നൈജറിന് പിന്നാലെ മധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി; നടപടി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ

നൈജറിന് പിന്നാലെ മധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി; നടപടി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ

2020ന് ശേഷം മധ്യ- പടിഞ്ഞാറൻ ആഫ്രിക്കയിൽ നടക്കുന്ന എട്ടാമത്തെ പട്ടാള അട്ടിമറിയാണ് ഗബോണിലേത്

മധ്യാഫ്രിക്കൻ രാജ്യമായ ഗബോണിൽ പട്ടാള അട്ടിമറി. രാജ്യത്തിന്റെ ഭരണ ചുമതലയേറ്റെടുത്തതായി സൈനിക മേധാവികൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ വിശ്വാസയോഗ്യമല്ലെന്നും ഗബോണീസ് ജനതയുടെ ആഗ്രഹമാണ് തങ്ങൾ നടപ്പാക്കുന്നതെന്നും സൈന്യം വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ചെ ദേശീയ ടെലിവിഷനിലൂടെയാണ് അധികാരം പിടിച്ചെടുത്തതായി ഗബോണീസ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്. അലി ബോംഗോ ഒൻഡിംബയെ മൂന്നാം തവണയും പ്രസിഡന്റ് പദവിയിലെത്തിച്ച തിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് രാജ്യത്തെ പട്ടാള അട്ടിമറി.

നൈജറിന് പിന്നാലെ മധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി; നടപടി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ
നൈജറിന്റെ നേതാവായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി; ഉപരോധ ഭീഷണിയുമായി ഫ്രാൻസ്

തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്നും രാജ്യാതിർത്തികൾ അടച്ചതായും ദേശീയ ടെലിവിഷൻ ചാനലായ ഗബോൺ 24ലൂടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഗബോണിലെ എല്ലാ സുരക്ഷാ- പ്രതിരോധ സേനകളും ഒരുമിച്ചാണെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. "ഗബോണീസ് ജനതയുടെ ആഗ്രഹപ്രകാരം, നിലവിലെ ഭരണം അവസാനിപ്പിച്ച് സമാധാനം സംരക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു," ഉദ്യോഗസ്ഥർ പറഞ്ഞു.

നൈജറിന് പിന്നാലെ മധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി; നടപടി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ
നൈജർ പ്രസിഡന്റ് മുഹമ്മദ് ബസൂം അംഗരക്ഷകരുടെ തടവില്‍

പതിവിലേറെ സമയമെടുത്തായിരുന്നു ഗബോണിൽ ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. ബോംഗോ ഒൻഡിംബ 64.27 ശതമാനം വോട്ട് നേടി അധികാരം നിലനിർത്തിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം. പ്രധാന എതിരാളിയായിരുന്ന ആൽബർട്ട് ഒൻഡോ ഒസ്സ 30.77 ശതമാനം വോട്ടാണ് നേടിയത്. ഇന്റർനെറ്റ് വിച്ഛേദിക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതിലൂടെ അലി ബോംഗോയും അദ്ദേഹത്തിന്റെ അനുയായികളും ചേർന്ന് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷം ശനിയാഴ്ച ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് വസ്തുനിഷ്ഠമല്ലെന്ന് ആരോപിച്ച നിരവധി ഫ്രഞ്ച് മാധ്യമങ്ങളെ നിരോധിക്കുകയും ചെയ്തു.

1967 മുതൽ 2009 വരെ ഗബോൺ അടക്കിഭരിച്ചിരുന്ന ഒമർ ബോംഗോയുടെ മകനാണ് ഗബോണീസ് ഡെമോക്രാറ്റിക്‌ പാർട്ടി നേതാവായ അലി ബോംഗോ. പിതാവിന്റെ മരണശേഷമാണ് അന്ന് പ്രതിരോധമന്ത്രിയായിരുന്ന അലി ബോംഗോ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അട്ടിമറിക്ക് ശേഷം പ്രസിഡന്റ് എവിടെയെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അലി ബോംഗോ രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട 2016ലും ഗബോൺ തെരുവുകളിൽ പ്രതിഷേധങ്ങൾ ഉണ്ടാകുകയും പാർലമെന്റ് മന്ദിരം കത്തിക്കുകയും ചെയ്തിരുന്നു.

2020ന് ശേഷം മധ്യ- പടിഞ്ഞാറൻ ആഫ്രിക്കയിൽ നടക്കുന്ന എട്ടാമത്തെ പട്ടാള അട്ടിമറിയാണ് ഗബോണിലേത്. ഇക്കഴിഞ്ഞ ജൂലൈയിൽ നൈജറിൽ പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. മാലി, ഗിനിയ, ബുർക്കിന ഫാസോ, ചാഡ്, നൈജർ എന്നിവിടങ്ങളിളും ജനാധിപത്യ സർക്കാരുകളെ സൈന്യം അട്ടിമറിച്ചിരുന്നു.

logo
The Fourth
www.thefourthnews.in