ഇസ്രയേൽ-പലസ്തീൻ ആക്രമണം; ഇരുരാജ്യങ്ങളും കൂടുതൽ മോശം സ്ഥിതിയിലേക്ക്; സമാധാനശ്രമങ്ങൾക്ക്  മധ്യസ്ഥത വഹിക്കാൻ ഖത്തർ

ഇസ്രയേൽ-പലസ്തീൻ ആക്രമണം; ഇരുരാജ്യങ്ങളും കൂടുതൽ മോശം സ്ഥിതിയിലേക്ക്; സമാധാനശ്രമങ്ങൾക്ക് മധ്യസ്ഥത വഹിക്കാൻ ഖത്തർ

പലസ്തീന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണം അതിക്രൂരമായ ക്രിമിനൽ നടപടിയെന്ന് ഖത്തർ

ഇസ്രയേൽ -പലസ്തീൻ ആക്രമണം രൂക്ഷമാകുന്നതിനിടെ സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥതയ്ക്കൊരുങ്ങി ഖത്തർ. പലസ്തീനിൽ വിശ്വാസികളുമായി ഏറ്റുമുട്ടി അൽ-അഖ്‌സയിൽ കടന്നുകയറി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെയും ഖത്തർ അപലപിച്ചു. ഇസ്രയേലിന്റേത് അതിക്രൂരമായ ക്രിമിനൽ നടപടിയാണെന്നും ഖത്തർ വിമർശിച്ചു. ആക്രമണത്തിന്റെ ആഘാതം കൂടി വരികയാണെന്നും ഇരുരാജ്യങ്ങളും മോശം സ്ഥിതിയിലേക്ക് പോകുകയാണെന്നും ഖത്തർ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തെക്കൻ ലെബനനിലെയും ഗാസയിലെയും നിരവധി വീടുകളും കുട്ടികളുടെ ആശുപത്രിയും അടക്കം ഇസ്രയേൽ ആക്രമിച്ചത് വീണ്ടും സംഘർഷമുണ്ടാക്കാനുള്ള സാധ്യത കൂട്ടിയെന്നും ഖത്തർ ചൂണ്ടിക്കാട്ടി. അതേസമയം ഇസ്രയേൽ- പലസ്തീൻ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങളും രംഗത്തെത്തി. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു. ദേശീയതയുടെ പേരിൽ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് മനഃസാക്ഷിക്ക് വിരുദ്ധമാണെന്ന് ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്ക വ്യക്തമാക്കി. ഇതിന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കും ലെബനനിലെ ക്രമസമാധാനം നിലനിർത്തുന്നതിനും ഫ്രാൻസും പിന്തുണ അറിയിച്ചു.

ദേശീയതയുടെ പേരിൽ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് മനസ്സാക്ഷിക്ക് വിരുദ്ധം; അമേരിക്ക

കഴിഞ്ഞദിവസം ഇസ്രയേൽ തലസ്ഥാനമായ ടെൽഅവീവിലും വെസ്റ്റ് ബാങ്കിലും നടന്ന ആക്രമണത്തിൽ വിനോദസഞ്ചാരി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. ജനക്കൂട്ടത്തിന് നേരെ കാർ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.ടെൽ അവീവിൽ നടന്നത് ഭീകരാക്രമണമാണെന്നും ഹമാസ് ചാവേറാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം ഒഴിവാക്കുന്നതിനായി സമവായ ചർച്ചകൾ നടക്കുന്നതിനിടെ അൽ-അഖ്‌സ പള്ളിയിലേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറി പലസ്തീൻകാരുമായി ഏറ്റുമുട്ടിയതാണ് നിലവിലെ സംഘർഷങ്ങളുടെ തുടക്കം. തുടർന്ന് ഇസ്രയേലിലേക്ക് പലസ്തീൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ തെക്കൻ ലെബനനേയും ഗാസയേയും ലക്ഷ്യമിട്ട് ഇസ്രയേൽ തിരിച്ചടിച്ചു. പലസ്‌തീന് നേരെ കടുത്ത വ്യോമാക്രമണങ്ങൾ അഴിച്ചുവിട്ടു. ഹമാസിനെയും തെക്കൻ ലെബനനിലെ പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.

2006ൽ ലെബനനില്‍ ഹിസ്ബുള്ളയുമായുണ്ടായ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് അതിർത്തി കടന്ന് ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തുന്നത്

ലെബനനിലും ഗാസയിലും ഇസ്രയേൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് വെസ്റ്റ്ബാങ്കിൽ വെടിവെപ്പുണ്ടായത്. ഈ ആക്രമണത്തിൽ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2006ൽ ലെബനനില്‍ ഹിസ്ബുള്ളയുമായുണ്ടായ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അതിർത്തി കടന്ന് ഇസ്രയേൽ ഇത്രയും കടുത്ത വ്യോമാക്രമണം നടത്തുന്നത്. ജൂതരുടെയും മുസ്ലിങ്ങളുടെയും പുണ്യദിവസങ്ങളിൽ ഏറ്റുമുട്ടലുണ്ടായതിനാൽ പ്രത്യാഘാതം വലുതാവാനും സാധ്യത കൂടുതലാണ്. ഇസ്രയേൽ വ്യോമാക്രമണത്തിൽ നിന്നും പിന്മാറാത്ത പക്ഷം മിസൈൽ ആക്രമണം തുടരുമെന്നും മറിച്ചാണ് സ്ഥിതിയെങ്കിൽ വെടിവയ്പ്പ് നിർത്തുമെന്നും ഹമാസും ഇസ്ലാമിക് ജിഹാദും ഈജിപ്തിനെ അറിയിച്ചു

logo
The Fourth
www.thefourthnews.in