'ഗാസയില്‍ അണുബോംബ് പ്രയോഗിക്കാം'; വിവാദ പ്രസ്താവനയില്‍ ഇസ്രയേല്‍ മന്ത്രിക്ക് വിലക്ക്, അപലപിച്ച് നെതന്യാഹു

'ഗാസയില്‍ അണുബോംബ് പ്രയോഗിക്കാം'; വിവാദ പ്രസ്താവനയില്‍ ഇസ്രയേല്‍ മന്ത്രിക്ക് വിലക്ക്, അപലപിച്ച് നെതന്യാഹു

ഒരു പ്രാദേശിക റേഡിയോയിൽ നൽകിയ അഭിമുഖത്തിനിടെയാണ് ഇസ്രയേൽ സഖ്യ സർക്കാരിലെ തീവ്ര വലതുപക്ഷക്കാരനായ അമിഹൈ ഏലിയാഹുവിന്റെ പ്രതികരണം

ഇസ്രയേൽ - ഹമാസ് ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കെ 'ഗാസയിൽ അണുബോംബ് പരീക്ഷിക്കാവുന്നതാണെന്ന' പ്രസ്താവനയിൽ ഇസ്രയേൽ മന്ത്രി അമിഹൈ ഏലിയാഹുവിന് തിരിച്ചടി. വിവാദ പ്രസ്താവനയെ തുടർന്ന് മന്ത്രിസഭാ യോഗങ്ങളിൽനിന്ന് ഏലിയാഹുവിന്‌ അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിയതായി 'ടൈംസ് ഓഫ് ഇസ്രയേൽ' റിപോർട് ചെയ്തു.

ഏലിയാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ രംഗത്തെത്തിയിരുന്നു, ഇതിനു പിന്നാലെയാണ് ഏലിയാഹുവിനെതിരെ ഇസ്രയേൽ ഭരണകൂടം നടപടി സ്വീകരിച്ചത്. ഇസ്രയേൽ സഖ്യ സർക്കാരിലെ തീവ്ര വലതുപക്ഷക്കാരനായ അമിഹൈ ഏലിയാഹു ഇസ്രയേൽ ജറൂസലേം പൈതൃക വകുപ്പു മന്ത്രിയാണ്.

ഒരു പ്രാദേശിക റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഏലിയാഹുവിന്റെ വിവാദ പരാമർശം. ഗാസ മുനമ്പിൽ അണുബോംബ് പരീക്ഷിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായം ആരാഞ്ഞ അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കവേ, അതൊരു 'സാധ്യത'യാണെന്നായിരുന്നു ഏലിയാഹുവിന്റെ മറുപടി. കൂടാതെ, ഗാസയിൽ നിലവിൽ പോരാളികൾ മാത്രമാണുള്ളതെന്നും ഗാസയിലുള്ളവർ നാസികളാണെന്നും അതിനാൽ അവിടേക്ക് മാനുഷിക സഹായങ്ങൾ അയക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും അഭിമുഖത്തിൽ ഏലിയാഹു പറയുന്നുണ്ട്. ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികളുടെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 'അവർ അയർലൻഡിലോ ഏതെങ്കിലും മരുഭൂമിയിലേക്കോ പോകട്ടെ, ഗാസയിലെ ഭീകരർ സ്വന്തമായിതന്നെ പരിഹാരം കണ്ടെത്തണം' എന്നായിരുന്നു ഏലിയാഹുവിന്റെ പ്രതികരണം.

'ഗാസയില്‍ അണുബോംബ് പ്രയോഗിക്കാം'; വിവാദ പ്രസ്താവനയില്‍ ഇസ്രയേല്‍ മന്ത്രിക്ക് വിലക്ക്, അപലപിച്ച് നെതന്യാഹു
തുരങ്കങ്ങളിൽ ആയുധങ്ങൾ, മിസൈലുകൾ, ഭക്ഷണം, മരുന്നുകൾ: ഇസ്രയേലിന്റെ കരയാക്രമണം പ്രതിരോധിക്കാന്‍ ഹമാസിന്റെ തന്ത്രങ്ങള്‍

അമിഹൈ ഏലിയാഹുവിന്റെ തീവ്രവലതുപക്ഷ പാർട്ടിയായ ഇറ്റാമർ ബെൻ ഗ്വിർ യുദ്ധകാല തീരുമാനങ്ങൾ എടുക്കുന്ന ക്യാബിനറ്റിന്റെ ഭാഗമല്ലെന്നും ഹമാസിനെതിരായ ആക്രമണത്തിന് നേതൃത്വം നൽകുന്ന ക്യാബിനറ്റിന്മേൽ അധികാരം പുലർത്തുകയോ ചെയ്യുന്നില്ലെന്നും ടൈംസ് ഓഫ് ഇസ്രയേൽ പുറത്തിറക്കിയ റിപോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ പതിനായിരത്തോളം ജനങ്ങളാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. ഏലിയാഹുവിന്റെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഇതോടെ, പ്രസ്താവനയിൽ പ്രതികരിച്ച് നെതന്യാഹു തന്നെ രംഗത്തെത്തി. ഏലിയാഹുവിന്റെ അഭിപ്രായങ്ങൾ യാഥാർഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സാധാരണക്കാരെയും നിരപരാധികളെയും ഒഴിവാക്കിയാണ് ഇസ്രയേലും ഇസ്രയേൽ പ്രതിരോധ സേനയും (ഐഡിഎഫ്) ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്നുമാണ്‌ നെതന്യാഹുവിന്റെ ഓഫീസ് എക്‌സിലൂടെ പ്രതികരിച്ചത്. വിജയം തുടരുന്നതുവരെ ഇത് തടരുമെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

നിരുത്തരവാദപരമായ ഒരു മന്ത്രിയുടെ ഭയാനകവും ഭ്രാന്തവുമായ പരാമർശം എന്നാണ് ഇസ്രയേലിലെ പ്രതിപക്ഷ നേതാവ് യൈർ ലാപ്പിഡ് ഏലിയാഹുവിന്റെ പ്രസ്താവനയിൽ പ്രതികരിച്ചത്. ഇതോടെ, മന്ത്രിസഭയ്ക്കുള്ളിൽ തന്നെ തിരിച്ചടികൾ രൂക്ഷമായതോടെ പ്രസ്താവന ആലങ്കാരിക പ്രയോഗമാണെന്ന് വിശദീകരിച്ച് അമിഹൈ ഏലിയാഹു രംഗത്തെത്തി. 'ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി വേണമെന്നും ബന്ദികളെ തിരിച്ചെത്തിക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നുമാണ്‌ അമിഹൈ ഏലിയാഹുവിന്റെ വിശദീകരണത്തിൽ വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in