അനിശ്ചിതത്വങ്ങൾക്ക് വിരാമം; യു എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി കെവിൻ മക്കാർത്തി

അനിശ്ചിതത്വങ്ങൾക്ക് വിരാമം; യു എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി കെവിൻ മക്കാർത്തി

15-ാം റൗണ്ട് വോട്ടെടുപ്പിലാണ് മെക്കാർത്തി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 428 വോട്ടുകളിൽ നിന്ന് 216 വോട്ടുകൾ നേടി.

അഞ്ച് ദിവസം നീണ്ടുനിന്ന പ്രതിസന്ധികൾക്ക് ശേഷം റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി യു എസ് ജനപ്രതിനിധി സഭയുടെ 55ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 15 ആം റൗണ്ട് വോട്ടെടുപ്പിലാണ് മെക്കാർത്തി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 428 വോട്ടുകളിൽ നിന്ന് 216 വോട്ടുകൾ നേടി. വിമതരുമായി നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷമാണ് മക്കാർത്തിയുടെ വിജയം. സ്വന്തം പാർട്ടിയിലെ തീവ്ര വലതുപക്ഷ യാഥാസ്ഥിതികരായ വിമതരെ അനുനയിപ്പിക്കാൻ മക്കാർത്തി വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. വിമതരിലെ പ്രധാനികളായ മാറ്റ് ഗെയ്റ്റ്സും ലോറൻ ബോബെർട്ടും അടക്കമുള്ളവർ നിലപാട് മയപ്പെടുത്തിയതോടെയാണ് യു എസ് ജനപ്രതിനിധി സഭയിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നത്.

യുഎസ് ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും പാർട്ടിയിലെ വിമതർ ഇടഞ്ഞതോടെ പ്രതിസന്ധി കടുക്കുകയായിരുന്നു

1856ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ സ്പീക്കർ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ യു എസ് ജനപ്രതിനിധി സഭയിൽ കണ്ടത്. യുഎസിന്റെ ആകെ ചരിത്രത്തിൽ നാല് സ്പീക്കർ തെരഞ്ഞെടുപ്പുകൾക്ക് മാത്രമേ 12-ലധികം റൗണ്ട് വോട്ടെടുപ്പുകൾ നടത്തിയിട്ടുള്ളു. ചൊവ്വാഴ്ചയാണ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധി സഭ ചേർന്നത്. നടപടിക്രമങ്ങൾ അനുസരിച്ച് സഭ ചേരുന്ന ആദ്യ ദിനം തന്നെ സ്‌പീക്കർ തിരഞ്ഞെടുപ്പ് നടക്കും. ഇരു പാർട്ടികളും സ്ഥാനാർഥികളെ മത്സരിപ്പിക്കുമെങ്കിലും ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാകും സാധാരണയായി സ്‌പീക്കറാകുക. യുഎസ് ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ, കാലിഫോർണിയയില്‍ നിന്നുള്ള ജനപ്രതിനിധിയായ മക്കാർത്തി സ്പീക്കറായി തടസമില്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു.

അനിശ്ചിതത്വങ്ങൾക്ക് വിരാമം; യു എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി കെവിൻ മക്കാർത്തി
ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും; പ്രതിസന്ധിയിലായി യു എസ് സ്‌പീക്കർ തിരഞ്ഞെടുപ്പ്

ഭൂരിപക്ഷത്തിനാവശ്യം 218 വോട്ടാണ്. എന്നാൽ സ്വന്തം പാർട്ടിയില്‍ നിന്ന് തന്നെയാണ് മക്കാർത്തി തിരിച്ചടി നേരിട്ടത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രനിലാപടുകാരാണ് മെക്കാർത്തിക്ക് വെല്ലുവിളിയുയർത്തിയത് . ഏകദേശം ഇരുപതോളം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണ് ഇടഞ്ഞുനിന്നത്. പലതവണ സമവായ ചർച്ചകൾ നടത്തിയെങ്കിലും വിമതരെ പരിധിയിൽ കൊണ്ട് വരാൻ മക്കാർത്തിക്ക് സാധിച്ചില്ല. പ്രധാനപ്പെട്ട ചുമതലകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും റിപ്പബ്ലിക്കൻ അംഗങ്ങള്‍ വഴങ്ങിയിരുന്നില്ല. സ്പീക്കറെ തിരഞ്ഞെടുക്കാതെ 118ാം കോൺഗ്രസിലെ ജനപ്രതിനിധികള്‍ക്ക് അധികാരമേല്‍ക്കാനും കഴിയില്ലെന്നതിനാൽ കോൺഗ്രസിൽ പ്രതിസന്ധികൾ നിലനിൽക്കുകയായിരുന്നു.

സഭയിൽ മക്കാർത്തിയുടെ എതിർ സ്ഥാനാർഥി ആയിരുന്ന ഹക്കീം ജെഫ്രീസ് 212 വോട്ടുകൾ ആണ് ലഭിച്ചത്. യു എസ് പ്രസിഡന്റ് ജോ ബൈഡൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോടിമാർ സെലിൻസ്കി തുടങ്ങിയവർ മക്കാർത്തിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

logo
The Fourth
www.thefourthnews.in