നെറ്റ്ഫ്‌ളിക്‌സ്
നെറ്റ്ഫ്‌ളിക്‌സ്

സ്വവര്‍ഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം: നെറ്റ്ഫ്‌ളിക്‌സിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

സൗദി അറേബ്യയില്‍ ഇപ്പോഴും സ്വവര്‍ഗ്ഗരതി വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്

നെറ്റ്ഫ്‌ളിക്‌സ് സ്വവര്‍ഗ്ഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്ത്. മതവികാരം വ്രണപ്പെടുത്തുന്നതിലുപരി സ്വവര്‍ഗ്ഗ ലൈംഗികത കാണിക്കുന്ന സീരിസുകള്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ സംപ്രേഷണം ചെയ്തതാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സില്‍ ഏതൊക്കെ ഉള്ളടക്കങ്ങളാണ് കുറ്റകരമെന്ന് തോന്നുന്നത് എന്ന് സമിതി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി മീഡിയ റെഗുലേറ്ററും ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കമുള്ള പരിപാടികള്‍ ഏതാണെന്ന് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ കുട്ടികള്‍ക്കായി മാത്രമുള്ള ചില പരിപാടികള്‍ ഒഴിവാക്കാന്‍ നെറ്റ്ഫ്‌ളിക്‌സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ , യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഉള്‍പ്പെടുന്നതാണ് ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സില്‍.

ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ , യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഉള്‍പ്പെടുന്നതാണ് ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സില്‍.

സമിതിയുടെ ഭാഗമായി ചുമതപ്പെടുത്തിയിട്ടുള്ള അധികാരികള്‍ നെറ്റ്ഫ്ലിക്സ് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. നിയമലംഘനം നടത്തിയാല്‍ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നെറ്റ്ഫ്‌ളിക്‌സിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ നെറ്റ്ഫ്‌ളിക്‌സ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

സൗദി സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഇക്ബാരിയ എന്ന ചാനല്‍ നെറ്റ്ഫ്‌ളിക്‌സില്‍ കുട്ടികള്‍ക്കുള്ള സിനിമകളിലും സീരിസുകളിലും സ്വവര്‍ഗ്ഗരതി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചിരുന്നു.ജുറാസിക് വേള്‍ഡ് ക്യാമ്പ് ക്രിറ്റേഷ്യസ് എന്ന ആനിമേറ്റഡ് ഷോയില്‍ രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ ചുംബിക്കുന്ന രംഗത്തെയും ചാനല്‍ വിമര്‍ശിച്ചു.

രാജ്യം സെന്‍സര്‍ഷിപ്പ് പ്രതിസന്ധി നേരിടുന്നു

കുട്ടികള്‍ക്കായുള്ള പരിപാടികളില്‍ സ്വവര്‍ഗ്ഗരതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഭാഗങ്ങളുള്ളത് നിര്‍ഭാഗ്യകരമാണെന്ന് ഒരു അഭിഭാഷകനും അഭിപ്രായപ്പെട്ടിരുന്നു. രാജ്യം ഒരു സെന്‍സര്‍ഷിപ്പ് പ്രതിസന്ധി നേരിടുകയാണെന്നാണ് ഒരു വിദ്യാഭ്യാസ ഉപദേഷ്ടാവ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്. സ്വവര്‍ഗ്ഗരതിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ യുഎസ് സിനിമാ വിതരണക്കാരുമായി ഗള്‍ഫ് രാജ്യങ്ങള്‍ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ലെസ്ബിയന്‍ ചുംബനം ഉള്‍ക്കൊള്ളുന്ന ഡിസ്‌നിയുടെ ആനിമേറ്റഡ് ചിത്രമായ ലൈറ്റ് ഇയര്‍ ജൂണില്‍ യുഎഇ നിരോധിച്ചിരുന്നു.

നിയമലംഘനം നടത്തിയാല്‍ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നെറ്റ്ഫ്‌ളിക്‌സിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഗള്‍ഫ് മേഖലയിലെ ലിബറല്‍ രാജ്യമായി യുഎഇയെ കണക്കാക്കുന്നുണ്ടെങ്കിലും അവിടെയും പല ചിത്രങ്ങളും എഡിറ്റ് ചെയ്താണ് പ്രക്ഷേകരിലേയ്ക്ക് എത്തുന്നത്. 2017 ല്‍ മാത്രമാണ് സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനം തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ മാര്‍വല്‍ സൂപ്പര്‍ഹീറോ ചിത്രമായ ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് ഇന്‍ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസിലെ എല്‍ജിബിടി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഭാഗങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാർ അത് അനുസരിച്ചിരുന്നില്ല.

സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നവരെ വധശിക്ഷ വിധിക്കാന്‍ അധികാരമുള്ള രാജ്യമാണ് സൗദി അറേബ്യ

അതോടെ രാജ്യത്ത് ആ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സൗദി അറേബ്യ അനുവദിച്ചില്ല. സൗദി അറേബ്യയില്‍ ഇതുവരെ സ്വവര്‍ഗ്ഗബന്ധങ്ങളെ അംഗീകരിച്ചിട്ടില്ല. ഇപ്പോഴും സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നവരെ വധശിക്ഷ വിധിക്കാന്‍ അധികാരമുള്ള രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ ജൂണില്‍ സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള നടപടികളുടെ ഭാഗമായി കടകളിലെ മഴവില്‍ നിറമുള്ള വസ്തുക്കളെല്ലാം സൗദി സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in