ബ്രിട്ടനിൽ ഇനി ചാൾസ് യുഗം; ഏഴ് പതിറ്റാണ്ടിന് ശേഷം കിരീടധാരണ ചടങ്ങിന് സാക്ഷിയാകാനൊരുങ്ങി ലോകം

ബ്രിട്ടനിൽ ഇനി ചാൾസ് യുഗം; ഏഴ് പതിറ്റാണ്ടിന് ശേഷം കിരീടധാരണ ചടങ്ങിന് സാക്ഷിയാകാനൊരുങ്ങി ലോകം

മെയ് ആറിനാണ് ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങ്

എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് മൂന്നാമനെ രാജപദവിയിൽ അവരോധിക്കുന്ന ചടങ്ങുകളുടെ ഒരുക്കത്തിലാണ് ബ്രിട്ടൻ. 70 വർഷത്തിന് ശേഷമാണ് ബ്രിട്ടൻ വീണ്ടുമൊരു കിരീടധാരണ ചടങ്ങിന് സാക്ഷിയാകുന്നത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് ഊന്നൽ നൽകുന്ന ആധുനിക കാലത്ത് രാജപദവികൾ ആലങ്കാരികമെങ്കിലും ചടങ്ങിന് ആർഭാടം ഒട്ടും കുറവല്ല. ആഡംബര ഘോഷയാത്രകളും ആഘോഷങ്ങളും അടങ്ങിയ ചടങ്ങ് വീക്ഷിക്കാൻ ആയിരങ്ങളാണ് എത്തുക. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങിൽ പങ്കെടുക്കും.

മെയ് ആറിന് സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചാൾസിനെ ഔദ്യോഗികമായി കിരീടമണിയിക്കും. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാഞ്ജിയായിരുന്ന എലിസബത്ത് II, സെപ്റ്റംബറിൽ അന്തരിച്ചതോടെയാണ് 74കാരനായ ചാൾസ് മൂന്നാമൻ ബ്രിട്ടീഷ് രാജാവാകുന്നത്. കഴിഞ്ഞയൊരു സഹസ്രാബ്ദമായി വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന ചടങ്ങാണിത്‌. നൂറ്റാണ്ടുകളായി വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങ് നടക്കുന്നത്. 38 രാജാക്കന്മാരുടെ കിരീടധാരണമാണ് ഇതുവരെ ഇവിടെ നടന്നിട്ടുള്ളത്. ഇന്ത്യൻ സമയം മൂന്നരയോടെയാകും ചടങ്ങുകൾ ആരംഭിക്കുക. ഏകദേശം 2,200ഓളം അതിഥികൾ വിവിധ ലോകരാജ്യങ്ങളിൽ നിന്ന് എത്തിച്ചേരും. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിൽ 8,250 പേരായിരുന്നു പങ്കെടുത്തത്.

എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി

ഘോഷയാത്ര

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കുള്ള ഘോഷയാത്രയോടെയാകും ചടങ്ങുകൾ ആരംഭിക്കുക. എലിസബത്ത് രാജ്ഞിയുടെ 80-ാം ജന്മദിന സ്മരണയ്ക്കായി നിർമിച്ച ആറ് കുതിരകൾ വലിക്കുന്ന ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ചിലാകും രണ്ട് കിലോമീറ്റർ ദൂരത്തേക്കുള്ള ഈ യാത്ര. 200ഓളം സായുധ സുരക്ഷ ഉദ്യോഗസ്ഥരുടെ കുതിരപ്പടയും ആയിരം ഉദ്യോഗസ്ഥരും ഘോഷയാത്രയിൽ അണിനിരക്കും. ദൂരവും പങ്കെടുക്കുന്നവരുടെ എണ്ണവും 1953 ലെ ഘോഷയാത്രയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കുറവാണ്.

കിരീടധാരണ ശേഷം, 260 വർഷം പഴക്കമുള്ള ഗോൾഡ് സ്റ്റേറ്റ് കോച്ചിലാകും ചാൾസ് മൂന്നാമൻ കൊട്ടാരത്തിലേക്ക് മടങ്ങുക. എട്ടുകുതിരകളാണ് സ്വർണം കൊണ്ട് നിർമിതച്ച ഈ കുതിരവണ്ടി വലിക്കുന്നത്. പ്രധാനമായും അഞ്ച് ഘട്ടങ്ങളാണ് കിരീടധാരണ ചടങ്ങിനുള്ളത്.

ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്
ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്

അംഗീകാരം

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മുതിർന്ന ബിഷപ്പും പ്രധാന നേതാവുമായ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് വെസ്റ്റ്മിൻസ്റ്ററിൽ നടക്കുന്ന മതപരമായ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുക. 700 വർഷം പഴക്കമുള്ള ഈ ആചാരത്തിൽ ജസ്റ്റിൻ വെൽബി, ചാൾസ് മൂന്നാമനെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. രാജാവ്, പള്ളിയുടെ നാല് വശങ്ങളിലേക്ക് തിരിയുകയും 'അവിതർക്കമായ രാജാവ്'എന്ന് ചാൾസിനെ പ്രഖ്യാപിക്കുകയും ചെയ്യും. അതിന് ശേഷം 'രാജാവിനെ ദൈവം രക്ഷിക്കട്ടെ' എന്ന് ഉച്ചത്തിൽ പറയുകയും കാഹളം മുഴക്കുകയും ചെയ്യും.

പ്രതിജ്ഞ

പ്രതിജ്ഞ ചൊല്ലിക്കൊടുക്കും മുൻപ്, "എല്ലാ മതങ്ങളിലുമുള്ള ആളുകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ ശ്രമിക്കും" എന്ന് കാന്റർബറി ആർച്ച് ബിഷപ്പ് പറയുകയും യുകെയിൽ ആചരിക്കുന്ന ഒന്നിലധികം വിശ്വാസങ്ങളെ അംഗീകരിക്കുകയും ചെയ്യും. തുടർന്ന് തന്റെ ഭരണകാലത്ത് ഇംഗ്ലീഷ് ചർച്ചിന്റെ നിയമങ്ങളെല്ലാം ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചാൾസ് അത് ഏറ്റുപറയുകയും ചെയ്യും.

അഭിഷേകം

വെള്ള ലിനൻ വസ്ത്രം ധരിച്ചുകൊണ്ട് കിരീടധാരണ കസേരയിൽ ഇരിക്കുന്ന ചാൾസിന്റെ മേൽ വിശുദ്ധ തൈലം ഒഴിക്കുന്നതാണ് ഈ ചടങ്ങ്. യേശുക്രിസ്തുവിനെ ക്രൂശിക്കാൻ ഉപയോഗിച്ച കുരിശിൽ നിന്നുള്ള കഷ്ണങ്ങൾ അടങ്ങിയ വെള്ളി കുരിശും ചടങ്ങിൽ പ്രദർശിപ്പിക്കും. ഫ്രാൻസിസ് മാർപാപ്പ സമ്മാനമായി നൽകിയതാണ് "ട്രൂ ക്രോസിന്റെ" ചെറിയ ശകലങ്ങൾ.

വാഴിക്കൽ

ഈ ഘട്ടത്തിലാണ് ശരിക്കുമുള്ള കിരീടധാരണം നടക്കുന്നത്. ആദ്യം സൂപ്പർടൂണിക്ക എന്നറിയപ്പെടുന്ന സ്വർണം കൊണ്ട് നിർമിച്ച മേലങ്കി ചാൾസ് മൂന്നാമനെ അണിയിക്കും. ഒപ്പം 'പരമാധികാരിയുടെ ഗോളം, കിരീടധാരണ മോതിരം, കുരിശിന്റെയും പ്രാവിന്റെയും രൂപങ്ങളുള്ള ചെങ്കോൽ' എന്നിവയുൾപ്പെടെ ചാൾസിന് കൈമാറും. അതിനുശേഷം 'സെന്റ് എഡ്വേർഡ്സ് കിരീടം' ചാൾസിനെ അണിയിക്കും. തുടർന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രണ്ട് മിനിറ്റോളം തുടർച്ചയായി മണി മുഴക്കുകയും ബ്രിട്ടനിൽ ഉടനീളം കാഹളം മുഴക്കുകയും ചെയ്യും.

സെയ്ന്റ് എഡ്വേർഡ്സ് കിരീടം

മാണിക്യങ്ങൾ, സ്ഫടിക കല്ലുകൾ, ഇന്ദ്രനീലക്കല്ലുകൾ എന്നിവയുൾപ്പെടെ പതിപ്പിച്ച സ്വർണ നിർമിതമായ സെയ്ന്റ് എഡ്വേർഡ്സ് കിരീടത്തിന് 2.2 കിലോഗ്രാം തൂക്കമാണുള്ളത്. കിരീടധാരണ ചടങ്ങിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന കിരീടമാണിത്. 1953ൽ എലിസബത്ത് രാഞ്ജിയാണ് അവസാനമായി ഇത് അണിഞ്ഞത്. 1661ൽ ചാൾസ് രണ്ടാമന്റെ കിരീടധാരണ വേളയിലാണ് ഈ കിരീടം നിർമിച്ചത്. കഴിഞ്ഞ 360 വർഷത്തിനിടെ ആറ് രാജാക്കന്മാർ ഇത് അണിഞ്ഞിട്ടുണ്ട്.

ആദരമർപ്പിക്കൽ

കിരീടധാരണത്തിന്റെ അവസാന ഭാഗമായ ഈ ചടങ്ങിൽ രാജാവ് തനിക്കവകാശപ്പെട്ട സിംഹാസനം ഏറ്റെടുക്കും. രാജകുടുംബത്തിലെ പിന്തുടർച്ചാവകാശികളും പ്രഭുക്കന്മാരുമെല്ലാം പുതിയ രാജാവിന്റെ മുൻപിൽ മുട്ടുകുത്തുകയും ആദരമർപ്പിക്കുകയും ചെയ്യും. പരമ്പരാഗതമായി തുടർന്നുപോരുന്ന ഈ ചടങ്ങിൽ നിയുക്ത രാജാവിനോട് കൂറ് പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ വലതു കൈയിൽ ചുംബിക്കുകയും ചെയ്യുമായിരുന്നു.

ചാൾസ് മൂന്നാമനും കാമിലയും
ചാൾസ് മൂന്നാമനും കാമിലയും

കാമിലയുടെ അവരോധം

ചാൾസ് മൂന്നാമന്റെ പട്ടാഭിഷേക ചടങ്ങുകൾക്ക് ശേഷം, അദ്ദേഹത്തിന്റെ പത്നിയായ കാമിലയെ റാണിയായി അവരോധിക്കും. ചെറിയ ചടങ്ങുകൾ മാത്രമേ ഇതിലുണ്ടാകു. കാമിലയെ 'ക്വീൻ മേരി കിരീടം' ധരിപ്പിക്കുന്നതോടെ ഈ ചടങ്ങ് അവസാനിക്കും. ക്വീൻ മേരി കിരീടത്തിലായിരുന്നു മുൻപ് കോഹിനൂർ രത്നം പതിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ ഇതിന് പകരം കള്ളിനൻ III, IV, V എന്നീ രത്നങ്ങൾ പതിപ്പിക്കുന്നമെന്നാണ് റിപ്പോർട്ടുകൾ

മടക്കയാത്ര

രാജാവും രാജ്ഞിയും അവരുടെ സിംഹാസനങ്ങളിൽ നിന്ന് ഇറങ്ങിയ ശേഷം ബലിപീഠത്തിന് പിന്നിലെ സെന്റ് എഡ്വേർഡ് ചാപ്പലിൽ പ്രവേശിക്കും. ശേഷം സെന്റ് എഡ്വേർഡിന്റെ കിരീടം നീക്കം ചെയ്യുകയും 'ഇംപീരിയൽ സ്റ്റേറ്റ് കിരീടം' ധരിക്കുകയും ചെയ്യും. തുടർന്ന് ദേശീയ ഗാനം ആലപിക്കുകയും ആബിയിൽ നിന്ന് ഘോഷയാത്രയായി പുറപ്പെടുകയും ചെയ്യും.

ഇംപീരിയൽ സ്റ്റേറ്റ് കിരീടം
ഇംപീരിയൽ സ്റ്റേറ്റ് കിരീടം

ഇംപീരിയൽ സ്റ്റേറ്റ് കിരീടം

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിലാണ് അവസാനമായി ഇംപീരിയൽ സ്റ്റേറ്റ് കിരീടം ഉപയോഗിച്ചത്. എലിസബത്തിന്റെ പിതാവായ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി 1937-ൽ നിർമിച്ചതാണ് ഈ കിരീടം. 1.06 കിലോഗ്രാം ഭാരവും 31.5 സെന്റീമീറ്റർ ഉയരവുമുള്ള കിരീടം 2,868 വജ്രങ്ങൾ, 17 ഇന്ദ്രനീലരത്നങ്ങൾ, 11 മരതകം, 269 മുത്തുകൾ, നാല് മാണിക്യങ്ങൾ എന്നിവ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ലായ കള്ളിനനിൽ നിന്ന് വെട്ടിയെടുത്ത കള്ളിനൻ രണ്ട് പതിപ്പിച്ച കിരീടമെന്ന പ്രത്യേകത കൂടി ഇംപീരിയൽ സ്റ്റേറ്റ് കിരീടത്തിനുണ്ട്.

ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് വന്ന അതേ പാതയിലൂടെയാകും രാജാവിന്റേയും റാണിയുടേയും മടക്കയാത്ര. ഗോൾഡ് സ്റ്റേറ്റ് കോച്ചിലാകും യാത്ര. വില്യം നാലാമന്റെ കാലം മുതൽ എല്ലാ കിരീടധാരണത്തിലും ഈ രാജകീയ കുതിരവണ്ടിയാണ് ഉപയോഗിച്ചുവരുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിൽ ഗോൾഡ് സ്റ്റേറ്റ് കോച്ചിലായിരുന്നു അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര. നാല് ടൺ ഭാരമുള്ള കോച്ചിലെ യാത്രാനുഭവത്തെ കുറിച്ച് "ഭയങ്കരം" എന്നായിരുന്നു അന്ന് എലിസബത്ത് വിശേഷിപ്പിച്ചത്. യു കെ സായുധ സേനയിലെ ഏകദേശം 4,000 അംഗങ്ങൾ ബക്കിങ്ഹാം കൊട്ടാരത്തിലേക്കുള്ള ഘോഷയാത്രയിൽ പങ്കെടുക്കും. കൂടാതെ കോമൺവെൽത്ത് രാജ്യങ്ങളിലെയും ബ്രിട്ടന്റെ ഓവർസീസ് പ്രവിശ്യകളിലെയും പ്രതിനിധികളും ഘോഷയാത്രയിൽ പങ്കെടുക്കും.

കോമൺവെൽത്ത് രാജ്യങ്ങൾ

കാനഡ, ഓസ്‌ട്രേലിയ, ജമൈക്ക എന്നിവയുൾപ്പെടെ 14 രാജ്യങ്ങളുടെ സാങ്കല്പിക മേധാവി കൂടിയാണ് ബ്രിട്ടീഷ് രാജാവ്. അടുത്ത കാലം വരെ രാജ്യങ്ങളുടെ എണ്ണം15 ആയിരുന്നു. 2021ൽ ബാർബഡോസ് ബന്ധം വിച്ഛേദിച്ചിരുന്നു. ജമൈക്ക ഉൾപ്പെടെയുള്ള മറ്റ് നിരവധി രാജ്യങ്ങൾ കൊളോണിയൽ ബോധം പേറുന്ന ഈ ബന്ധം വിച്ഛേദിക്കാനുള്ള പാതയിലാണ്.

എലിസബത്ത് രാജ്ഞിയുടെ  ഫ്ലൈപാസ്റ്റ് ചടങ്ങ്
എലിസബത്ത് രാജ്ഞിയുടെ ഫ്ലൈപാസ്റ്റ് ചടങ്ങ്

ഫ്ലൈപാസ്റ്റ്

ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ചടങ്ങ് 1902 മുതലാണ് ആരംഭിച്ചത്. ആറ് മിനിറ്റ് നേരത്തെ ഫ്ലൈ-പാസ്റ്റിനും ആർമി, റോയൽ നേവി, റോയൽ എയർഫോഴ്സ് അംഗങ്ങൾ ഉൾപ്പെടുന്ന അഭ്യാസ പ്രകടനങ്ങളും അവസാനിക്കുന്നതോടെ ശനിയാഴ്ചത്തെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും.

കിരീടധാരണത്തിന്റെ അടുത്ത ദിവസം, "കൊറോണേഷൻ ബിഗ് ലഞ്ച്" പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് പരിപാടികൾ രാജ്യത്തുടനീളം അരങ്ങേറും. ലയണൽ റിച്ചി, കാറ്റി പെറി, ടേക്ക് ദാറ്റ് തുടങ്ങിയ പ്രശസ്ത പോപ്പ് ഗായകർ അവതരിപ്പിക്കുന്ന പരിപാടിയും വിൻഡ്‌സർ കാസിലിൽ നടക്കും.

logo
The Fourth
www.thefourthnews.in