നാറ്റോ അംഗത്വത്തിന് യുക്രെയ്ൻ ഇനിയും പാകമായിട്ടില്ലെന്ന് ജോ ബൈഡൻ

നാറ്റോ അംഗത്വത്തിന് യുക്രെയ്ൻ ഇനിയും പാകമായിട്ടില്ലെന്ന് ജോ ബൈഡൻ

നാറ്റോ ഉച്ചകോടി ലിത്വാനിയയിൽ ചേരാനിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം

നിർണായകമായ നാറ്റോ ഉച്ചകോടി നടക്കാനിരിക്കെ, യുക്രെയ്ന് ആംഗത്വം നൽകുന്നതിൽ ഭിന്നാഭിപ്രായം തുടരുന്നു. നാറ്റോ അംഗത്വത്തിന് യുക്രെയ്നൻ സജ്ജമായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.

ലിത്വാനിയ തലസ്ഥാനമായ വിൽനസിൽ ജൂലൈ 11, 12 തീയതികളിലാണ് നാറ്റോ ഉച്ചകോടി. അംഗത്വം നൽകുന്നതിന് അംഗരാജ്യങ്ങളുടെ പിന്തുണയുറപ്പാക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളിദിമർ സെലൻസ്കി രാഷ്ട്രത്തലവന്മാരെ നേരിൽ കണ്ട് സഹായമഭ്യർത്ഥിക്കുന്നുണ്ട്.

സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയന്റെ അംഗത്വത്തെ പിന്തുണയ്ക്കുന്നതായി തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ വ്യക്തമാക്കി.

"ഒരു സംശയവും വേണ്ട, നാറ്റോയിൽ അം​ഗമാകാൻ യുക്രെയ്ന് അർഹതയുണ്ട്," എർദോഗൻ പറഞ്ഞു. നാറ്റോയിൽ ചേരാനുള്ള യുക്രെയ്നിന്റെ ശ്രമത്തെ തുർക്കി പിന്തുണയ്ക്കുന്നുവെന്ന് കേട്ടതിൽ സന്തോഷമുണ്ടെന്ന് സെലെൻസ്കിയും പ്രതികരിച്ചു.

എർദോന്റെ അനുകൂല പ്രതികരണത്തിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ എതിർസ്വരം ഉയരുന്നത്.

അതേസമയം, നിരോധിക ക്ലസ്റ്റര്‍ ബോംബുകൾ യുക്രെയ്ൻ നൽകാൻ അമേരിക്ക തീരുമാനിച്ചതായി ബൈഡൻ പറഞ്ഞു. ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നെങ്കിലും റഷ്യയ്ക്കെതിരായ പ്രത്യാക്രമണത്തിനായി യുക്രെയ്ന് ആയുധങ്ങൾ അവശ്യമാണെന്ന് ബോധ്യപ്പെട്ടെന്നായിരുന്ന ബൈഡന്റെ വിശദീകരണം. ''ഇത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. അതിനാല്‍ ഞങ്ങളുടെ സഖ്യകക്ഷികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. റഷ്യന്‍ ആക്രമണങ്ങളെ ചെറുക്കാനായി യുക്രെയ്‌നിന്റെ കൈവശമുള്ള ആയുധങ്ങൾ തീരുകയാണ്,' ജോ ബൈഡന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in