ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിന് മുലയൂട്ടി അംഗം; 
ചരിത്ര നിമിഷത്തില്‍ കൈയടിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍

ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിന് മുലയൂട്ടി അംഗം; ചരിത്ര നിമിഷത്തില്‍ കൈയടിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍

പാർലമെന്റംഗങ്ങളില്‍ മൂന്നിൽ രണ്ട് പേരും പുരുഷന്മാരാണ്

ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു കുഞ്ഞിന് അമ്മ മുലയൂട്ടി. പാര്‍ലമെന്റംഗം ഗില്‍ഡ സ്പോര്‍ട്ടിയല്ലോയാണ് തന്റെ മകന്‍ ഫെഡറിക്കോയെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ വെച്ച് മുലയൂട്ടിയത്. ചരിത്ര നിമിഷത്തിന് സാക്ഷിയായ പാര്‍ലമെന്റ് അംങ്ങള്‍ ഗില്‍ഡ സ്പോര്‍ട്ടിയല്ലോയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

മറ്റ് പല രാജ്യങ്ങളിലും ഇത് സാധാരണമാണെങ്കിലും പുരുഷമേധാവിത്വമുള്ള ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് സ്പീക്കര്‍ ജോര്‍ജിയോ മ്യൂള്‍ പറഞ്ഞു. 'മുഴുവന്‍ പാര്‍ട്ടികളുടെയും പിന്തുണയോടെ ഇത്തരത്തിലൊരു സംഭവം നടക്കുന്നത് ഇതാദ്യമാണ്. ഫെഡറിക്കോയ്ക്ക് സമാധാനപരമായ ജീവിതം തുടര്‍ന്നും ആശംസിക്കുന്നു' ജോര്‍ജിയോ മ്യൂള്‍ കൂട്ടിച്ചേര്‍ത്തു.

ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടതിനാൽ നിരവധി സ്ത്രീകള്‍ക്ക് വളരെ നേരത്തെ തന്നെ മുലയൂട്ടല്‍ നിര്‍ത്തേണ്ടി വരുന്നു

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ക്ക് ഒരു വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വെച്ച് മുലയൂട്ടാനുള്ള അനുമതി നല്‍കിയത്.'നിരവധി സ്ത്രീകള്‍ക്ക് വളരെ നേരത്തെ തന്നെ മുലയൂട്ടല്‍ നിര്‍ത്തേണ്ടി വരുന്നു. അത് അവരുടെ താല്‍പര്യപ്രകാരമല്ല. അവര്‍ ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നതിനാലാണ്'. സ്പോര്‍ട്ടിയല്ലോ പറഞ്ഞു. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഒക്ടോബറില്‍ ജോര്‍ജിയ മെലോണി അധികാരമേറ്റെങ്കിലും പാര്‍ലമെന്റ് അംഗസംഖ്യയില്‍ മൂന്നില്‍ രണ്ട് പേരും പുരുഷന്മാരാണ്.

logo
The Fourth
www.thefourthnews.in