ഇസ്രയേൽ - പലസ്തീൻ സംഘര്‍ഷം: രക്തരൂക്ഷിതമായ ഏഴരപ്പതിറ്റാണ്ട്

ഇസ്രയേൽ - പലസ്തീൻ സംഘര്‍ഷം: രക്തരൂക്ഷിതമായ ഏഴരപ്പതിറ്റാണ്ട്

ഇത് അവസാനത്തെ പോരാട്ടമായാണ് പലസ്തീൻ കാണുന്നത്. വെസ്റ്റ് ബാങ്കിലെ മുഴുവൻ പേരെയും ഒരുമിപ്പിച്ച് പോരാടാനുള്ള ഉദ്ദേശത്തിലാണ് ഹമാസ്

വിഭജനം, അധിനിവേശം, ആക്രമണം, ചെറുത്തുനില്‍പ്പ്, ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്ക് ഏഴര പതിറ്റാണ്ടിന്റ പഴക്കമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ സംഭവമാണ് ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസും ഇസ്രയേലും തമ്മില്‍ യുദ്ധത്തില്‍ എത്തിനില്‍ക്കുന്ന പുതിയ സാഹചര്യം.

ഗാസയിൽ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലിന്റെ പ്രദേശത്തേക്ക് പതിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ ആകെ ആശങ്കയ്ക്ക് വഴി തുറന്നുകൊണ്ടുള്ള യുദ്ധകാഹളം. ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയെന്നാണ് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇസ്രായേല്‍ തിരിച്ചടിച്ചു. ഹമാസും - ഇസ്രയേലും യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്തു. സംഘര്‍ഷങ്ങളില്‍ ഇതിനോടകം നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ലോകരാഷ്ട്രങ്ങളുള്‍പ്പെടെ ആക്രമണങ്ങളെ ഇതിനോടകം അപലപിക്കുകയും ചെയ്തിട്ടുണ്ട്.

പലസ്തീനിയൻ സായുധ സംഘം ഹമാസ് റോക്കറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. അധിനിവേശത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ ക്രൂരതകൾക്കും അന്ത്യം കുറിക്കാൻ തങ്ങൾ തീരുമാനിച്ചെന്നും ഹമാസ് സേന അറിയിച്ചു. ഓപ്പറേഷൻ 'അൽ അഖ്‌സ ഫ്ലഡ്' പ്രഖ്യാപിച്ച് 20 മിനിറ്റുകൾക്കുള്ളിൽ 5000 റോക്കറ്റുകൾ വിക്ഷേപിച്ചെന്നാണ് ഹമാസ് അവകാശപ്പെട്ടത്.

1967ൽ അറബ്-ഇസ്രയേലി പ്രശ്നങ്ങള്‍ ആരംഭിച്ചതിനു ശേഷം ഇസ്രയേലിന്റെ കൈവശമുള്ള വെസ്റ്റ് ബാങ്ക് പരിസരത്ത് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായത് ഇപ്പോഴാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രയേൽ - പലസ്തീൻ സംഘര്‍ഷം: രക്തരൂക്ഷിതമായ ഏഴരപ്പതിറ്റാണ്ട്
'അധിനിവേശം അവസാനിപ്പിക്കും'; യുദ്ധം പ്രഖ്യാപിച്ച് ഹമാസ്, തയാറെന്ന് ഇസ്രയേല്‍

ഇസ്രയേൽ പലസ്തീൻ പ്രശ്നങ്ങളുടെ ചരിത്രം

ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം തകർന്നതോടെ ജൂതരും അറബികളും താമസിച്ചിരുന്ന പലസ്തീൻ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടന്‍ അവിടം ജൂത പൈതൃക ഭൂമിയാക്കി മാറ്റി. അതോടുകൂടി രണ്ടു വിഭാഗവും തമ്മിലുള്ള പോര് ശക്തമായി. 1920-40 കാലഘട്ടത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ കാലത്തായിരുന്നു (ഹോളോകോസ്റ്റ്) പലസ്തീനിലേക്ക് വലിയ തോതിലുള്ള ജൂത കുടിയേറ്റത്തിന് സാക്ഷ്യം വഹിച്ചത്. പിന്നാലെ, ഭൂപ്രദേശത്ത് ജൂതരും അറബികളും തമ്മിലുള്ള തർക്കം രൂക്ഷമായി.

യുഎന്‍ ഇടപെടല്‍

1947 ൽ പലസ്തീനെ രണ്ടായി മുറിക്കാൻ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ജൂതർക്കും അറബികൾക്കും വ്യത്യസ്ത രാജ്യം എന്നതായിരുന്നു ആശയം. അതേസമയം ജൂത - അറബ് - ക്രിസ്ത്യന്‍ വിശ്വാസങ്ങളുടെ വാഗ്ദത്ത ഭൂമിയായ ജെറുസലേം രണ്ട് വിഭാഗത്തിനൊപ്പവുമല്ലാതെ സ്വതന്ത്രമായി നിലകൊള്ളും എന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ജൂതനേതൃത്വം ഈ നീക്കത്തിൽ പൂർണ്ണ തൃപ്തരായിരുന്നു. എന്നാല്‍ അറബികൾ ഇതിനെ എതിർത്തു. അതുകൊണ്ട് തന്നെ ഇതുവരെ അത് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ആധുനിക ചരിത്രത്തിലെ ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് ഇതോടെ തുടക്കമാവുകയായിരുന്നു.

1948 ൽ ബ്രിട്ടീഷുകാർ പലസ്തീൻ വിട്ടു. അതോടെ ജൂതർ ഇസ്രായേൽ എന്ന രാജ്യം രൂപീകരിച്ചു. പലസ്തീനികൾക്ക് യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. ഒടുവിൽ ആയിരക്കണക്കിന് പലസ്തീനികൾക്ക് അവരുടെ സ്വന്തം മണ്ണ് നഷ്ടപ്പെട്ട് വീടു വിട്ടിറങ്ങേണ്ടിവന്നു.

സമാധാനമില്ലാത്ത കാലം

1948ന് ശേഷം പലസ്തീനും ഇസ്രയേലും പരസ്പരം നിരവധി തവണ പോരടിക്കുന്ന അവസ്ഥയുണ്ടായി. ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിനിടെയാണ് പാലസ്തീന്‍ വിമോചന സ്വപ്നങ്ങളുമായി ഹമാസ് എന്ന സായുധ സംഘടനയും കളം നിറയുന്നത്. പലസ്തീനിയൻ ക്ലറിക്ക് ഷെയ്ഖ് അഹമ്മദ് യാസിൻ, മുസ്ലിം ബ്രദർഹുഡ് എന്ന സുന്നി ഇസ്ലാമിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ സംഘമായി 1987ലാണ് രൂപീകരിക്കപ്പെടുന്നത്. സേവന പ്രവർത്തനങ്ങൾക്കുള്ള ഒരു സംഘടനയിൽ നിന്ന് സായുധ പോരാട്ടം തുടങ്ങിയ ഹരാകത് അൽ മുഖവാമ അൽ ഇസ്ലാമിയ എന്ന ഹമാസ് സേനാബലമുള്ള ഒരു രാഷ്ട്രീയ സംഘമായി മാറുകയായിരുന്നു.

ഇതിന് പിന്നാലെ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കൈവിട്ട് പോകാവുന്ന ഒരു സംഘര്‍ഷ ഭൂമിയായി ഗാസ പശ്ചിമേഷ്യയുടെ നീറുന്ന മുറിവായിമാറി. രണ്ട് പ്രധാനപ്പെട്ട ഏറ്റുമുട്ടലുകൾക്കാണ് പലസ്തീനും ഇസ്രയേലും സാക്ഷ്യം വഹിച്ചത്. 1990ൽ അവസാനിച്ച രണ്ടാമത്തേതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നത്. ഏറ്റുമുട്ടലുകൾക്ക് ഇന്റിഫഡാസ് എന്നാണ് പറഞ്ഞിരുന്നത്. രണ്ടു തവണത്തേയും ഏറ്റുമുട്ടലുകളിൽ ഹമാസ് പങ്കാളികളായിരുന്നു.

2000 ജൂലൈ 11ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ക്യാമ്പ് ഡേവിഡ് ഉച്ചകോടി വിളിച്ച് ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ഏഹ്ദ് ബാരക്കും പലസ്തീനിയൻ ചെയർമാൻ യാസിർ അറഫാത്തിനെയും ഒരുമിച്ചിരുത്തി ഒരു അവസാനവട്ട മധ്യസ്ഥശ്രമമായിരുന്നു അത്. പക്ഷെ പരാജയപ്പെട്ടു.

ഇസ്രയേൽ - പലസ്തീൻ സംഘര്‍ഷം: രക്തരൂക്ഷിതമായ ഏഴരപ്പതിറ്റാണ്ട്
എതിർശബ്ദങ്ങളെ ഭരണകൂടം നിശബ്ദമാക്കുന്നു; ഇന്റർനെറ്റ് സെൻസർഷിപ്പ് ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് അന്താരാഷ്ട്ര ഏജൻസി

ഇത് അവസാനത്തെ പോരാട്ടമോ?

‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ ദൗത്യം എന്നായിരുന്നു ആക്രമണങ്ങളെ ഹമാസ് വിശേഷിപ്പിച്ചത്. ഇത് അവസാനത്തെ പോരാട്ടം എന്ന നിലയിയിലാണ് പലസ്തീൻ പക്ഷം നടപടിയെ കാണുന്നത്. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അനുകൂലികളായ മുഴുവൻ പേരെയും ഒരുമിപ്പിച്ച് പോരാടാനുള്ള ആഹ്വാനമാണ് ഹമാസ് നല്‍കുന്നത്. ജെറുസലേമിലും, ഗാസയിലും, വെസ്റ്റ് ബാങ്കിലുമാണ് പ്രധാനമായും ഹമാസിന്റെ സേനാംഗങ്ങൾ തമ്പടിച്ചിരിക്കുന്നത്.

ഹമാസിന് ആയുധങ്ങൾ ലഭിക്കാതിരിക്കാൻ എല്ലാവഴികളും തടയുക എന്ന ഉദ്ദേശത്തിലാണ് ഇസ്രയേലും ഈജിപ്തും. പ്രത്യേകിച്ച് ഗാസ ബോർഡറിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ കാരണം ആളുകൾക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത അവസ്ഥയാണ്. ഗാസ ബോർഡറുകൾ അടച്ചതും വെസ്റ്റ് ബാങ്കിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളും പലസ്തീനിലെ വീടുകൾ തകർക്കപ്പെട്ടതും ആളുകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. എന്നാൽ പലസ്തീനിയൻ അക്രമങ്ങളെ ചെറുക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ഇസ്രയേൽ പറയുന്നത്.

logo
The Fourth
www.thefourthnews.in