേൽ സൈന്യം വ്യോമ-കര മാർഗങ്ങൾ വഴി വെസ്റ്റ് ബാങ്കിൽ തുടരുന്ന ആക്രമണത്തിൽ ആശങ്കാകുലരാണ്. പ്രത്യേകിച്ചും അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നടത്തുന്ന വ്യോമാക്രമണങ്ങളിലെന്ന് വക്താവ് പറഞ്ഞു.

കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ അക്രമണത്തിനാണ് കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കും ജെനിൻ ക്യാമ്പും സാക്ഷ്യം വഹിച്ചത്. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് മൂവായിരത്തോളം പേർ വീടുവിട്ട് മറ്റിടങ്ങളിലേക്ക് മാറിയതായി അധികൃതർ അറിയിച്ചിരുന്നു. ക്യാമ്പിലെ കെട്ടിടങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിച്ചും തെരുവോരങ്ങളിലെ വീടുകളും കാറുകളും ബുൾഡോസറുകൾ ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. അതേസമയം, ഇസ്രയേലിന് നേരെയും കഴിഞ്ഞ ദിവസം റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല.

ആക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ ശ്രമിച്ച പലസ്തീൻ ആംബുലൻസുകൾ പോലും ക്യാമ്പുകളിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ അനുവദിച്ചില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 140 പലസ്തീൻ പൗരന്മാർക്ക് പരുക്കേറ്റുവെന്നും അതിൽ 30 പേരുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു.

രണ്ടുദിവസം നീണ്ട ഇസ്രയേൽ ആക്രമണങ്ങളില്‍ അയവ്, 
പലസ്തീനിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് സൈന്യം പിന്‍വാങ്ങി
രണ്ടാം ഇൻതിഫാദയുടെ ഓർമകൾ അവശേഷിക്കുന്ന പലസ്തീനിലെ ജെനിൻ ക്യാമ്പ്; ഏറ്റുമുട്ടൽ നിലയ്ക്കാതെ വെസ്റ്റ്ബാങ്ക്

ഇസ്രയേൽ രൂപീകരണത്തിൽ അഭയം നഷ്ടപ്പെട്ട പലസ്തീനികൾക്കായി 1950ൽ വെസ്റ്റ് ബാങ്കിൽ സ്ഥാപിച്ചതാണ് ജെനിൻ അഭയാർത്ഥി ക്യാമ്പ്. കഴിഞ്ഞ 55 വർഷങ്ങളായി ഇസ്രയേലി കുടിയേറ്റ അധിനിവേശത്തിനെതിരായ (Settler Colonialism) പലസ്തീൻ പ്രതിരോധത്തിന്റെ കേന്ദ്രം കൂടിയായ ഈ മേഖലയിൽ പട്ടിണി, കുറ്റകൃത്യം, തൊഴിലില്ലായ്മ എന്നിവയുടെ നിരക്കും വളരെ കൂടുതലാണ്. ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഇസ്രയേൽ പൗരന്മാർക്കെതിരെ നടന്ന അൻപതോളം വെടിവയ്പുകളുടെ പ്രഭവകേന്ദ്രം ജെനിനാണ്.

logo
The Fourth
www.thefourthnews.in