വീണ്ടും കുരുതിക്കളമായി ഗാസ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 184 പേര്‍, ഇസ്രയേലിന്റെ ഉദ്ദേശ്യമെന്ത്?

വീണ്ടും കുരുതിക്കളമായി ഗാസ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 184 പേര്‍, ഇസ്രയേലിന്റെ ഉദ്ദേശ്യമെന്ത്?

ആക്രമണം പുനരാംരംഭിച്ചതിന് പിന്നാലെ റഫാ അതിര്‍ത്തി വഴിയുള്ള സഹായ വിതരണങ്ങളുടെ കടന്നുവരവ് നിലച്ചതായി യുഎന്‍ അറിയിച്ചു

ഇസ്രയേല്‍ -ഹമാസ് താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിച്ചതിന് പിന്നാലെ വീണ്ടും കുരുതിക്കളമായി ഗാസ. ഗാസയിലെ ഏഴ് ദിവസം നീണ്ട വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി വെള്ളിയാഴ്ച രാവിലെയോടെയാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ നടപടി. പിന്നാലെ ഗാസയിലെ വിവിധ ഇടങ്ങളില്‍ ഏറ്റുമുട്ടലുകളും വ്യോമാക്രമണങ്ങളും അരങ്ങേറി.

ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷമുണ്ടായ ആക്രമണത്തില്‍ ഇന്നലെ മാത്രം 184ല്‍ അധികം പേർ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നത്. ആക്രമണം പുനരാംരംഭിച്ചതിന് പിന്നാലെ റഫാ അതിര്‍ത്തി വഴിയുള്ള സഹായ വിതരണങ്ങളുടെ കടന്നുവരവ് നിലച്ചതായി യുഎന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ ഗാസയിലെ ജനജീവിതം വീണ്ടും കടുത്ത ദുരത്തിലേക്ക് തള്ളപ്പെടുമെന്നാണ് വിലയിരുത്തല്‍.

വെടിനിര്‍ത്തല്‍ നിലനിന്ന ഏഴ് ദിവസങ്ങളില്‍ ഗാസയില്‍ ഹമാസ് ബന്ദികളാക്കി വച്ചിരുന്ന 110 പേരാണ് മോചിക്കപ്പെട്ടത്

വടക്ക്-പടിഞ്ഞാറന്‍ ഗാസ, തെക്കന്‍ ഖാന്‍ യൂനിസ് മേഖലകളിലായിരുന്നു ഇന്നലെ പ്രധാനമായും ആക്രമണം നടന്നത്. അല്‍- നസര്‍ ആശുപത്രിക്ക് സമീപമുള്ള വീടുകളും ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തു. അതേസമയം, ഹമാസ് ഉള്‍പ്പെടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകൾ തിരിച്ചടിയെന്നോണം ഇസ്രയേലിന് നേരെ റോക്കറ്റുകള്‍ തൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവയെ ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രതിരോധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തുകൊണ്ട് വെടിനിര്‍ത്തല്‍ പിന്‍വലിച്ചു?

ഹമാസ് കരാര്‍ ലംഘിച്ചുവെന്നാണ് വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ ഇസ്രയേല്‍ ഉന്നയിച്ച പ്രധാന കാരണം. ഇതിന് പിന്നാലെ ഹമാസിനെ കുറ്റപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. വെടിനിര്‍ത്തല്‍ കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ ഹമാസ് പാലിച്ചില്ലെന്നും നെതന്യാഹു പറഞ്ഞിരുന്നു.

ബന്ദികളാക്കപ്പെട്ട എല്ലാ വനിതകളെയും മോചിപ്പിക്കാന്‍ ഹമാസ് തയാറായില്ല. ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായാതായും ഇസ്രയേൽ ആരോപിക്കുന്നു. എന്നാല്‍ വെടിനിര്‍ത്തലില്‍നിന്നും പിന്നോട്ട് പോയ ഇസ്രയേല്‍ നടപടിയെ ഹമാസ് വിമര്‍ശിച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള എല്ലാ ഉപാധികളും തങ്ങള്‍ അംഗീകരിച്ചിരുന്നതായും ഹമാസ് പ്രതികരിച്ചു.

98,000ത്തില്‍ അധികം കെട്ടിടങ്ങള്‍ ഇതിനോടകം തകര്‍ത്തു. വടക്കന്‍ ഗാസ ഭൂരിഭാഗവും തകര്‍ന്നടിഞ്ഞ നിലയിലാണ്.

അതേസമയം, ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാരുടെ സമ്മര്‍ദമാണ് വെടിനിര്‍ത്തല്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്ന മുറയ്ക്ക് യുദ്ധം പുനഃരാരംഭിക്കുമെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന സമവായ നീക്കങ്ങളാണ് സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ മുന്നിലുള്ള ഏക പ്രതീക്ഷ.

ഗാസയിലെ നിലവിലെ സാഹചര്യങ്ങള്‍

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം ആരംഭിച്ച് 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഏകദേശം 15,000 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം മരണം 184. ബോംബിങ് വീണ്ടും ആരംഭിച്ചതോടെ ഗാസയിലെ സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് യുഎന്‍ തന്നെ വ്യക്തമാക്കുന്നത്. യുനിസെഫ് മേധാവി ജെയിംസ് എല്‍ഡറും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

''ഗാസയില്‍ ജനജീവിതം ദുസ്സഹമാണ്. ജനങ്ങളുടെ കണ്ണുകളില്‍ ഭീതി നിറഞ്ഞിരിക്കുന്നു,'' യുനിസെഫ് മേധാവി ചൂണ്ടിക്കാട്ടുന്നു. ഗാസയ്ക്ക് മേല്‍ ഇതുവരെ പതിനായിരത്തിലധികം ബോംബുകളും മിസൈലുകളും ഉപയോഗിച്ച് കഴിഞ്ഞെന്നാണ് ഇസ്രയേല്‍ തന്നെ വ്യക്തമാക്കുന്നത്. 98,000ത്തില്‍ അധികം കെട്ടിടങ്ങള്‍ തകര്‍ത്തു. വടക്കന്‍ ഗാസ ഭൂരിഭാഗവും തകര്‍ന്നടിഞ്ഞ നിലയിലാണ്. ആക്രമണങ്ങള്‍ ദുരിതാശ്വാസ സഹായങ്ങളെയും രൂക്ഷമായി ബാധിച്ചുകഴിഞ്ഞു.

ഗാസയില്‍ ഇനിയെന്ത്?

ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടക്കുന്ന സമവായ ചര്‍ച്ചകളാണ് പ്രതീക്ഷകള്‍ നല്‍കുന്ന ചുവടുവെപ്പ്. എന്നാല്‍ നേരത്തെ വടക്കന്‍ ഗാസ കേന്ദ്രീകരിച്ച് നടന്നിരുന്ന സൈനിക നീക്കം തെക്കന്‍ ഗാസയിലേക്കും നീളുമെന്ന സൂചനയാണ് വെടിനിര്‍ത്തലിനുശേഷമുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ നല്‍കുന്നത്.

വെടിനിര്‍ത്തല്‍ നിലനിന്ന ഒരാഴ്ചയ്ക്കിടെ ഇസ്രയേല്‍ ആക്രമണ പദ്ധയിലും മാറ്റം വരുത്തിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഗാസയെ രണ്ടായിരത്തോളം വരുന്ന സോണുകളായി തിരിച്ചാണ് ഇസ്രയേല്‍ സൈനിക നീക്കം വ്യാപിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് പ്രദേശത്തുള്ളവരോട് റഫയിലെ ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടുള്ള ലഘുലേഖകളും ഇസ്രയേല്‍ സൈന്യം വിമാനങ്ങളില്‍നിന്ന് മേഖലയില്‍ നിക്ഷേപിച്ചിരുന്നു.

അതേസമയം, ഗാസയില്‍ വീണ്ടും ആക്രമണങ്ങള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ പരിഗണിച്ചായിരിക്കും ഇനി സൈനിക നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വെടിനിര്‍ത്തല്‍ ദിവസങ്ങളില്‍ സംഭവിച്ചത്

വെടിനിര്‍ത്തല്‍ നിലനിന്ന ഏഴ് ദിവസങ്ങളില്‍ ഗാസയില്‍ ഹമാസ് ബന്ദികളാക്കി വച്ചിരുന്ന 110 പേരാണ് മോചിക്കപ്പെട്ടത്. ഇതില്‍ 78 പേര്‍ ഇസ്രയേലി സ്ത്രീകളും കുട്ടികളുമായിരുന്നു. ഇതിനുപകരമായി 240 പലസ്തീനികളും ഇസ്രയേല്‍ ജയിലില്‍നിന്ന് മോചിപ്പിക്കപ്പെട്ടു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം ഹമാസ് ബന്ദികളാക്കിയ 140 ഇസ്രയേലികളെങ്കിലും ഗാസയിലുണ്ടാകുമെന്നാണ് കണക്കുകള്‍.

logo
The Fourth
www.thefourthnews.in