എഡ്ഗാർസ് റിങ്കെവിക്സ്
എഡ്ഗാർസ് റിങ്കെവിക്സ്

യൂറോപ്യൻ യൂണിയനിലെ ആദ്യ ഗേ പ്രസിഡന്റ് : ലാത്വിയയിൽ എഡ്ഗാർസ് റിങ്കെവിക്സ് സത്യപ്രതിജ്ഞ ചെയ്തു

ലൈംഗികാഭിമുഖ്യത്തെ പറ്റി പരസ്യമായി ചർച്ച ചെയ്ത ലാത്വിയയിലെ ആദ്യത്തെ നിയമനിർമാതാവായിരുന്നു റിങ്കെവിക്സ്

ലാത്വിയയുടെ ആദ്യ സ്വവർഗാനുരാഗിയായ പ്രസിഡന്റായി എഡ്ഗാർസ് റിങ്കെവിക്സ് സത്യപ്രതിജ്ഞ ചെയ്തു. യൂറോപ്യൻ യൂണിയനിലെ തന്നെ ആദ്യത്തെ സ്വവർഗാനുരാഗിയായ രാഷ്ട്രത്തലവനാണ് എഡ്ഗാർസ് റിങ്കെവിക്സ്. 2011 മുതൽ രാജ്യത്തെ വിദേശകാര്യ മന്ത്രിയായിരുന്നു. യൂണിറ്റി പാർട്ടി അംഗമാണ് അദ്ദേഹം. കഴിഞ്ഞ മെയ് മാസത്തിൽ മൂന്നാം റൗണ്ട് വോട്ടെടുപ്പിൽ ആണ് റിങ്കെവിക്‌സിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 100 സീറ്റുള്ള നിയമസഭയിൽ 52 വോട്ടുകൾ നേടിയാണ് 49 കാരനായ റിങ്കെവിക്സ് വിജയിച്ചത്.

മുൻപ് സോവിയറ്റിന്റെ ഭാഗമായിരുന്ന ലാത്വിയയിലെ ശ്രദ്ധേയരായ നിയമനിർമ്മാതാക്കളിൽ ഒരാളാണ് റിങ്കെവിക്സ്. 2014 ലാണ് അദ്ദേഹം താൻ സ്വർഗാനുരാഗിയാണെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ലൈംഗികാഭിമുഖ്യത്തെ പറ്റി പരസ്യമായി ചർച്ച ചെയ്ത ലാത്വിയയിലെ ആദ്യത്തെ നിയമനിർമ്മാതാവായിരുന്നു അന്നദ്ദേഹം. 2014 ന് ശേഷം സ്വവഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.

സത്യപ്രതിജ്ഞക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം റഷ്യയ്‌ക്കെതിരായ യുക്രെയ്‌ന്റെ ചെറുത്തുനിൽപ്പുകളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയത്തിൽ സ്റ്റേറ്റ് സെക്രട്ടറിയായും 1990-കളിൽ ലാത്വിയൻ റേഡിയോയിൽ പത്രപ്രവർത്തകനായും 49 കാരനായ റീങ്കെവിക്സ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ, ഉറച്ച റഷ്യൻ നിലപാടുകളും യുക്രെയ്നിന് നൽകിയിരുന്ന പിന്തുണയും മൂലം ലാത്വിയക്കാർക്കിടയിൽ അദ്ദേഹത്തിന് വലിയ ജനസമ്മതിയുണ്ടായിരുന്നു. ലാത്വിയയിൽ പ്രസിഡന്റ് ഒരു ആചാരപരമായ സ്ഥാനം മാത്രമാണെങ്കിലും, പദവി ഉപയോഗിച്ച് നിയമനിർമ്മാണം വീറ്റോ ചെയ്യാനും റഫറണ്ടം വിളിക്കാനും അദ്ദേഹത്തിന് സാധിക്കും. ലാത്വിയയുടെ പതിനൊന്നാമത്തെ പ്രസിഡന്റ് ആയാണ് റീങ്കെവിക്സ് ചുമതലയേൽക്കുന്നത്.

സത്യപ്രതിജ്ഞക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം റഷ്യയ്‌ക്കെതിരായ യുക്രെയ്‌ന്റെ ചെറുത്തുനിൽപ്പുകളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി. രാജ്യത്തിനായി വേഗത്തിലും വിവേകത്തോടെയും പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു. തന്റെ പ്രസംഗത്തിലുടനീളം അസമത്വത്തെ ഒരു പ്രധാന പ്രശ്നമായി അഭിസംബോധന ചെയ്ത അദ്ദേഹം യുവ ലാത്വിയക്കാരോട് ചുറ്റുമുള്ള ചില്ലുകൂടുകൾ തകർത്ത മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.

ലാത്വിയയിൽ സ്വവർഗ വിവാഹം നിയമവിരുദ്ധമാണ്. എന്നാൽ രാജ്യത്തിന്റെ ഭരണഘടനാ കോടതി കഴിഞ്ഞ വർഷം സ്വവർഗ ബന്ധങ്ങളെ അംഗീകരിച്ചിട്ടുണ്ട്.

"ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ, ആധുനികവും ശക്തവുമായ ലാത്വിയയുടെ സൃഷ്ടി, നിയമപരവും നീതിയുക്തവുമായ ലാത്വിയ, ജനങ്ങളുടെ ക്ഷേമം, എല്ലാവരേയും ഉൾക്കൊള്ളുന്നതും ബഹുമാനിക്കുന്നതുമായ ഒരു സമൂഹം, എന്നിവക്ക് വേണ്ടി ഞാൻ നിലകൊള്ളും. ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമുക്കീ നേട്ടം സ്വന്തമാക്കാം," റിങ്കെവിക്സ് പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ മുൻപ് സ്വവർഗാനുരാഗികളായ പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രത്തലവന്മാർ ഉണ്ടായിരുന്നില്ല. മുൻ ബെൽജിയൻ പ്രധാനമന്ത്രി എലിയോ ഡി രൂപോ ആയിരുന്നു യൂറോപ്യൻ യൂണിയന്റെ ആദ്യത്തെ സ്വർഗാനുരാഗി ആയിരുന്ന പ്രധാനമന്ത്രി. ലാത്വിയയിൽ സ്വവർഗ വിവാഹം നിയമവിരുദ്ധമാണ്. എന്നാൽ രാജ്യത്തിന്റെ ഭരണഘടനാ കോടതി കഴിഞ്ഞ വർഷം സ്വവർഗ ബന്ധങ്ങളെ അംഗീകരിച്ചിട്ടുണ്ട്.

അടുത്ത ആഴ്ച ലിത്വാനിയയിലെ വിൽനിയസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ റിങ്കെവിക്സ് ലാത്വിയയെ പ്രതിനിധീകരിക്കും.1990 കളുടെ തുടക്കത്തിൽ തകർന്ന സോവിയറ്റ് യൂണിയനിൽ നിന്ന് പിരിഞ്ഞതിന് ശേഷം 2004 ൽ EU-ൽ ചേർന്ന ലിത്വാനിയയും എസ്റ്റോണിയയും ഉൾപ്പെടെ മൂന്ന് ബാൾട്ടിക് രാജ്യങ്ങളില്‍ ഒന്നാണ് ലാത്വിയ.

logo
The Fourth
www.thefourthnews.in