സർക്കസ് കൂടാരത്തിൽ നിന്ന് പുറത്തുചാടി; ഇറ്റാലിയന്‍ തെരുവിൽ അലഞ്ഞുതിരിഞ്ഞ് ഒരു സിംഹം

സർക്കസ് കൂടാരത്തിൽ നിന്ന് പുറത്തുചാടി; ഇറ്റാലിയന്‍ തെരുവിൽ അലഞ്ഞുതിരിഞ്ഞ് ഒരു സിംഹം

ഇറ്റാലിയൻ മാധ്യമങ്ങൾ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിൽ സിംഹം ഇരുണ്ട തെരുവുകളിലൂടെ നടക്കുന്നതായി കാണാം. പ്രദേശ വാസികൾ ആണ് ഈ ദൃശ്യങ്ങളും പകർത്തിയത്

ഇറ്റാലിയന്‍ നഗരമായ ലാഡിസ്‌പോളി നിവാസികള്‍ കഴിഞ്ഞ ദിവസം അസാധാരണമായ ഒരു കാഴ്ച കണ്ടു. തങ്ങളുടെ തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഒരു സിംഹം. അവിശ്വസനീയം എന്ന് കരുതാം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ശനിയാഴ്ച രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. റോമിനടുത്തുള്ള കടൽത്തീര പട്ടണമായ ലാഡിസ്‌പോളിയിലെ തെരുവുകളിലൂടെയാണ് സിംഹം രാത്രി ചുറ്റി തിരിഞ്ഞ് നടന്നത്. റോഡിലൂടെ അലസമായി നടന്നു നീങ്ങുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സാഹചര്യം വിശദീകരിച്ച് ലാഡിസ്‌പോളി മേയര്‍ തന്നെ രംഗത്തെത്തി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം എന്നും വീട് വിട്ട് പുറത്തിറങ്ങരുത് എന്നും മേയര്‍ വ്യക്തമാക്കി. പ്രദേശത്തെ ഒരു സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപ്പെട്ടതായിരുന്നു ഭീമന്‍ സിംഹം എന്നാണ് വിവരം. മണിക്കൂറുകളോളം ചുറ്റി നടന്ന സിംഹത്തെ പിന്നെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു.

ഇറ്റാലിയൻ മാധ്യമങ്ങൾ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിൽ സിംഹം ഇരുണ്ട തെരുവുകളിലൂടെ നടക്കുന്നതായി കാണാം. പ്രദേശ വാസികൾ ആണ് ഈ ദൃശ്യങ്ങളും പകർത്തിയത്. രാത്രി പത്തരയോടെയാണ് ഗ്രാൻഡോ ഫേസ്ബുക് പോസ്റ്റിലൂടെ സിംഹത്തെ പിടികൂടിയതായി അറിയിച്ചത്. ആദ്യ മുന്നറിയിപ്പ് നൽകി അഞ്ച് മണിക്കൂറിന് ശേഷമാണിത്.

സിംഹത്തിന്റെ സ്ഥാനം കണ്ടെത്താൻ തന്നെ മണിക്കൂറുകളെടുത്തു. രാത്രി 10 മണിയോടെ കെണിയിൽ അകപ്പെടുന്നതിന് മുമ്പ് സിംഹം പലതവണ പിടിയിൽ നിന്ന് രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രണ്ട് തവണ മയക്കുവെടി വെച്ചാണ് സിംഹത്തെ മയക്കിയത്. പിന്നീട് എല്ലാവരും സുരക്ഷിതരാണെന്നും പട്ടണത്തിലെ അപകടനില തരണം ചെയ്തതായും അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു.

“സിംഹത്തെ സർക്കസ് ജീവനക്കാർ ഏറ്റെടുക്കും. വലിയ ആശങ്കയുടെ ഈ മണിക്കൂറുകളിൽ ലഭിച്ച അടിയന്തര സേവനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി, അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു. സർക്കസിലെ മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, മേയർ കൂട്ടി ചേർത്തു.പ്രാദേശിക വാസികളുടെ പരാതി മുന്നിൽ കണ്ട് കൊണ്ട് പട്ടണത്തിൽ സിംഹങ്ങളുള്ള സർക്കസ് നടത്താൻ താൻ അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ഇത് തടയാൻ തനിക്ക് അധികാരമില്ലെന്നും അദ്ദഹേം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in