എട്ട് മുൻ ഇന്ത്യന്‍ നാവികർക്ക് ഖത്തർ വധശിക്ഷ വിധിച്ചത് എന്തിന്? എന്താണ് അൽ ദഹ്‌റ കേസ്?

എട്ട് മുൻ ഇന്ത്യന്‍ നാവികർക്ക് ഖത്തർ വധശിക്ഷ വിധിച്ചത് എന്തിന്? എന്താണ് അൽ ദഹ്‌റ കേസ്?

നാവിക സേനയില്‍നിന്ന് വിരമിച്ച ശേഷം ഖത്തറിലെ സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നവരാണ് കേസില്‍ പെട്ടതും ശിക്ഷിക്കപ്പെട്ടിരിക്കുന്നതും

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് ഖത്തർ കോടതി. ചാരവൃത്തിയാണ് ഇവർക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റമെന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങൾ. ഒരു വർഷത്തിലേറയായി ഖത്തറിൽ ഏകാന്ത തടവിൽ കഴിയുകയായിരുന്നു ഈ ഉദ്യോഗസ്ഥർ.

ഖത്തർ തലസ്ഥാനമായ ദോഹയിൽ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആൻഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മുൻ നാവികസേനാ ഉദ്യോസ്ഥരെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തർ തടവിലാക്കിയത്. ഖത്തർ നാവികസേനക്കായി പരിശീലനം നൽകുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി.

എട്ട് മുൻ ഇന്ത്യന്‍ നാവികർക്ക് ഖത്തർ വധശിക്ഷ വിധിച്ചത് എന്തിന്? എന്താണ് അൽ ദഹ്‌റ കേസ്?
ചാരവൃത്തിക്കുറ്റം: എട്ട് ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ വധശിക്ഷ

വധശിക്ഷ ലഭിച്ച നാവികർ ആരൊക്കെ?

ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്‌ലര്‍ രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചത്.

പൂര്‍ണേന്ദു തിവാരിയാണ്ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആൻഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയരക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യൻ പടക്കപ്പലുകളിലടക്കം കമാൻഡറായി പ്രവർത്തിച്ച പൂര്‍ണേന്ദു തിവാരി 2019ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്ര റാം നാഥ് കോവിന്ദിൽനിന്ന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ഉൾപ്പടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.

2022 ഓഗസ്റ്റ് 30ന് രാത്രിയാണ് എട്ടുപേരെയും ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. അൽ ദഹ്‌റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തർ തിരിച്ചയച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമൂഹമാധ്യമമായ എക്സി(അന്ന് ട്വിറ്റർ)ലൂടെയായിരുന്നു ഇവർ സംഭം ഇന്ത്യൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. '' 57 ദിവസമായി എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ ദോഹയിൽ അനധികൃത തടങ്കലിലാണ്. ഇവരെ വൈകാതെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു,'' എന്നായിരുന്നു കഴിഞ്ഞ വർഷം ഒക്ടോബർ 15ന് മീതു ഭാർഗവ എന്ന അക്കൗണ്ടിൽ വന്ന ട്വീറ്റ്.

എന്താണ് നാവികർക്കെതിരായ കുറ്റം?

ചാരവൃത്തിയാണ് ശിക്ഷയുടെ കാരണമെന്ന് പരക്കെ സൂചനകളുണ്ടെങ്കിലും തടവിലാക്കിയതിന്റെ കാരണം ഖത്തർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേസിൽ ഉൾപ്പെട്ട എട്ട് പേർക്കും വധശിക്ഷ വിധിച്ചുവെന്ന വിവരം ഇന്ന് വൈകിട്ടോടെയാണ് പുറത്തുവന്നത്.

അതേസമയം, ഇറ്റലിയിൽനിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേർക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യൻ, അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നത്.

ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാന്‍ ഖത്തര്‍ രഹസ്യനീക്കം നടത്തിയിരുന്നു. ഇറ്റലിയുമായി ചേർന്നാണ് ഖത്തർ അന്തർവാഹിനി നിർമാണം നടത്തിയിരുന്നത്. ശത്രുരാജ്യങ്ങളുടെ റഡാറിൽ പെടാതെ മറഞ്ഞ് സഞ്ചരിക്കാന്‍ കഴിയുന്ന ഈ കപ്പലുകളുടെ വിശദാംശങ്ങള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയയെന്നാണ് ആരോപണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആൻഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് ഖത്തർ നാവികസേനയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നത്.

അറസ്റ്റിലായവര്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കുവേണ്ടി ജോലി ചെയ്യുന്നവരാണെന്നാണ് പാകിസ്താന്‍ മാധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇന്ത്യയ്ക്കും ഖത്തറിനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾക്കുമിടയിൽ വിള്ളൽ വീഴ്ത്താനുള്ള പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുടെ നീക്കമാണ് കേസെന്ന ആരോപണമാണ് ഇന്ത്യയിൽ ഉയർന്നത്.

നാവികരുടെ കാര്യത്തിൽ ഇനിയെന്ത്?

2022 ഓഗസ്റ്റ് 30ന് ഖത്തർ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത എട്ട് പേരെയും വൈകാതെ തടവലിടുകയായിരുന്നു. കേസിൽ മാര്‍ച്ച് 29 നായിരുന്നു ആദ്യ വാദം നടക്കുന്നത്. ഏഴു ഘട്ടങ്ങളിലായി തുടർന്ന വിചാരണ ഒക്ടോബർ മൂന്നു വരെ നീണ്ടു. വിചാരണ കാലഘട്ടങ്ങളിൽ തന്നെ എട്ടുപേരും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അവയെല്ലാം ഖത്തർ കോടതി തള്ളിക്കളയുകയായിരുന്നു. എട്ട് പേര്‍ക്കും വധശിക്ഷ ലഭിക്കാനിടയുണ്ടെന്ന തരത്തില്‍ ഈ മാസമാദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പ്രാഥമിക കോടതിയാണ് നാവികർക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. മേൽക്കോടതിയിൽ അപ്പീൽ നൽകാൻ നാവികർക്ക് കഴിയും. ഈ അവസവരവും നയതന്ത്ര ബന്ധങ്ങളും ഉപയോഗപ്പെടുത്താനായിരിക്കും ഇന്ത്യയുടെ ഇനിയുള്ള ശ്രമം.

ഒക്ടോബർ ഒന്നിന് ദോഹയിലെ ഇന്ത്യൻ പ്രതിനിധിക്ക് എട്ടു പേരെയും സന്ദർശിക്കാൻ ഖത്തർ അനുമതി നൽകിയിരുന്നു. ഏകാന്ത തടവിലായിരുന്ന ഇവരെ സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി ഇവർക്ക് എല്ലാ തരത്തിലുമുള്ള നിയമപരമായ സഹായവും വാഗ്ദാനം ചെയ്തിരുന്നതായാണ് അന്നത്തെ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ പ്രതികരണം

മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരെയുള്ള കുറ്റം 'എന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല' എന്നാണ് ഇതുവരെ ഇന്ത്യ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നത്. എന്നാൽ ഇന്ന് വിധി വന്ന ശേഷം ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്നാണ് പരാമർശിച്ചത്. കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

വിചാരണ രഹസ്യമായിരുന്നതിനാൽ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in