ഫ്രഞ്ച് തിരഞ്ഞെടുപ്പ്:  തീവ്രവലതുപക്ഷത്തെ പിടിച്ചുകെട്ടി ഇടതുപക്ഷം; മറീൻ ലി പെന്നിന്റെ നാഷണൽ റാലി മൂന്നാം സ്ഥാനത്ത്

ഫ്രഞ്ച് തിരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷത്തെ പിടിച്ചുകെട്ടി ഇടതുപക്ഷം; മറീൻ ലി പെന്നിന്റെ നാഷണൽ റാലി മൂന്നാം സ്ഥാനത്ത്

182 സീറ്റുകളോടെ ഇടതുപക്ഷ സഖ്യം ഒന്നാമതും 163 സീറ്റ് നേടി ഇമ്മാനുവൽ മാക്രോണിന്റെ എൻസെമ്പിൾ സഖ്യം രണ്ടാമതുമെത്തി. തീവ്രവലതുപക്ഷത്തിന് ആകെ നേടാനായത് 143 സീറ്റുകളാണ്

ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തെ അധികാരക്കസേരയ്ക്ക് തൊട്ടരികെ വീഴ്ത്തി ഇടതുപക്ഷ സഖ്യം. ജൂലൈ ഏഴിന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രന്റ് നടത്തിയ മുന്നേറ്റമാണ് തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലിക്ക് തിരിച്ചടിയായത്. വോട്ടെടുപ്പിന് തൊട്ടുമുൻപ് വരെയുള്ള സർവേയിൽ 210 സീറ്റുകൾ മറീൻ ലി പെന്നിന്റെ നാഷണൽ റാലി നേടുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ഫലം വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 182 സീറ്റുകളോടെ ഇടതുപക്ഷ സഖ്യം ഒന്നാമതും 163 സീറ്റ് നേടി ഇമ്മാനുവൽ മാക്രോണിന്റെ എൻസെമ്പിൾ സഖ്യം രണ്ടാമതുമെത്തി. തീവ്രവലതുപക്ഷത്തിന് ആകെ നേടാനായത് 143 സീറ്റുകളാണ്.

577 അംഗ ഫ്രഞ്ച് അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് ഏകദേശം 289 സീറ്റുകളെങ്കിലും ആവശ്യമാണ്

രണ്ടാം ലോകയുദ്ധത്തിന് ശേഷം ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തീവ്രവലതുപക്ഷ പാർട്ടി അധികാരത്തിലേറുമെന്ന് പ്രവചിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മറീൻ ലി പെന്നിന്റെ പാർട്ടിയായിരുന്നു 33 ശതമാനം വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയത്. അതിന് പിന്നാലെ 'റിപ്പബ്ലിക്കൻ ഫ്രന്റ്' എന്ന പേരിൽ ന്യൂ പോപ്പുലർ ഫ്രന്റും മാക്രോണിന്റെ റിനൈസൻസ് പാർട്ടിയും ഉൾപ്പെടുന്ന ഒരു സംയുക്ത കൂട്ടായ്മ ഉണ്ടാക്കുകയും ത്രികോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലെ മൂന്നാം സ്ഥാനത്തുള്ള മത്സരാർഥിയെ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇടതുസഖ്യ വോട്ടുകൾ ഏകീകരിക്കപ്പെടുകയും രണ്ടാം ഘട്ടത്തിൽ നാഷണൽ റാലിക്ക് വലിയ തിരിച്ചടി ഉണ്ടാകുകയും ചെയ്തത്.

ജോ ലിക്ക് മിലോഷോ
ജോ ലിക്ക് മിലോഷോ

ജൂണിൽ നടന്ന യൂറോപ്യൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ നാഷണൽ റാലി മുന്നേറ്റം ഉണ്ടാക്കിയതോടെയാണ് മാക്രോൺ, അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സർക്കാർ അധികാരത്തിലേറി രണ്ടുവർഷം മാത്രം പിന്നീടവേ ഉള്ള അപ്രതീക്ഷിത നീക്കം പലകോണുകളിൽനിന്ന് വിമർശനത്തിന് കാരണമായിരുന്നു. നാഷണൽ റാലി പാർട്ടിയുടെ മുന്നേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ താരങ്ങളും അക്കാദമീഷ്യന്മാരും കലാകാരന്മാരുമൊക്കെ രംഗത്തുവന്നിരുന്നു.

577 അംഗ ഫ്രഞ്ച് അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് ഏകദേശം 289 സീറ്റുകളെങ്കിലും ആവശ്യമാണ്. നിലവിൽ ആർക്കും കേവലഭൂരിപക്ഷം ഇല്ലാത്തതിനാൽ കൂട്ടുകക്ഷി സർക്കാർ എന്നതാണ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ഫ്രാൻസിന് മുന്നിലെ വഴി. അല്ലെങ്കിൽ ബില്ലുകൾ പാസാക്കുന്നതിന് വേണ്ടി നിലവിലെ സർക്കാർ പ്രവർത്തിക്കുന്നത് പോലെ അഡ്‌ഹോക്ക് സർക്കാരുകൾ രൂപീകരിക്കേണ്ടി വരും. പക്ഷെ വലിയൊരു രാഷ്ട്രീയ അസ്ഥിരതയാകും ഫ്രാൻ‌സിൽ അതുണ്ടാക്കുക.

ഫ്രഞ്ച് തിരഞ്ഞെടുപ്പ്:  തീവ്രവലതുപക്ഷത്തെ പിടിച്ചുകെട്ടി ഇടതുപക്ഷം; മറീൻ ലി പെന്നിന്റെ നാഷണൽ റാലി മൂന്നാം സ്ഥാനത്ത്
ഫ്രാൻസിലെ നാഷണൽ റാലിയെ ജനാധിപത്യ വാദികൾ ഭയക്കുന്നത് എന്തുകൊണ്ട്?

തീവ്ര ഇടതുപക്ഷം മുതൽ മധ്യ-ഇടതുപക്ഷം വരെയുള്ള പാർട്ടികളുടെ വിശാല കൂട്ടായ്മയാണ് ന്യൂ പോപ്പുലർ ഫ്രന്റ്. അതിലെ തീവ്ര ഇടതുപക്ഷ പാർട്ടിയായ ജോ ലിക്ക് മിലോഷോയുടെ ഫ്രാൻസ് അൺബൗഡുമായി സഖ്യത്തിനില്ലെന്ന് മാക്രോണിന്റെ മധ്യപക്ഷ പാർട്ടിയിലെ വിവിധ അംഗങ്ങൾ നേരത്തെ പറഞ്ഞിരുന്നു. നികുതി, പെൻഷൻ, പ്രകൃതി സംരക്ഷണത്തിന് ആവശ്യമായ നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടികളുടെ വ്യത്യസ്‌ത നിലപാടുകൾ കണക്കിലെടുക്കുമ്പോൾ, തത്വത്തിൽ സാധ്യമാണെങ്കിലും, ഒരു കൂട്ടുകക്ഷി സർക്കാർ കെട്ടിപ്പടുക്കാൻ പ്രയാസമാണെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ഔപചാരികമായ ഒരു കൂട്ടുകക്ഷി സർക്കാരിന് പകരം മറ്റൊരു മാർഗമുള്ളത് നിയമനിർമാണം നടത്താൻ വേണ്ടിയുള്ള താത്കാലിക സഖ്യങ്ങൾ രൂപീകരിക്കുക എന്നതാണ്. 2022 തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെടുകയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്ത മാക്രോണിന്റെ റിൻസെസൻസ് പാർട്ടി ഈയൊരു തന്ത്രമാണ് കഴിഞ്ഞ രണ്ട് വർഷത്തോളമായി പയറ്റുന്നത്.

logo
The Fourth
www.thefourthnews.in