മഹ്‌സ അമിനിയുടെ ചരമവാർഷികം: പ്രതിഷേധം ഭയന്ന് സുരക്ഷ ശക്തമാക്കി ഇറാൻ

മഹ്‌സ അമിനിയുടെ ചരമവാർഷികം: പ്രതിഷേധം ഭയന്ന് സുരക്ഷ ശക്തമാക്കി ഇറാൻ

പ്രതിഷേധക്കാരെ നിരീക്ഷിക്കുന്നതിനും തിരിച്ചറിയുന്നതിനുമായി ടെഹ്റാൻ നഗരത്തിന് ചുറ്റും പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്ന് മരിച്ച മഹ്‌സ അമിനിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഇറാനിൽ സുരക്ഷ ശക്തം. ചരമദിനാഘോഷം രാജ്യവാപകമായി ആചരിക്കാനിരിക്കെയാണ് സംഘർഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ കർശനമാക്കിയത്. പടിഞ്ഞാറൻ പ്രവിശ്യയായ കുർദിസ്ഥാനില്‍ അമിനിയുടെ ജന്മസ്ഥലത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണ്.

സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

പ്രതിഷേധക്കാരെ നിരീക്ഷിക്കുന്നതിനും തിരിച്ചറിയുന്നതിനുമായി ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരത്തിന് ചുറ്റും പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചരമ വാര്‍ഷികം ആചരിക്കാനിരിക്കെ രാജ്യത്തെ ഇന്റർനെറ്റ് പ്രവർത്തനം കഴിഞ്ഞദിവസം തടസപ്പെട്ടിരുന്നു.

വെള്ളിയാഴ്ച സഹെദാനിൽ പ്രതിഷേധം അരങ്ങേറിയതായും വാർത്തകളുണ്ട്. "മരണം അല്ലെങ്കിൽ സ്വാതന്ത്ര്യം" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് സർക്കാരിന്റെ പുതിയ നീക്കം.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് 22 വയസ്സുണ്ടായിരുന്ന മഹ്‌സ അമിനിയെന്ന കുർദിഷ് യുവതിയെ ഒരു വർഷം മുൻപ് മതകാര്യ പോലീസ് പിടികൂടിയത്. കസ്റ്റഡിയിൽ ഭീകരമായി മർദനമേറ്റ യുവതി ചികിത്സയിലിരിക്കെ കഴിഞ്ഞവർഷം സെപ്‌റ്റംബർ 16നാണ്‌ മരിച്ചത്‌.

ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയതായിരുന്നു മഹ്സ. കുടുംബത്തോടൊപ്പം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് യാഥാസ്ഥിതിക 'സദാചാര പോലീസ്' മഹ്സയെ കസ്റ്റഡിയിലെടുത്തത്.

മഹ്സയുടെ മരണത്തെത്തുടർന്ന് വലിയ പ്രതിഷേധമാണ് ഇറാനിലുടനീളം അരങ്ങേറിയത്. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമടക്കം നിരവധിപേർ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. പ്രക്ഷോഭത്തിൽ, പ്രായപൂർത്തിയാകാത്ത 71 പേർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാവുകയും ചെയ്തു.

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും അവരുടെ പ്രാദേശിക ഏജന്റുമാരും ശ്രമിക്കുകയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി

മഹ്സയുടെ കഥ അവളുടെ മരണത്തിൽ അവസാനിക്കുന്നില്ലെന്നും. അവൾ ഒരു ചരിത്രപ്രസ്ഥാനത്തിന് പ്രചോദനം നൽകിയവളാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ ഉയർത്തിക്കൊണ്ടുള്ള പ്രക്ഷോഭം ഇറാനെ മാത്രമല്ല ലോകത്തെ ഒന്നാകെ സ്വാധീനിച്ചെന്നും, എന്നും പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പ്രകടമാക്കി ഇറാന്‍ രംഗത്തെത്തിയത്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും അവരുടെ പ്രാദേശിക ഏജന്റുമാരും ശ്രമിക്കുകയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in