അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്നില്‍; അപ്രതീക്ഷിത സന്ദര്‍ശനം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്നില്‍; അപ്രതീക്ഷിത സന്ദര്‍ശനം

പോളണ്ടിലേക്കുള്ള യാത്ര മധ്യേയാണ് ബൈഡന്‍ കീവിലെത്തിയത്

റഷ്യൻ അധിനിവേശം ഒരു വർഷം തികയുന്ന വേളയിൽ അപ്രതീക്ഷിത യുക്രെയ്ന്‍ സന്ദര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പോളണ്ടിലേക്കുള്ള യാത്രമധ്യേയാണ് ബൈഡന്‍ കീവിലെത്തിയത്. യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി. റഷ്യന്‍ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ബൈഡന്‍ യുക്രെയ്നിലെത്തുന്നത്.

റഷ്യൻ അധിനിവേശത്തിന്റെ വാർഷികത്തിൽ യുക്രെയ്ൻ ജനാധിപത്യത്തിനോടും പരമാധികാരത്തിനോടും നിശ്ചയദാര്‍ഢ്യത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിക്കാൻ സന്ദർശനത്തെ ഉപയോഗപ്പെടുത്തുന്നു എന്ന് ബൈഡൻ പറഞ്ഞു. "ഒരു വർഷം മുൻപ് യുദ്ധം തുടങ്ങുമ്പോൾ യുക്രെയ്നെ എളുപ്പം കീഴടക്കാമെന്നാണ് പുടിൻ കരുതിയത്, എന്നാൽ അത് പൊളിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അറ്റ്ലാന്റിക് മുതൽ പസഫിക് വരെയുള്ള രാജ്യങ്ങളെ യുക്രെയ്ന് വേണ്ടി അണിനിരത്താൻ അമേരിക്കയ്ക്കായി, ഇനിയും പിന്തുണ തുടരും" ബൈഡൻ വ്യക്തമാക്കി. റഷ്യയോട് പിടിച്ചുനിന്ന യുക്രെയ്ന്‍ പൗരന്മാരെ ഹീറോ എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.

യുക്രെയ്ന്‍ അധിനിവേശത്തിന്‌റെ വാര്‍ഷികത്തില്‍ പുതിയ യുദ്ധ തന്ത്രങ്ങള്‍ സംബന്ധിച്ച് പുടിന്‍ ചൊവ്വാഴ്ച പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായാണ് ബൈഡന്റെ നിര്‍ണായക സന്ദര്‍ശനം. റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ നടപടികള്‍ ശക്തമാക്കുന്നതിന്‌റെ ഭാഗമായാണ് സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

യുക്രെയ്ന് 500 മില്യൺ ഡോളറിന്റെ ആയുധ സഹായവും ബൈഡൻ ഉറപ്പുനൽകി. റഷ്യയെ പിന്തുണയ്ക്കുന്നവർക്ക് ഉപരോധം ഏർപ്പെടുത്തുന്ന കാര്യം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കീവിൽ വ്യക്തമാക്കി. 30 ബില്യൺ ഡോളറാണ് സുരക്ഷയ്ക്കുള്ള സഹായ ധനമായി ബൈഡൻ ഭരണകൂടം അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയ്ന് അനുവദിച്ചld.

അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിൽ യുക്രെയ്ന് ലഭിച്ച നിർണായക പിന്തുണയാണ് സന്ദര്‍ശനമെന്ന് സെലന്‍സ്കി പ്രതികരിച്ചു.

സുരക്ഷാ കാരണങ്ങളാൽ ബൈഡന്റെ യുക്രെയ്ൻ സന്ദർശനം അതീവ രഹസ്യമായാണ് അമേരിക്ക കൈകാര്യം ചെയ്തത്. നേരത്തെ ബൈഡന്റെ കിഴക്കൻ യൂറോപ്പ് സന്ദർശനവേളയിൽ യുക്രെയ്ൻ സന്ദർശനമുണ്ടാകുമോ എന്ന ചോദ്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിഷേധിച്ചിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക കാര്യാലയം പുറത്തിറക്കിയ ബൈഡന്റെ പരിപാടികളുടെ പട്ടികയിലും യുക്രെയ്നിലെത്തുന്ന വിവരം ഉണ്ടായിരുന്നില്ല. ബൈഡന്‍ വാഷിങ്ടണില്‍ തുടരുമെന്ന് പ്രത്യേകം അറിയിക്കുകയും ചെയ്തിരുന്നു.

പോളണ്ട് അതിർത്തിയിൽ നിന്ന് ട്രെയിൻ മാർഗമാണ് ബൈഡൻ യുക്രെയ്നിൽ എത്തിയതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്നില്‍; അപ്രതീക്ഷിത സന്ദര്‍ശനം
യുക്രെയ്നിലെ റഷ്യന്‍ നടപടി 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ'മെന്ന് അമേരിക്ക; പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

കഴിഞ്ഞദിവസങ്ങളില്‍ മ്യൂണികില്‍ നടന്ന സുരക്ഷാ കൗണ്‍സിലില്‍ യുഎസും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ രൂക്ഷമായ വിമര്‍ശനമാണ് റഷ്യക്കെതിരെ ഉയര്‍ത്തിയത്. റഷ്യ, യുക്രെയ്‌നില്‍ നടപ്പാക്കിയത് 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ'മാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. കൊലപാതകം, പീഡനം, ബലാത്സംഗം, നാടുകടത്തല്‍ തുടങ്ങി മനുഷ്യ ജീവിതം പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ മാത്രമാണ് യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് യുഎസ് വൈസ് പ്രസിഡന്‌റ് കമല ഹാരിസ് കുറ്റപ്പെടുത്തി. യുക്രെയ്‌ന് പിടിച്ചുനില്‍ക്കാനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചുനല്‍കേണ്ടതിന്‌റെ ആവശ്യകതയെ പറ്റിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സംസാരിച്ചത് . നാറ്റോ പുതിയൊരു ഉടമ്പടി കൊണ്ടുവരേണ്ടതുണ്ടെന്ന് സുനക് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in