ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാൻ നിയമങ്ങള്‍ ശക്തമാക്കി ജപ്പാന്‍;  ഉഭയസമ്മതത്തിനുള്ള പ്രായപരിധി 16 ആക്കി ഉയർത്തി

ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാൻ നിയമങ്ങള്‍ ശക്തമാക്കി ജപ്പാന്‍; ഉഭയസമ്മതത്തിനുള്ള പ്രായപരിധി 16 ആക്കി ഉയർത്തി

116 വര്‍ഷത്തിന് ശേഷമാണ് പ്രായ പരിധിയില്‍ ഇത്തരം ഒരു മാറ്റം കൊണ്ടുവരുന്നത്.

ലൈംഗിക കുറ്റകൃത്യങ്ങളെ നേരിടാന്‍ നിയമം ശക്തമാക്കി ജപ്പാന്‍. ബലാത്സംഗം, ഫോട്ടോ വോയറിസം, കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന നിലയിലാണ് പുതിയ നിയമ നിര്‍മാണങ്ങള്‍. പുതിയ നിയമങ്ങള്‍ വെള്ളിയാഴ്ച ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കി.

ഇര മദ്യമോ അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിയിലായിരിക്കുന്ന അവസ്ഥ, ഇര അക്രമത്തിനോ ഭീഷണിക്കോ വിധേയമാകുക, ഭയം കൊണ്ടോ അമ്പരപ്പ് മൂലമോ ലൈംഗിക ബന്ധത്തിന് വഴങ്ങുക, അധികാരം ഉപയോഗിച്ച് ലൈംഗിക ചൂഷണത്തിന് ശ്രമം എന്നിവയും സമ്മതത്തോട് കൂടിയല്ലാത്ത ലൈംഗിക ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു

ബലാത്സംഗം എന്നത് ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക അതിക്രമം എന്നതില്‍ നിന്ന് നിര്‍ബന്ധിത ലൈംഗികത എന്ന് പുതിയ ഭേദഗതികള്‍ നിര്‍വചിച്ചിരിക്കുന്നു. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായ പരിധിയും ഉയര്‍ത്തി. നേരത്തെ 13 വയസ് ആയിരുന്നു പ്രായ പരിധി 16 വയസാക്കിയാണ് ഉയര്‍ത്തിയത്. 116 വര്‍ഷത്തിന് ശേഷമാണ് പ്രായ പരിധിയില്‍ ഇത്തരം ഒരു മാറ്റം കൊണ്ടുവരുന്നത്. വികസിത രാജ്യങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധിയുള്ള രാജ്യമായിരുന്നു ജപ്പാന്‍.

ബലാത്സംഗത്തിന് ഇരയായവരെ രാജ്യം സംരക്ഷിക്കുന്നില്ലെന്നും ആക്രമണങ്ങള്‍ വര്‍ധിക്കുന്നു, കോടതി വിധികള്‍ പ്രായോഗികമല്ല എന്നീ ആരോപണങ്ങള്‍ വ്യാപകമായതോടെയാണ് ജപ്പാനെ നിയമങ്ങള്‍ ശക്തമാക്കാന്‍ പ്രേരിപ്പിച്ചത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഒരാള്‍ക്ക് സമ്മതം പ്രകടിപ്പിക്കാന്‍ കഴിയാത്ത എട്ട് സാഹചര്യങ്ങള്‍ നിയമ ഭേദഗതി വ്യക്തമായി വിവരിക്കുന്നു. ഇര മദ്യമോ അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിയിലായിരിക്കുന്ന അവസ്ഥ, ഇര അക്രമത്തിനോ ഭീഷണിക്കോ വിധേയമാകുക, ഭയം കൊണ്ടോ അമ്പരപ്പ് മൂലമോ ലൈംഗിക ബന്ധത്തിന് വഴങ്ങുക, അധികാരം ഉപയോഗിച്ച് ലൈംഗിക ചൂഷണത്തിന് ശ്രമം എന്നിവയും സമ്മതത്തോട് കൂടിയല്ലാത്ത ലൈംഗിക ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

ലൈംഗിക ചൂഷണം തുറന്ന് പറയുന്നതിനുള്ള കാലപരിധി 10 വര്‍ഷത്തില്‍ നിന്ന് 15 വര്‍ഷമായി ഉയര്‍ത്താനും നിയമം ശുപാര്‍ശ ചെയ്യുന്നു. ലൈംഗിക പ്രവൃത്തികള്‍ രഹസ്യമായി ചിത്രീകരിക്കുന്നതുള്‍പ്പെടെ ഫോട്ടോ വോയറിസവും ജപ്പാനില്‍ ഇനി കുറ്റകരമാണ്.

ബലാത്സംഗ കേസിലെ പ്രതികള്‍ വന്‍തോതില്‍ കുറ്റവിമുക്തരാക്കപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായി രാജ്യവ്യാപകമായി പ്രക്ഷോഭവും അരങ്ങേറി. 2019 ഏപ്രില്‍ മുതല്‍ എല്ലാ മാസവും 11-ാം തീയതി, ലൈംഗികാതിക്രമത്തെ അതിജീവിച്ചവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും, നീതി തേടിയും ജപ്പാനിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in