മയക്കുമരുന്ന് കാർട്ടലുകളും മെക്സിക്കോയും ; ദശാബ്ദങ്ങൾ നീളുന്ന രക്തരൂഷിത പോരാട്ടത്തിന്റെ കഥ

മയക്കുമരുന്ന് കാർട്ടലുകളും മെക്സിക്കോയും ; ദശാബ്ദങ്ങൾ നീളുന്ന രക്തരൂഷിത പോരാട്ടത്തിന്റെ കഥ

മയക്കുമരുന്ന് സംഘത്തലവന്‍ ഒവിഡിയോ ഗുസ്മാൻ-ലോപ്പസിന്റെ അറസ്റ്റിനെ തുടർന്ന് വലിയ കലാപങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്

മയക്കുമരുന്ന് മാഫിയകളുടെ വലിയ അരാജകത്വത്തിനും അക്രമങ്ങൾക്കും എതിരെ ദശാബ്ദങ്ങളായി പോരാട്ടം നടത്തുന്ന രാജ്യമാണ് മെക്സിക്കോ. രാജ്യത്തെ ഭരണസംവിധാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന ഈ വൻസംഘങ്ങൾ മെക്സിക്കോയുടെ അതിർത്തിക്കൾക്കപ്പുറം അന്താരാഷ്ട്ര തലത്തിൽ തന്നെ നിലയുറപ്പിച്ചിട്ടുള്ളതാണ്. കുപ്രസിദ്ധ മെക്സിക്കൻ കുറ്റവാളിയായ എൽ ചപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാൻ-ലോപ്പസിന്റെ അറസ്റ്റിനെ തുടർന്ന് വലിയ കലാപങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

എൽ ചാപ്പോയുടെ മയക്കുമരുന്ന് കാർട്ടലായ ' സിനലോവ കാർട്ടൽ ' മെക്സിക്കോയിലെ ഏറ്റവും പഴക്കമേറിയതും സ്വാധീനമുള്ളതുമായ മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകളിൽ ഒന്നാണ്. 2019 ൽ എൽ ചാപ്പോ യു എസിൽ ജയിലിലായതിന് ശേഷം ചപ്പോയുടെ മകനായ ലോപ്പസ് ആണ് വിവിധ ഘടകങ്ങളെ നിയന്ത്രിച്ചു പോന്നിരുന്നത്. അറസ്റ്റിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും രണ്ട് വിമാനങ്ങൾക്ക് വെടിയേൽക്കുകയും ചെയ്തു. സിനാലോവ സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

മെക്സിക്കോയിലെ മയക്കുമരുന്ന് കാർട്ടലുകൾ നിരന്തരമായി പിളരുകയും അങ്ങനെയുണ്ടാകുന്ന ചെറിയ സംഘങ്ങൾ വളർന്ന് വലുതാവുകയും ചെയ്യുന്നതാണ്. ഇവർ പരസ്പരം സഖ്യങ്ങൾ ഉണ്ടാക്കുകയും പരസ്പരം പോരാടുകയും ചെയ്യുന്നു. കൂട്ടത്തിൽ ശക്തരായവർ എപ്പോഴും ആധിപത്യം പുലർത്തുന്നു. ഇത്തരം ഗ്രൂപ്പുകൾക്കെതിരെ മെക്സിക്കൻ സർക്കാർ രംഗത്തിറങ്ങിയത് 2006 ലാണ്.

ഈ മയക്കുമരുന്ന് കടത്ത് സംഘങ്ങൾ മിക്കവാറും അന്തർദേശീയ ക്രിമിനൽ സംഘങ്ങൾ ആയി അറിയപ്പെടുന്നവയാണ്. അമേരിക്കയിലെ കൊക്കെയ്ൻ, ഫെന്റനൈൽ, ഹെറോയിൻ, മരിജുവാന, മെതാംഫെറ്റാമൈൻ എന്നിവയുടെ ഇറക്കുമതിയിലും വിതരണത്തിലും ഇവർ ആധിപത്യം പുലർത്തുന്നുണ്ട്. ഹെറോയിനേക്കാൾ അൻപത് മടങ്ങ് വരെ വീര്യമുള്ള സിന്തറ്റിക് ഒപിയോയിഡായ ഫെന്റനൈലിന്റെ പ്രധാന കേന്ദ്രമാണ് മെക്സിക്കോ. 2019 നും 2020 നും ഇടയിൽ മെക്സിക്കൻ അധികൃതർ പിടിച്ചെടുത്ത ഫെന്റനൈലിന്റെ അളവ് മുമ്പത്തേതിനേക്കാൾ ഏകദേശം അഞ്ചിരട്ടിയാണ്.

മെക്സിക്കോയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഗ്രൂപ്പുകളിൽ ഒന്നായ സിനലോവ കാർട്ടലിന് രാജ്യത്താകമാനം വലിയ സ്വാധീനമുണ്ട്, അതിന് പുറമെ മറ്റ് അമ്പതോളം രാജ്യങ്ങളിലും ഫെന്റനൈലിന്റെ ഉൽപ്പാദനവും വിൽപ്പനയും നടക്കുന്നു. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ, ബെൽട്രാൻ-ലെയ്വ ഓർഗനൈസേഷൻ , ലോസ് സെറ്റാസ് , ഗൾഫ് കാർട്ടൽ തുടങ്ങി സ്വദേശത്തും വിദേശത്തുമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന നിരവധി കാർട്ടലുകളുണ്ട്. ഇവർ അധികാരത്തിന് വേണ്ടി തമ്മിൽ തല്ലുകയും പണമൊഴുക്കി അധികാരകേന്ദ്രങ്ങളെ സ്വന്തം പരിധിയിൽ നിർത്തുകയും ചെയ്യുന്നു.

ഭരണകർത്താക്കളെ ഉൾകൊള്ളുന്ന പല ശ്രേണികളിലൂടെ പണം ഒഴുക്കി രാജ്യത്തെ മുഴുവനായി കൈപ്പിടിയിലൊതുക്കി വെക്കാൻ പലപ്പോഴും ഈ മാഫിയകൾക്ക് സാധിക്കുന്നു എന്നതാണ് മെക്സിക്കോയിലെ ഏറ്റവും വലിയ ആശങ്ക. അതിലൂടെ അവർക്ക് വിതരണാവകാശങ്ങളും വിപണി പ്രവേശനവും സംരക്ഷണവും നേടാൻ കഴിഞ്ഞു. ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി (പിആർഐ) മെക്സിക്കോ ഭരിച്ചിരുന്ന 70 വർഷമായി എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി ഈ കാർട്ടലുകൾ തഴച്ചു വളർന്നു. ന്യായാധിപന്മാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പണം നൽകാൻ കാർട്ടലുകൾ അവരുടെ ലാഭത്തിന്റെ വലിയ ഒരു ഭാഗം ഉപയോഗിക്കുന്നു.

പിആർഐയുടെ അശ്വമേധം 2000-ൽ യാഥാസ്ഥിതിക നാഷണൽ ആക്ഷൻ പാർട്ടിയുടെ പ്രസിഡന്റ് വിസെന്റെ ഫോക്സിന്റെ തിരഞ്ഞെടുപ്പോടെ അവസാനിച്ചു. പിന്നാലെയാണ് മെക്സിക്കോയിൽ സർക്കാർ - മാഫിയ സംഘർഷം വളർന്നു തുടങ്ങിയത്. ഫിലിപ്പ് കാൽഡെറോൺ പ്രസിഡന്റായി അധികാരമേറ്റ 2006 ഓടെ ഈ സംഘർഷം രൂക്ഷമാവുന്നു. അക്കാലത്ത് വലിയ തോതിൽ കാർട്ടലുകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞു. യുഎസ് സഹായത്തോടെ, മെക്സിക്കോയിലെ ഏറ്റവും പ്രബലരായ മുപ്പത്തിയേഴ് മയക്കുമരുന്ന് മാഫിയാ തലവന്മാരില്‍ ഇരുപത്തഞ്ചുപേരെ മെക്സിക്കൻ സൈന്യം പിടികൂടുകയോ കൊല്ലുകയോ ചെയ്തു.

പിന്നീട് വന്ന ഭരണാധികാരികളും പല നയങ്ങളിലൂടെ മെക്സിക്കോയെ ലഹരിയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കാൻ ആഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു. സമീപകാല മെക്സിക്കൻ ഭരണകൂടങ്ങൾ സുരക്ഷാസേനയെ വിന്യസിച്ചുകൊണ്ടാണ് ഈ കാർട്ടലുകളെ ഒതുക്കാന്‍ നോക്കിയത്. എന്നാൽ ഇത് അക്രമങ്ങള്‍ രൂക്ഷമാക്കി. 2006 മുതൽ കാർട്ടലുകളുമായി ബന്ധപ്പെട്ട് 3.6 ലക്ഷം പേർ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ രാഷ്ട്രീയക്കാരും വിദ്യാർഥികളും മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമൊക്കെ ഉള്‍പ്പെടുന്നു. 2021ല്‍ രാജ്യത്തെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി രാഷ്ട്രീയ പ്രവർത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടിരുന്നു. 2006 മുതൽ എഴുപത്തൊമ്പതിനായിരത്തിലധികം പേർ അപ്രത്യക്ഷരായിട്ടുണ്ട്. കാർട്ടലുകളും അധികാരികളും തമ്മിലുള്ള പോരാട്ടങ്ങൾ തുടരുമ്പോൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് മെക്സിക്കോയിലെ മനുഷ്യർ നേരിടുന്നത്.

logo
The Fourth
www.thefourthnews.in