ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ; ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വിസയ്ക്ക് തീരുമാനം

ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ; ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വിസയ്ക്ക് തീരുമാനം

യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ഏകീകൃത ടൂറിസ്റ്റ് വിസ ഉപയോഗിച്ച് സന്ദർശിക്കാൻ കഴിയുക

ഒരു വിസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് യു എ ഇ. ഷെങ്കൻ മാതൃകയിൽ ഏകീകൃത വിസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത മാസം ചർച്ച ചെയ്യുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ്‌ അൽ മാരിയെ ഉദ്ധരിച്ച് ഔദ്യോഗിക ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ ആറ് രാജ്യങ്ങളാണ് ഏകീകൃത ടൂറിസ്റ്റ് വിസ ഉപയോഗിച്ച് സന്ദർശിക്കാൻ കഴിയുക.

നിലവില്‍ യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് വിസരഹിതയാത്ര ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.

ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി സി സി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാൻ തീരുമാനിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനുപിന്നാലെയാണ് യു എ ഇ മന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്.

നിയമങ്ങളും നടപടിക്രമണങ്ങളും അന്തിമമാക്കുന്നതനുസരിച്ച് 2024ലോ 2025ലോ ഷെങ്കന്‍ വിസ മാതൃകയിലുള്ള പുതിയ ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറങ്ങും. ഗൾഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ; ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വിസയ്ക്ക് തീരുമാനം
ഇനി മൂന്ന് മാസമില്ല; സന്ദർശക വിസയുടെ കാലാവധി വെട്ടിച്ചുരുക്കി യുഎഇ

ഗൾഫ് മേഖലയിലുടനീളം സാമ്പത്തിക മുന്നേറ്റം വളർത്തിയെടുക്കാൻ ഈ നടപടി സ്വീകാര്യമാകുമെന്ന് യു എ ഇ മന്ത്രി അഭിപ്രായപ്പെട്ടു. എമിറേറ്റ്സ് ടൂറിസം കൗൺസിൽ ഏഴ് എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് റൂട്ട് യു എ ഇയിൽ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏകീകൃത ടൂറിസ്റ്റ് വിസ നിലവിൽ വന്നശേഷം, അറേബ്യൻ ഗൾഫ് മേഖലയിലെത്തുന്ന അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെ ജിസിസി രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നതിനായി പുതിയ ടൂറിസം പദ്ധതി തയ്യാറാക്കുന്നത് പരിഗണനയിലുണ്ട് . ഇതിനായുള്ള ചർച്ചകളും നീക്കങ്ങളും നടന്നുവരുന്നതായി മന്ത്രി പറഞ്ഞു.

ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ; ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വിസയ്ക്ക് തീരുമാനം
മൂന്ന് തരം നിക്ഷേപങ്ങളുള്ള പുതിയ ഗ്രാറ്റുവിറ്റി സംവിധാനവുമായി യുഎഇ; വിശദവിവരങ്ങൾ ഇങ്ങനെ

യു എ ഇ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സംഭാവനകളിലൊന്നാണ് ടൂറിസം. ജി ഡി പിയിൽ ടൂറിസം മേഖലയുടെ നിലവിലെ സൂചിക 14 ശതമാനമാണ്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ടൂറിസം ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഇത് 18 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. എല്ലാ ജിസിസി രാജ്യങ്ങളുടെയും ജി ഡി പിയിൽ വലിയ വളർച്ച ഏകീകൃത വിസ സംവിധാനത്തിലൂടെ കൈവരിക്കാൻ സാധിക്കുമെന്നും യു എ ഇ മന്ത്രി പറഞ്ഞു.

വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 200 ശതമാനത്തിലധികം വളർച്ചയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ജിസിസി രാജ്യങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 3.98 കോടിയിലെത്തിയിരുന്നു. 2021നെ അപേക്ഷിച്ച് 136.6 ശതമാനം വളർച്ചയാണ് 2022ൽ ഉണ്ടായിരിക്കുന്നത്. 2030ഓടെ സന്ദർശകരുടെ എണ്ണം 12.87 കോടി ആയി വർധിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

എന്താണ് ഷെങ്കൻ വിസ?

യൂറോപ്യന്‍ യൂണിയനിലെ 22 അംഗ രാജ്യങ്ങളടക്കം, യൂറോപ്പിലെ ഷെങ്കന്‍ അംഗത്വമുള്ള 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. 90 ദിവസം ഈ വിസയുടെ പിൻബലത്തിൽ ഷെങ്കന്‍ രാജ്യങ്ങളിൽ താമസിക്കാനും യാത്ര ചെയ്യാനും സാധിക്കും. 1985 ൽ തുടങ്ങിയ ഷെങ്കന്‍ വിസ ഉടമ്പടിയിൽ തുടക്കത്തിൽ ഏഴ് രാജ്യങ്ങളാണ് ഒപ്പുവച്ചിരുന്നത്.

ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷിയ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്‌, എസ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്വിയ, ലക്‌സംബർഗ്, ലിത്വാനിയ, ലിക്റ്റൻ‌സ്റ്റൈൻ, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർട്ടുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഷെങ്കന്‍ രാജ്യങ്ങൾ.

നോർവേയും ഐസ് ലാൻഡും യൂറോപ്പിന് യൂണിയനിൽ അംഗങ്ങളല്ലെങ്കിലും ഈ രാജ്യങ്ങളിൽ ഷെങ്കന്‍ വിസ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ബ്രിട്ടൺ അയർലൻഡ് എന്നീ രാജ്യങ്ങളിൽ ഷെങ്കന്‍ വിസ അനുവദിനീയമല്ല.

logo
The Fourth
www.thefourthnews.in