അന്ത്യയാത്ര ചൊല്ലുന്നത് നിത്യേന നൂറിലേറെപ്പേര്‍ക്ക്; പലസ്തീനികള്‍ക്ക് ഖബറൊരുക്കുന്ന അബു ജവാദ്

അന്ത്യയാത്ര ചൊല്ലുന്നത് നിത്യേന നൂറിലേറെപ്പേര്‍ക്ക്; പലസ്തീനികള്‍ക്ക് ഖബറൊരുക്കുന്ന അബു ജവാദ്

ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് 30 മൃതദേഹങ്ങൾ, ഏറ്റവും കൂടിയത് 800. ഗാസയിൽ ഇസ്രയേൽ അധിനിവേശം ആരംഭിച്ചതിന് ശേഷം 17,000-ത്തിലധികം ദേഹങ്ങൾ മറവ് ചെയ്തിട്ടുണ്ട് അബു ജവാദ്

64 കാരനായ അബു ജവാദ് എന്ന ഗാസ സ്വദേശി ഇപ്പോൾ ജീവിക്കുന്നത് മൃതദേഹങ്ങൾക്ക് നടുവിലാണ്. ദിനവും അടക്കാനായി എത്തിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടേതടക്കമുള്ള മൃതദേഹങ്ങളാണ് അദ്ദേഹം സ്ഥിരമായി കാണുന്ന ചിത്രം. ചിലത് പല അവയവങ്ങളും ഇല്ലാത്ത ശരീരങ്ങൾ, ചിലത് അവയവങ്ങൾ മാത്രം, ചിലത് വെറും കഷണങ്ങൾ മാത്രം, ചിലത് ചതഞ്ഞ് ഇല്ലാതായവ. അതിൽ ചിലത് സ്വന്തം പ്രിയപ്പെട്ടവരുടേത്...

27 വർഷമായി അദ്ദേഹം മൃതദേഹങ്ങൾ ഖബറടക്കുന്ന ജോലി ചെയ്യുന്നു. എന്നാൽ അത്രയും വർഷത്തിനുള്ളിൽ ഖബറടക്കിയതിനേക്കാൾ 10 മടങ്ങ് ആളുകളെ കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ മാത്രം ഖബറടക്കി. ഓരോ ദിവസവും കുറഞ്ഞത് 30 പേർ. ഏറ്റവും കൂടിയത് 800 പേർ...ഗാസയിൽ ഇസ്രയേൽ അധിനിവേശം ആരംഭിച്ചതിന് ശേഷം പതിനേഴായിരത്തിലധികം ദേഹങ്ങൾ മറവ് ചെയ്തിട്ടുള്ള അബു ജവാദ് പറയുന്നതിങ്ങനെയാണ്.

അന്ത്യയാത്ര ചൊല്ലുന്നത് നിത്യേന നൂറിലേറെപ്പേര്‍ക്ക്; പലസ്തീനികള്‍ക്ക് ഖബറൊരുക്കുന്ന അബു ജവാദ്
ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വന്നവര്‍ക്ക് നേരെ ഇസ്രയേല്‍ വെടിവെപ്പ്; ഗാസയില്‍ 112 പേര്‍ കൊല്ലപ്പെട്ടു

"എന്നെ സംബന്ധിച്ചിടത്തോളം, കൊല്ലപ്പെട്ടവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഞങ്ങൾ ആണ് മരിച്ചവർ, ഞങ്ങൾ ഇവിടെ പതുക്കെ മരിച്ച് കൊണ്ടിരിക്കുകയാണ്," മനസ് മരവിച്ച ശേഷം അദ്ദേഹത്തിന് പറയാൻ മറ്റെന്താണുണ്ടാവുക?

കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ ലോകം ഗാസയിൽ കണ്ടുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതകൾ മാത്രമാണ്. പന്ത്രണ്ടായിരത്തിൽ അധികം കുട്ടികൾ ഉൾപ്പടെ മുപ്പതിനായിരം പേരാണ് ഇതുവരെ ഗാസയിൽ മരിച്ചത്. ഗാസയിലെ കൂട്ടക്കുഴിമാടങ്ങളുടെ ചിത്രങ്ങൾ ഇസ്രയേൽ നടത്തുന്ന ക്രൂരതകളുടെ നേർചിത്രങ്ങളാണ്.

അബു ജവാദ് ഖബറൊരുക്കുന്നു
അബു ജവാദ് ഖബറൊരുക്കുന്നു

ഇസ്രയേൽ മണ്ണില്‍ ഹമാസ് അപ്രതീക്ഷ ആക്രമണം നടത്തുകയും ഇതിനുപിന്നാലെ ഇസ്രയേൽ ഗാസയിൽ കൊടും ക്രൂരതകൾ ആരംഭിക്കുകയും ചെയ്ത ഒക്ടോബർ ഏഴിന് മുൻപ് സാദി ഹസ്സൻ സുലൈമാൻ ബറക എന്ന അബു ജവാദിന്റെ ജീവിതം വളരെ ശാന്തമായിരുന്നു. മരണങ്ങൾ ഉണ്ടായാൽ ശവസംസ്‌കാര ചടങ്ങുകൾ സംഘടിപ്പിക്കുകയും മൃതദേഹം സംസ്കരിക്കാൻ വേണ്ടി തയ്യാറാക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി.

സെൻട്രൽ ഗാസയിലെ ദേർ എൽ-ബലാഹ് അഭയാർത്ഥി ക്യാമ്പിലാണ് അബു ജവാദ് താമസിക്കുന്നത്. ക്യാമ്പിൽ ആദ്യം എത്തിപ്പെട്ട ആളുകളിൽ ഒന്ന്. ഭാര്യയും 104 വയസുള്ള അമ്മയ്ക്കുമൊപ്പമാണ് താമസം. വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതചര്യ. പ്രഭാത പ്രാർത്ഥനക്ക് ശേഷം ഭക്ഷണം കഴിക്കും. നേരെ തന്റെ ഈന്തപ്പനകളും ഒലിവ് മരങ്ങളും പരിപാലിക്കാനായി പുറപ്പെടും.

ഇതിനിടയില്‍ അടുപ്പക്കാരുടെയോ, സമീപവാസികളുടെയോ മരണമുണ്ടായാല്‍ മൃതദേഹം ഒരുക്കുന്നതിനും ഖബറടക്കച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും അദ്ദേഹം മുന്നിലുണ്ടാകും. 10 മക്കളുടെ പിതാവും 116 ചെറുമക്കളുടെ മുത്തച്ഛനും ആയിരുന്ന അദ്ദേഹത്തിന്റെ ദിനങ്ങള്‍ അത്രചുരുങ്ങിയതായിരുന്നു. എന്നാൽ ഇസ്രയേൽ അധിനിവേശം ആരംഭിച്ചതിന് ശേഷം അദ്ദേഹം ദിവസം മുഴുവൻ ജോലിയെടുക്കുന്നു. എത്ര പേരെയാണ് ദിവസവും ഖബറടക്കുന്നതെന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയം ഇല്ലാതെ വന്നിരിക്കുന്നു.

അന്ത്യയാത്ര ചൊല്ലുന്നത് നിത്യേന നൂറിലേറെപ്പേര്‍ക്ക്; പലസ്തീനികള്‍ക്ക് ഖബറൊരുക്കുന്ന അബു ജവാദ്
തീരാതെ ചോരക്കൊതി; ഗാസയില്‍ മരണസംഖ്യ മുപ്പതിനായിരം കടന്നു, കൂടുതലും സ്ത്രീകളും കുട്ടികളും

ദീർഘസമയം ജോലി ചെയ്യുന്നതിനപ്പുറം ദിവസവും കണ്‍മുന്നില്‍ കാണേണ്ടിവരുന്ന ഹൃദയഭേദകമായ കാഴ്ചകളും അബു ജവാദിനെ മാനസികമായും ശാരീരികമായും തകർക്കുകയാണ്. ദിവസവും അബു ജവാദ് എത്തുമ്പോഴക്കും ഒരുപാട് പേർ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുമായി അവിടെ എത്തിയിട്ടുണ്ടാകും. ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം ഖബറടക്കാന്‍ അവസരം കാത്തുനില്‍ക്കുകയാകും. അദ്ദേഹത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്.

രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ജോലി ചെയ്യുന്നു, 'കഫൻ' ഒരുക്കുന്നു, ഖബറടക്കാനുള്ള കുഴികൾ തയാറാക്കുന്നു, സംസ്കാര പ്രാർത്ഥനകൾ നടത്തുന്നു, ദുഃഖത്തിൽ പങ്ക് ചേരുന്നു, അടക്കം ചെയ്യുന്നു. ഇതെല്ലാം ചെയ്യാനായി ഖാൻ യൂനുസിൽ നിന്ന് ജീവരക്ഷാർഥം അവിടെത്തിയ നാല്‌ പേർ അദ്ദേഹത്തെ സഹായിക്കും. ഭക്ഷണവും കൂലിയും വാദ്ഗാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ദൈവത്തിൽ നിന്നുള്ള പ്രതിഫലവും രക്തസാക്ഷികളോടുള്ള കരുണയും മാത്രമാണ് മുന്നോട്ട് നയിക്കുന്നതെന്ന് അബു ജവാദ് പറയുന്നു.

"പല മൃതദേഹങ്ങളും കൂട്ടമായിട്ടാണ് എത്തുക. ഹൃദയഭേദകമാണ് ആ കാഴ്ചകൾ. പൂർണ്ണമായും തുടച്ച് മാറ്റപ്പെട്ട കുടുംബങ്ങൾ പോലും ഉണ്ടാകും അക്കൂട്ടത്തിൽ. കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർക്കായി ഞങ്ങൾ വലിയ കുടുംബ ശവക്കുഴികൾ ഉണ്ടാക്കും. ഇവിടെ മൃതദേഹങ്ങൾ മറവ് ചെയ്യുന്ന ഇടങ്ങൾ ഒന്നൊന്നായി നിറയുകയാണ്," അബു ജവാദ് വ്യക്തമാക്കുന്നു.

നവംബറിൽ വെടിനിർത്തൽ ആരംഭിച്ച ദിവസം 800 പേരെ അടക്കം ചെയ്യാനായി എത്തിച്ചത് അബു ജവാദ് ഓർക്കുന്നു. അതിൽ കൂടുതലും കുട്ടികളായിരുന്നു. "ഞങ്ങൾ മൃതദേഹങ്ങളെ പല കഷണങ്ങളായി ശേഖരിക്കുകയായിരുന്നു. പലരുടെയും ശരീരം നിറയെ ദ്വാരങ്ങൾ ആയിരുന്നു. ഇസ്രായേലി സ്‌നൈപ്പർമാർ ടാർഗെറ്റ് പരിശീലനത്തിനായി അവരെ ഉപയോഗിച്ചതുപോലെ. ചില മൃതദേഹങ്ങളെ പുഴുങ്ങിയ ഉരുളക്കിഴങ്ങുപോലെ പോലെ ചതച്ച് കളഞ്ഞിരുന്നു. പലർക്കും മുഖത്ത് വലിയ പൊള്ളലേറ്റിരുന്നു. പലരുടെയും ശരീരം വേർതിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല. പക്ഷെ ഞങ്ങൾ പരമാവധി ശ്രമിച്ചു. 30 അടി ആഴത്തിൽ കുഴി ഉണ്ടാക്കി. അവയെ ഒരുമിച്ച് അടക്കം ചെയ്തു," അദ്ദേഹം പറയുന്നു.

സാധാരണയായി മരണപ്പെട്ടയാളുടെ ശവകുടീരത്തിൽ പേരുകൾ എഴുതി വെക്കാറുണ്ട്. അവരുടെ പ്രിയപ്പെട്ടവർക്ക് പിന്നീട് അവിടെ സന്ദർശിക്കാനും പ്രാർത്ഥിക്കാനും ആണത്. എന്നാൽ ഈ 800 പേരെ സന്ദർശിക്കാൻ അവർക്ക് പ്രിയപ്പെട്ടവരായി ആരും അവശേഷിച്ചില്ലായിരുന്നുവെന്നും അബു ജവാദ് ഓർത്തെടുക്കുന്നുണ്ട്.

സ്വന്തം കുടുംബത്തിലെ തന്നെ 67 പേരെ അബു ജവാദ് അടക്കം ചെയ്തിട്ടുണ്ട്. ഏറ്റവും അടുത്ത ബന്ധമുള്ള സഹോദര സ്ഥാനത്തുള്ളവരെ അടക്കുമ്പോഴാണ് കൂടുതല്‍ പ്രയാസം ഉണ്ടായതെന്ന് അദ്ദേഹം പറയുന്നുണ്ട്. അവരുടെ ശരീരം പല കഷണങ്ങളായി മാറിയിരുന്നു. അവരെയാരെയും തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചില്ല. മരിച്ചവരെ മറവ് ചെയ്യുന്നിടത്തേക്ക് എത്തിക്കുന്നത് എളുപ്പമല്ല കാര്യമല്ല ഗാസയിൽ. മൃതദേഹവുമായി തെരുവിലേക്ക് ഇറങ്ങാൻ കഴിയാത്തതിനാൽ ആളുകൾ അവരുടെ വീട്ടുവളപ്പിൽ മരിച്ചവരെ മറവ് ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അന്ത്യയാത്ര ചൊല്ലുന്നത് നിത്യേന നൂറിലേറെപ്പേര്‍ക്ക്; പലസ്തീനികള്‍ക്ക് ഖബറൊരുക്കുന്ന അബു ജവാദ്
കൊടുംപട്ടിണിയില്‍ ഗാസ; പോഷകാഹാരമില്ലാതെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്‌ ദാരുണാന്ത്യം, മരണമാണ്‌ ഭേദമെന്ന് പലസ്തീനികള്‍

എങ്കിലും ഈ ജോലി മരണം വരെ നിർത്താൻ അബു ജവാദ് ഉദ്ദേശിക്കുന്നില്ല. എല്ലാ ദിവസവും താന്‍ കാണുന്ന നഷ്‌ടത്തിന്റേയും ഭയത്തിന്റേയും തോത് വർധിക്കുന്നുണ്ടെങ്കിലും, എനിക്കിത് നിർത്താൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. "ഈ വംശഹത്യ നിർത്തൂ... സമാധാനപൂർണമായ ജീവിതമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പട്ടിണിയോടും യുദ്ധത്തോടും പോരാടാതെ എല്ലാ ദിവസവും സുരക്ഷിതമായി വീട്ടിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു," ആയിരക്കണക്കിന് ഗാസ നിവാസികളെപ്പോലെ അബു ജവാദ് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്.

logo
The Fourth
www.thefourthnews.in