ഗോതബായ രജപക്സെയും മുഹമ്മദ് നഷീദും
ഗോതബായ രജപക്സെയും മുഹമ്മദ് നഷീദും

ഗോതബായ മാലിദ്വീപ് ഇടത്താവളമാക്കിയത് എന്തുകൊണ്ട്?

രജപക്‌സെ കുടുംബവും മുഹമ്മദ് നഷീദുമായുള്ള സൗഹൃദം ചര്‍ച്ചയാകുന്നു

ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ കഴിഞ്ഞദിവസം രാജ്യം വിട്ടു. ദ്വീപ് രാഷ്ട്രമായ മാലിദ്വീപിലാണ് അദ്ദേഹം അഭയം തേടിയത്. ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഗോതബായയുടെ അഭയകേന്ദ്രം മാലിദ്വീപാണെന്ന വിവരം പുറത്തുവന്നത്. വിസ്തൃതിയിലും സൈനിക - സാമ്പത്തിക ശക്തിയിലും മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യയെ തെരഞ്ഞെടുക്കാതെ ഗോതബായ മാലിദ്വീപിലേക്ക് കടന്നതിന് പിന്നിലെന്താകുമെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചോദ്യമുയര്‍ന്നു. രജപക്‌സെ കുടുംബവും മാലിദ്വീപ് നേതാവ് മുഹമ്മദ് നഷീദും തമ്മിലുള്ള സൗഹൃദം തന്നെയാണ് അതിനുത്തരമായി ഉയര്‍ന്നുകേള്‍ക്കുന്നത്.

മാലിദ്വീപ് മുന്‍ പ്രസിഡന്റും നിലവില്‍ പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദിന് ശ്രീലങ്കയുമായുള്ളത് വര്‍ഷങ്ങള്‍ നീണ്ട ബന്ധം. ലങ്കന്‍ രാഷ്ട്രീയം അടക്കിവാഴുന്ന രജപക്‌സെ കുടുംബത്തിലെ ഓരോ അംഗത്തോടും വ്യക്തിപരമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് അദ്ദേഹം. രണ്ട് മാസം മുന്‍പ് കൊളംബോയില്‍ മാലിദ്വീപ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേറ്ററായി മുഹമ്മദ് നഷീദിനെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നിയമിച്ചിരുന്നു. ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചതിനിടെയായിരുന്നു ഈ നിയമനം. ജനകീയ പ്രതിഷേധത്തിന്റെ നേതൃസ്ഥാനത്തുള്ളവര്‍ അപ്പോള്‍ തന്നെ നിയമനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദമുയര്‍ത്തി. രജപക്‌സെ കുടുംബത്തിന് സുരക്ഷിത താവളമൊരുക്കുക എന്ന അജണ്ടയാണ് നീക്കത്തിന് പിന്നിലെന്നായിരുന്നു ആരോപണം. പക്ഷെ അതെല്ലാം വ്യാജ ആരോപണങ്ങളാണെന്ന് അന്ന് തന്നെ മുഹമ്മദ് നഷീദ് തള്ളിക്കളഞ്ഞു.

പലതവണ അഭയമൊരുക്കിയ രജപക്‌സെ കുടുംബത്തെ മുഹമ്മദ് നഷീദ് തിരിച്ചും സഹായിച്ചെന്നാണ് വിലയിരുത്തല്‍

1981ല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ഒരു വര്‍ഷം കൊളംബോയില്‍ കഴിഞ്ഞത് മുതല്‍ തുടങ്ങിയതാണ് മുഹമ്മദ് നഷീദിന്റെ ലങ്കന്‍ ബന്ധം. 1990കളില്‍ മാലിദ്വീപില്‍ അബ്ദുല്‍ ഗയൂമിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ നഷീദ് പലതവണ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു. അക്കാലത്തെല്ലാം അഭയമൊരുക്കിയത് ശ്രീലങ്കന്‍ ഭരണകൂടവും രജപക്‌സെ കുടുംബവും. 2003ല്‍ മാലിദ്വീപിലെ പ്രക്ഷോഭകാലത്തും മുഹമ്മദ് നഷീദ് ആശ്രയിച്ചത് ശ്രീലങ്കയെ. മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചതും അവിടെ വെച്ചുതന്നെ. 2008ല്‍ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായപ്പോഴും ലങ്കയുടെ അടുത്ത സുഹൃത്തായി അദ്ദേഹം തുടര്‍ന്നു. 2016ല്‍ മാലിദ്വീപിലെ സൈനിക അട്ടിമറി കാലത്തും ശ്രീലങ്കയാണ് മുഹമ്മദ് നഷീദിന് കരുത്തായത്. പലതവണ അഭയമൊരുക്കിയ രജപക്‌സെ കുടുംബത്തിന് ജനകീയപ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മുഹമ്മദ് നഷീദ് തിരിച്ച് സഹായിച്ചുവെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ശ്രീലങ്കന്‍ പ്രസിഡന്റായ ഗോതബായ രജപക്‌സയെയാണ് രാജ്യം സ്വീകരിച്ചതെന്നാണ് മാലിദ്വീപ് സര്‍ക്കാരിന്റെ നിലപാട്. രജപക്‌സെയും ഒപ്പമുണ്ടായിരുന്ന 13 പേരും എത്തിയ ശ്രീലങ്കന്‍ സൈനിക ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ മാലിദ്വീപ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ലാന്‍ഡിങ് അനുവദിക്കുകയായിരുന്നു. മാലിദ്വീപില്‍ നിന്ന് വ്യാഴാഴ്ച സൗദി എയര്‍ലൈന്‍സില്‍ സിംഗപ്പൂരിലേക്ക് പോയ ഗോതബായ രജപക്‌സെ അവിടെ തുടരുമോ മറ്റ് ഇടങ്ങളിലേക്ക് പോകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

logo
The Fourth
www.thefourthnews.in