ഇന്ത്യക്ക് പകരം തുർക്കി;  പുതിയ കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്

ഇന്ത്യക്ക് പകരം തുർക്കി; പുതിയ കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്

സൈനിക ഡ്രോണുകളുടെ ഏറ്റവും വലിയ കയറ്റുമതി നടത്തുന്ന രാജ്യമാണ് തുർക്കി

മാലദ്വീപിൽ നിന്നും ഇന്ത്യൻ സൈനികരെ മാർച്ച് 15നകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ വ്യോമനിരീക്ഷണത്തിനായി പുതിയ ഡ്രോണുകൾ വാങ്ങാനായി തുർക്കിയുമായി 37 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് പുതിയ മാലദ്വീപ് സർക്കാർ. ഇതുവരെ മാലദ്വീപിലെ പ്രതിരോധ സേനയുമായി സഹകരിച്ച് സഹകരിച്ചു പോന്നിരുന്നത് ഇന്ത്യയായിരുന്നു. മേഖലയിലെ സമുദ്ര നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം എന്നിവ മാലദ്വീപ് സൈന്യത്തിനു വേണ്ടി ഇന്ത്യന്‍ നേവിയുടെ സൈനികരും വിമാനങ്ങളുമാണ് നിര്‍വഹിച്ചുപോന്നത്. ഇന്ത്യന്‍ സൈന്യത്തിനു പകരം ഇനി തുര്‍ക്കിയില്‍ നിന്നുള്ള ഡ്രോണുകളുടെ സേവനം ഉപയോഗിക്കാനാണ് മാലദ്വീപിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് പുതിയ കരാര്‍.

കഴിഞ്ഞ വർഷം നവംബറില്‍ മാലദ്വീപിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ ഔദ്യോഗികമായി രാജ്യത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരിരുന്നു. അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

മെഡിക്കല്‍ ഇവാക്കുവേഷന്‍, നിരീക്ഷണം, വ്യോമ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ട്രോളിങ് കപ്പല്‍, ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ്, രണ്ട് എഎല്‍എച്ച് ഹെലികോപ്റ്ററുകള്‍ എന്നിവയ്ക്കായുള്ള ക്രൂ മെമ്പേഴ്സും സാങ്കേതിക വിദഗ്ധരുമടങ്ങിയ 77 അംഗ സംഘമാണ് മാലദ്വീപിലുള്ള 'ഇന്ത്യൻ സൈന്യം'. നാല് ദിവസം മുൻപാണ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന അന്ത്യശാസനം മാലദ്വീപ് സർക്കാർ മുന്നോട്ട് വെക്കുന്നത്.

ഇന്ത്യക്ക് പകരം തുർക്കി;  പുതിയ കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്
ഇന്ത്യൻ സൈന്യം മാലദ്വീപിലെത്തിയതങ്ങനെ, തര്‍ക്കങ്ങള്‍ക്ക് പിന്നിലെന്ത്?

ദ്വീപ്സമൂഹത്തിലെ വിവിധ ദ്വീപുകളിൽ നിന്ന് രോഗികളെ 'മാലെ'യിലെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനാണ് ഹെലികോപ്റ്ററുകൾ പ്രധാനമായും ഉപയോഗിച്ചത്. സംശയാസ്പദമായ കപ്പലുകൾ, തോക്ക്, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ ഇന്ത്യന്‍ നേവിയുടെ ഡോര്‍ണിയര്‍ വിമാനങ്ങള്‍ ആയിരുന്നു നിരീക്ഷണത്തിനായി ഉപയോഗിച്ചു പോന്നത്. സമുദ്രത്തിലെ വ്യോമനിരീക്ഷണങ്ങൾ പ്രധാനമായും നടത്തിയിരുന്നത് ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ് ആയിരുന്നു. ഈ ദൗത്യമാണ് ഇനി തുർക്കിയിൽ നിന്നുള്ള ഡ്രോണുകൾ ഏറ്റെടുക്കുക.

തുര്‍ക്കിയുമായുള്ള കരാറില്‍ പറയുന്ന പണം പ്രതിരോധ ബജറ്റില്‍ നിന്ന് അനുവദിച്ചതായി മാലദ്വീപ് മാധ്യമമായ അദാധു റിപ്പോർട്ട് ചെയ്തിരുന്നു. ഗഡുക്കളായാണ് പണം തിരിച്ചടയ്‌ക്കേണ്ടത്. കൂടാതെ, വർഷത്തിനുള്ളിൽ തന്നെ ഇടപാടിനുള്ള പണം നൽകണമെന്നും കരാരിൽ പറയുന്നുണ്ട്.

ഇന്ത്യക്ക് പകരം തുർക്കി;  പുതിയ കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്
മാർച്ച് 15 നകം സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി മാലദ്വീപ്

ഡ്രോൺ യുദ്ധത്തിൽ മുൻപന്തിയിലാണ് തുർക്കി. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ള ബേക്കർ ഡിഫൻസ്, തുർക്കി സൈനിക ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസ് (ടിഎഐ) എന്നിവയാണ് ഡ്രോൺ നിർമ്മാണത്തിൽ മുൻനിരയിലുള്ള രണ്ട് കമ്പനികൾ.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (ഐഒആർ) ഇന്ത്യയുടെ പ്രധാന സമുദ്ര അതിർത്തി പങ്കിടുന്ന രാജ്യമാണ് മാലദ്വീപ്. എന്നാൽ കഴിഞ്ഞ വർഷം പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതു മുതൽ മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയിരുന്നു. 2019 ജൂണ്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിയും തമ്മില്‍ ഒപ്പുവച്ച സമുദ്ര കരാറില്‍ നിന്നും ഇതിനുമുൻപ് മാലദ്വീപ് പിന്മാറിയിരുന്നു.

ഇന്ത്യക്ക് പകരം തുർക്കി;  പുതിയ കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്
ഉഭയകക്ഷി സഹകരണത്തിനുള്ള നടപടികള്‍ തുടരും; മാലദ്വീപ് വിഷയത്തില്‍ കരുതലോടെ ഇന്ത്യ

'തീവ്ര ചൈന അനുകൂലി' എന്ന് കരുതപ്പെടുന്ന മുയിസു മുൻവിധി ലംഘിച്ച് ഇന്ത്യയ്ക്ക് പകരം തന്റെ ആദ്യ വിദേശ സന്ദർശനത്തിന്റെ ഭാഗമായി തുർക്കിയിലേക്കാണ് പോയതും വലിയ വാർത്തയായിരുന്നു, ചൈനയിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in