സിറിയയില്‍ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ മിസൈലാക്രമണം;  15 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ മിസൈലാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

നിരവധി വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം

സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഞായറാഴ്ച പുലര്‍ച്ചെയോടെ ഉണ്ടായ മിസൈലാക്രമണം. രാജ്യത്തെ നടുക്കിയ ഭൂകമ്പത്തിന്റെ കെടുതികളില്‍ നിന്ന് കരകയറുന്നതിനിടെയാണ് മേഖലയില്‍ വീണ്ടും മിസൈലാക്രമണം നടന്നത്. ഇന്റലിജന്‍സ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ കാഫ്ര്‍ സൗസയിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ദമാസ്‌കസിന്റെ വിവിധ ജനവാസ മേഖലകളില്‍ ശത്രുക്കള്‍ മിസൈലാക്രമണം നടത്തി. 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്'. സിറിയന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രാദേശിക സമയം 12.30 ന് ദമാസ്‌കസിന്റെ പല മേഖലകളിലും വലിയ സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

10 നില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കെട്ടിടം തകരുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടു. അടുത്തിടെയായി ദമാസ്‌കസിനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യം വച്ച് ഇസ്രയേല്‍ മിസൈലാക്രമണം പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ജനവാസ മേഖലകള്‍ക്ക് നേരെ അപൂര്‍വമായി മാത്രമേ ആക്രമണം ഉണ്ടാകാറുള്ളൂ.

logo
The Fourth
www.thefourthnews.in