ദുരന്തമേഖലയിൽ വെള്ളവും ഭക്ഷണവും എത്തിക്കാനാകുന്നില്ല; മൊറോക്കോ ഭൂചലനത്തിൽ മരണം 2100 കടന്നു

ദുരന്തമേഖലയിൽ വെള്ളവും ഭക്ഷണവും എത്തിക്കാനാകുന്നില്ല; മൊറോക്കോ ഭൂചലനത്തിൽ മരണം 2100 കടന്നു

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ദുഷ്കരം

മൊറോക്കയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 2100 ലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 2400 ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. കെട്ടിടങ്ങളില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

രാജ്യത്ത് ആറ് പതിറ്റാണ്ടിന് ശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. മൊറോക്കോയുടെ തെക്കന്‍ പ്രവശ്യകളിലാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പം കനത്തനാശം വിതച്ചത്.

ഭൂചലനത്തില്‍ റോഡുകള്‍ പലതും പൂര്‍ണമായി തകര്‍ന്നതോടെ ഗതാഗതം ദുഷ്‌കരമായി

ഭൂകമ്പബാധിത മേഖലയായ ഗ്രാമപ്രദേശങ്ങളിലേക്ക് അടിയന്തര സേവനങ്ങള്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്. ദുരിതബാധിതരായ ജനങ്ങള്‍ പട്ടിണിയിലാണെന്നും ഭക്ഷണവും വെള്ളവുമടക്കം എത്തിക്കാനാകുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തില്‍ റോഡുകള്‍ പലതും പൂര്‍ണമായി തകര്‍ന്നതോടെ ഗതാഗതം ദുഷ്‌കരമായതാണ് പ്രതിസന്ധി. പല പ്രദേശങ്ങളിലും ദുരുതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാൽ വീണ്ടുമൊരു ഭൂചലനം ഭയന്ന് ഭൂരിഭാഗം ജനങ്ങളും തെരുവില്‍ അഭയം തേടിയിരിക്കുകയാണ്. തുടർചലന സാധ്യത നിലനിൽക്കുന്നത് പരുക്കേറ്റവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിലും തടസമാകുന്നു. ആശുപത്രി വളപ്പിലെ ടെന്റുകളിലാണ് നിലവിൽ രോഗികളെ ചികിത്സിക്കുന്നത്.

സ്‌പെയിന്‍, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇതിനകം തന്നെ മൊറോക്കോയെ സഹായസന്നദ്ധത അറിയിച്ചിട്ടുണ്ട്

ഭൂകമ്പബാധിതർക്ക് വെള്ളം, ഭക്ഷണം, ടെന്റുകള്‍, പുതപ്പുകള്‍ എന്നിവയുടെ ലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മൊറോക്കൻ സർക്കാർ അറിയിച്ചു. സ്‌പെയിന്‍, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇതിനകം തന്നെ സഹായസന്നദ്ധത മൊറോക്കോയെ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ഭൂചനലത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ തുര്‍ക്കിയും മൊറോക്കോയ്ക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മോറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് താമസവും, ഭക്ഷണവും മറ്റ് സഹായങ്ങളും ഉറപ്പാക്കുമെന്നും രാജാവ് അറിയിച്ചു.

ദുരന്തമേഖലയിൽ വെള്ളവും ഭക്ഷണവും എത്തിക്കാനാകുന്നില്ല; മൊറോക്കോ ഭൂചലനത്തിൽ മരണം 2100 കടന്നു
തുടർചലനം ഭയന്ന് ജനങ്ങളുറങ്ങുന്നത് തെരുവിൽ; മൊറോക്കോ ഭൂകമ്പത്തിൽ മരണം രണ്ടായിരം കടന്നു

1960ന് ശേഷം ആദ്യമായാണ് ഇത്ര തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മൊറോക്കോയില്‍ അനുഭവപ്പെടുന്നത്.ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച മാരുക്കേഷ് നഗരത്തിന്റെ തെക്ക്-പടിഞ്ഞാറായി 71 കിലോമീറ്റര്‍ (44 മൈല്‍) മാറി ഹൈ അറ്റ്ലസ് പര്‍വതനിരകളാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പര്‍വതപ്രദേശങ്ങളില്‍ ഭൂചലനത്തിന്റെ ആഴം കൂടുതലാണെന്നാണ് വിലയിരുത്തല്‍. പ്രഭവകേന്ദ്രത്തിന് 350 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ റബാറ്റിലും കാസബ്ലാങ്ക, അഗാദിര്‍, എസ്സൗയിറ എന്നീ മേഖലകളിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in