മെയ് ദിനത്തിൽ അവകാശങ്ങള്‍ക്കായി പോരാട്ടം;  ഫ്രാന്‍സില്‍ മാക്രോണിന്റെ കോലം കത്തിച്ചു,ഇറ്റലിയിലും പ്രതിഷേധം

മെയ് ദിനത്തിൽ അവകാശങ്ങള്‍ക്കായി പോരാട്ടം; ഫ്രാന്‍സില്‍ മാക്രോണിന്റെ കോലം കത്തിച്ചു,ഇറ്റലിയിലും പ്രതിഷേധം

ഫ്രഞ്ച് തലസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തിയത്

തൊഴിലാളി ദിനത്തിൽ വിവിധ രാജ്യങ്ങളിൽ അവകാശങ്ങൾക്കായി പോരാട്ടം. ഫ്രാന്‍സില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വിവിധ യൂണിയനുകൾ പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. ഫ്രാന്‍സിന് പുറമേ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേതനം വര്‍ധിപ്പിക്കുന്നതിനുമായി ഇറ്റലി, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളിലും തൊഴിലാളി ദിന പ്രതിഷേധങ്ങളും പണിമുടക്കുകളും നടന്നു.

കുറച്ച് മാസങ്ങളായി ഫ്രാന്‍സിലെ ജനത ഇമ്മാനുവല്‍ മാക്രാണ്‍ നടപ്പിലാക്കിയ പെന്‍ഷന്‍ നയത്തിനെതിരെ പ്രതിഷേധിക്കുകയാണ്. രാജ്യത്തെ വിരമിക്കല്‍ പ്രായം 62 നിന്ന് 64 ലേയ്ക്ക് ഉയര്‍ത്തുകയും മുഴുവന്‍ പെന്‍ഷന്‍ തുകയും ലഭിക്കണമെങ്കില്‍ 43 വര്‍ഷം ജോലി ചെയ്യണമെന്നുമാണ് ഇമ്മാനുവല്‍ കൊണ്ടുവന്ന പ്രധാന നിയമനിര്‍മ്മാണം. ഫ്രാന്‍സിന്റെ ഭാവിക്ക് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നാണ് ഇമ്മാനുവല്‍ മാക്രോണിന്റെ വാദം.

യൂണിയന്റെ നേതൃത്വത്തില്‍ പാരിസില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പോലീസിന് നേരെ കല്ലേറ് ഉണ്ടാവുകയും സൈക്കിളുകള്‍ കത്തിക്കുകയും ബസ്റ്റ് സ്‌റ്റോപ്പുകള്‍ കത്തിക്കുകയും ചെയ്തു. ലിയോണിലും സമാനമായി പ്രക്ഷോഭമുണ്ടായിരുന്നു. ഇമ്മാനുവല്‍ മാക്രോണിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം.

അവിടെ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ കത്തിക്കുകയും ചെയ്തു. തൊഴിലാളി ദിനത്തില്‍ രാജ്യത്തുടനീളം ദശലക്ഷക്കണക്കിനാളുകളാണ് മാക്രോണിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍ വാതക പ്രയോഗവും പോലീസ് നടത്തി.

അതേ സമയം ഇറ്റലിയില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളെ നേരിട്ടു. വേതനം വര്‍ധിപ്പിക്കാനും രാജ്യത്തെ നികുതി നയം പരിഷ്‌കരിക്കാനും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. രണ്ടാം ലോക മഹായുദ്ധത്തിന് നേതൃത്വം നല്‍കിയ മുസോളിനിക്ക് ശേഷം അധികാരത്തിലേറുന്ന ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവാണ് മെലോണി.

പണപ്പെരുപ്പം കാരണമാണ് നെതര്‍ലന്‍ഡിലെ തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ലേബര്‍ യൂണിയനായ എഫ്എന്‍വിയിലെ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ശമ്പള വര്‍ധന നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും എഫ്എന്‍വി മുന്നറിയിപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in