ഭക്ഷ്യക്ഷാമത്തിനിടെ ഐക്യരാഷ്ട്ര സഭ സംഘടനയുടെ സഹായവിതരണത്തിന് അനുമതി നിഷേധിച്ച് ഇസ്രയേൽ

ഭക്ഷ്യക്ഷാമത്തിനിടെ ഐക്യരാഷ്ട്ര സഭ സംഘടനയുടെ സഹായവിതരണത്തിന് അനുമതി നിഷേധിച്ച് ഇസ്രയേൽ

വടക്കൻ ഗാസയിലേക്ക് സഹായമെത്തിക്കാൻ യുഎൻആർഡബ്ള്യുഎയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി സംഘടനയുടെ മേധാവി ഫിലിപ്പ് ലസാരിനിയാണ് ഞായറാഴ്ച അറിയിച്ചത്

ഗാസയിലെ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിനിടെ, പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസിയുടെ (യുഎൻആർഡബ്ള്യുഎ) സഹായവിതരണത്തിന് അനുമതി നിഷേധിച്ച് ഇസ്രയേൽ. അടിയന്തരമായി ഇടപെടൽ നടത്തിയില്ലെങ്കിൽ മെയ് മാസത്തോടെ ക്ഷാമം ഉണ്ടായേക്കുമെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് ഇസ്രയേൽ നടപടി. വടക്കൻ ഗാസയിലേക്ക് സഹായമെത്തിക്കാൻ യുഎൻആർഡബ്ള്യുഎയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി സംഘടനയുടെ മേധാവി ഫിലിപ്പ് ലസാരിനിയാണ് ഞായറാഴ്ച അറിയിച്ചത്.

"യുഎൻആർഡബ്ള്യുഎയുടെ ഭക്ഷണ വാഹനവ്യൂഹങ്ങൾക്ക് ഇനി അംഗീകാരം നൽകില്ലെന്ന് ഇസ്രയേലി അധികൃതർ യുഎന്നിനെ അറിയിച്ചു,” ഫിലിപ്പ് ലസാരിനി എക്‌സിൽ കുറിച്ചു. ഈ നടപടി അതിരുകടന്നതാണെന്നും മനുഷ്യനിർമിതിയായ ക്ഷാമത്തിൽനിന്ന് ജീവനുകൾ രക്ഷിക്കാനുള്ള നീക്കത്തെ മനഃപൂർവം തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇസ്രയേൽ ഇതുവരെയും സംഭവത്തോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇസ്രയേലി സൈനിക ഉദ്യോഗസ്ഥർ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്നാണ് വിവരം. കഴിഞ്ഞയാഴ്ച രണ്ടുതവണ വടക്കൻ ഗാസയിലേക്കുള്ള ഭക്ഷ്യ സഹായ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു. പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തുന്നത്.

ഒക്‌ടോബർ ഏഴിലെ സബ്ബത്ത് ആക്രമണത്തെ തുടർന്ന് ഗാസയിൽ ഇസ്രയേൽ ആരംഭിച്ച മാരകമായ ആക്രമണം അഞ്ചുമാസം പിന്നിട്ടു. 23 ലക്ഷം മനുഷ്യർ താമസിച്ചിരുന്ന മുനമ്പിലെ 95 ശതമാനത്തിലധികം പേരും ആഭ്യന്തര പലായനത്തിന് വിധേയരായിരുന്നു. ആശുപത്രി സംവിധാനങ്ങൾ, വൈദ്യുതി, കുടിവെള്ളം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളൊന്നും വേണ്ടവിധം ലഭിക്കാതെയാണ് ഗാസയിലെ മനുഷ്യർ കഴിയുന്നത്. അതിനെല്ലാം പുറമെ സഹായവിതരണവും ഇസ്രയേൽ സൈന്യം തടസപ്പെടുത്തുകയാണ്.

അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ മേയ് മാസത്തോടെ ഗാസയുടെ വടക്ക് ഭാഗത്ത് ക്ഷാമം ഉണ്ടാകുമെന്ന് യുഎൻ പിന്തുണയുള്ള ഭക്ഷ്യ സുരക്ഷാ സംഘം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 29ന് ശേഷം ഇതുവരെ വടക്കൻ ഗാസയിലേക്ക് ഭക്ഷണം എത്തിക്കാൻ യുഎൻആർഡബ്‌ള്യുഎയ്ക്കും കഴിഞ്ഞിട്ടില്ല. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ യുഎൻആർഡബ്‌ള്യുഎ അംഗങ്ങൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇസ്രയേലും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളും സംഘടനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

യുഎൻആർഡബ്ള്യുഎ യുടെ പ്രവർത്തനം തടഞ്ഞത്ത് പട്ടിണി കിടക്കുന്ന ആളുകളുടെ അതിജീവനത്തിനുള്ള സാഹചര്യങ്ങളെ തടയുന്ന നടപടിയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 32,226 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

logo
The Fourth
www.thefourthnews.in