മോഷ്ടിച്ചത് വിലപിടിപ്പുള്ള വൈൻ; ദമ്പതികൾക്ക് തടവ് ശിക്ഷ

മോഷ്ടിച്ചത് വിലപിടിപ്പുള്ള വൈൻ; ദമ്പതികൾക്ക് തടവ് ശിക്ഷ

2021ൽ സ്പാനിഷ് നഗരമായ കാസെറസിലെ ഒരു ആഡംബര ഹോട്ടലിൽ ദമ്പതികൾ അതിഥികളായി താമസിക്കുമ്പോഴാണ് സംഭവം.

വൈൻ മോഷ്ടിച്ചതിന് സ്പെയിനിൽ ദമ്പതികൾക്ക് നാല് വർഷം തടവു ശിക്ഷ. 17 ലക്ഷം അമേരിക്കൻ ഡോളർ വിലമതിക്കുന്ന 45 കുപ്പി വൈൻ മോഷ്ടിച്ചതിനാണ് മുൻ മെക്സിക്കൻ സൗന്ദര്യ റാണിയെയും പങ്കാളിയെയും സ്പെയിനിൽ തടവിന് ശിക്ഷിച്ചത്. പ്രിസില ലാറ ഗുവേര, കോൺസ്റ്റാന്റിൻ ദുമിത്രു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2021ൽ സ്പാനിഷ് നഗരമായ കാസെറസിലെ ഒരു ആഡംബര ഹോട്ടലിൽ ദമ്പതികൾ അതിഥികളായി താമസിക്കുമ്പോഴാണ് വൈൻ മോഷ്ടിച്ചത്.

2021 ഒക്ടോബറിൽ വ്യാജ സ്വിസ് പാസ്‌പോർട്ട് ഉപയോഗിച്ചാണ് പ്രിസില ലാറ ഗുവേര സ്പെയിനിലെത്തിയത്. ഹോട്ടലിൽ ആദ്യം പ്രിസിലയും പിന്നാലെ കോൺസ്റ്റാന്റീനും എത്തുകയായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം ഇരുവരും വൈൻ കലവറ സന്ദർശിച്ചു. ഗൈഡുമായി പോയ കലവറ സന്ദർശനത്തിന് ശേഷം അടുത്ത ദിവസം പുലർച്ചെ എത്തിയാണ് മോഷണം നടത്തിയതെന്നാണ് കണ്ടെത്തൽ. മോഷ്ടിച്ച താക്കോലുപയോഗിച്ചായിരുന്നു ഇവർ വീണ്ടും വൈൻ നിലവറയിലെത്തിയതെന്നാണ് കണ്ടെത്തൽ. പ്രിസില ജീവനക്കാരുടെ ശ്രദ്ധ തിരിച്ചപ്പോൾ ദുമിത്രു താക്കോൽ കൈക്കലാക്കുകയായിരുന്നു. എന്നാൽ ഇവർ കോടതിയിൽ കുറ്റം നിഷേധിച്ചു.

കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനായി ദമ്പതികൾ നേരത്തെ മൂന്ന് തവണ ഇതേ ഹോട്ടലിലെത്തിയിരുന്നു. 19-ാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ വിലപിടിപ്പുള്ള വൈനടക്കമാണ് മോഷണം പോയത്. ഇതിന്റെ വില 3,50,000 യൂറോ ആണ്. മോഷണത്തിന് പിന്നാലെ ഒളിവിൽ പോയ ഇവർക്കായി ഒൻപത് മാസത്തോളമാണ് അധികൃതർ തെരച്ചിൽ നടത്തിയത്. മോണ്ടിനെഗ്രോയിൽ നിന്ന് ക്രൊയേഷ്യയിലേക്ക് കടക്കുന്നതിനിടെ ഇരുവരെയും ജൂലായിൽ പിടിക്കുകയായിരുന്നു. എന്നാൽ മോഷണം പോയ വൈൻ കണ്ടെത്താൻ സാധിച്ചിട്ടില്ല.

തടവ് ശിക്ഷയ്ക്ക് പുറമെ 7,50,000 യൂറോയിലധികം തുക ഇരുവരും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ദമ്പതികൾ കോടതി വിധിക്കെതിരെ അപ്പീലിന് പോകാനാകും.

logo
The Fourth
www.thefourthnews.in