കടുപ്പിച്ച് അമേരിക്ക; ഗാസയിലേക്ക് ദിവസവും രണ്ട് ട്രക്ക് ഇന്ധനം അനുവദിച്ച് ഇസ്രയേൽ

കടുപ്പിച്ച് അമേരിക്ക; ഗാസയിലേക്ക് ദിവസവും രണ്ട് ട്രക്ക് ഇന്ധനം അനുവദിച്ച് ഇസ്രയേൽ

ഗാസയിൽ ആശയവിനിമയം പൂർണമായും തടസപ്പെട്ടതോടെ ഭക്ഷണത്തിനായും മറ്റ് അടിസ്ഥന ആവശ്യങ്ങൾക്കുമായി വലയുകയാണ് പലസ്തീനികൾ

യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗാസയിലേക്ക് ഓരോ രണ്ട് ദിവസവും രണ്ട് ട്രക്ക് ഇന്ധനം അനുവദിച്ച് ഇസ്രയേൽ. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഏകദേശം 140,000 ലിറ്റർ ഇന്ധനം ഗാസയിലേക്ക് ഇസ്രയേൽ അനുവദിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ നിന്നുള്ള സമ്മർദ്ദമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇന്ധനത്തിന്റെ അഭാവം കാരണം ഗാസയിലേക്കുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് നിറുത്താൻ ഐക്യരാഷ്ട്രസഭ നിർബന്ധിതരായിരുന്നു. അനുവദിച്ചിട്ടുള്ള ട്രക്കുകളിൽ ഭൂരിഭാഗവും ഗാസയിലേക്ക് അടിസ്ഥാന സഹായങ്ങൾ എത്തിക്കുന്നതിനായിരിക്കും ലക്ഷ്യമിടുന്നതെന്നും ബാകിയുള്ളവ ഇന്ധനക്ഷാമം മൂലം വിച്ഛേദിക്കപ്പെട്ട മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കുമെന്നുമാണ് അമേരിക്കയിൽ നിന്നുള്ള ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചിട്ടുള്ള വിവരം.

മൂന്ന് ദിവസം മുൻപാണ് യുദ്ധത്തിനിടെ ആദ്യമായി ഗാസയിലേക്ക് ഇന്ധന ടാങ്കർ കടക്കാൻ ഇസ്രയേൽ അനുമതി നൽകുന്നത്. എന്നാൽ, യുഎൻ പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രമായിരുന്നു അന്ന് ഇന്ധന ടാങ്കറുകൾ ഗാസയിലേക്ക് അനുവദിച്ചത്. ആഴ്ചകൾക്ക് മുൻപുതന്നെ ഇന്ധന ടാങ്കറുകൾ ഗാസയിലേക്ക് എത്തിക്കുന്നതിനുള്ള കരാർ ഇസ്രയേൽ അംഗീകരിച്ചിരുന്നെങ്കിലും ഗാസയിൽ ഇന്ധനക്ഷാമം രൂക്ഷമായിട്ടില്ലെന്നും ഹമാസ് ബന്ദിയാക്കിയവരെ വിട്ടയക്കാനുള്ള ചർച്ചയ്ക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു കരാർ നടപ്പാക്കൽ വൈകിപ്പിക്കലിന് ഇസ്രയേൽ നൽകിയ മറുപടി.

കടുപ്പിച്ച് അമേരിക്ക; ഗാസയിലേക്ക് ദിവസവും രണ്ട് ട്രക്ക് ഇന്ധനം അനുവദിച്ച് ഇസ്രയേൽ
തുടർച്ചയായി രണ്ടാം ദിവസവും സഹായവിതരണം മുടങ്ങി; ഗാസയിൽ ഉടനടി ക്ഷാമം ഉണ്ടായേക്കുമെന്ന് ഐക്യരാഷ്ട്ര സഭ

രണ്ടുദിവസമായി ഗാസയിലേക്ക് ട്രക്കുകൾ എത്തിയിരുന്നില്ല. മൂന്ന് ഇന്ധന ട്രക്കുകൾ ഗാസയിലേക്ക് കടക്കാൻ തയാറാണെന്ന് ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചിരുന്നെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. തുടർന്ന്, യുദ്ധമുഖത്തിൽ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ദുരിതാവസ്ഥ കണക്കിലെടുത്തും ഭക്ഷ്യവിതരണം ഉൾപ്പെടെ തടസപ്പെട്ടതോടെ ക്ഷാമമുണ്ടായേക്കുമെന്ന മുന്നറിയിപ്പും നൽകിയതിന്റെ ഫലമായാണ് ഇപ്പോൾ ഗാസയിലേക്ക് ഇന്ധന ടാങ്കറുകൾ ഇസ്രയേൽ അനുവദിച്ചിരിക്കുന്നത്.

ഇന്ധനത്തിന്റെ അഭാവം മൂലം ഏജൻസിയുടെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവരുമെന്ന് തുടർച്ചയായി യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിലേക്ക് അനുവദിച്ച ടാങ്കറുകൾ അടിസ്ഥാനസൗകര്യമില്ലാതെ വലയുന്ന ജനങ്ങൾക്ക് 'ചെറിയതോതി'ലുള്ള ആശ്വാസം ആകും എന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥരുടെ വാദം.

logo
The Fourth
www.thefourthnews.in