ഓസ്‌ട്രേലിയന്‍ തീരത്ത് അജ്ഞാത വസ്തു; ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ റോക്കറ്റിൽ നിന്നുള്ള ഭാഗങ്ങളെന്ന് സംശയം

ഓസ്‌ട്രേലിയന്‍ തീരത്ത് അജ്ഞാത വസ്തു; ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ റോക്കറ്റിൽ നിന്നുള്ള ഭാഗങ്ങളെന്ന് സംശയം

ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയോ, ഇന്ത്യൻ ബഹിരാകാശ ഏജൻസിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഗ്രീൻ ഹെഡ് തീരത്തടിഞ്ഞ അജ്ഞാതവസ്തുവിനെ ചൊല്ലി ആശങ്ക. അപ്രതീക്ഷിതമായി കരയിലെത്തിയ വസ്തുവിനെ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രദേശ വാസികള്‍. ഇന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ റോക്കറ്റിൽ നിന്നുള്ള ഭാഗങ്ങളാണ് ഇതെന്നാണ് സംശയം. എന്നാൽ ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയോ, ഇന്ത്യൻ ബഹിരാകാശ ഏജൻസിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് മേഖലയില്‍ നിന്ന് 250 കിലോമീറ്റര്‍ വടക്കുള്ള ഗ്രീന്‍ ഹെഡ് ബീച്ചിലാണ് താഴികക്കുടത്തിന്റെ ആകൃതിയിലുള്ള വസ്തു കണ്ടെത്തിയത്. വശത്തേക്ക് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സിലിണ്ടറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ വസ്തുവിന് 2.5 മീറ്റർ വീതിയും 2.5 മീറ്ററിനും 3 മീറ്ററിനും ഇടയിൽ നീളവുമുണ്ടെന്നാണ് റിപ്പോർട്ട്. ഭാരം കുറഞ്ഞ റെസിൻ പോലെയുള്ള ലൈറ്റ് കാർബൺ ഫൈബർ വസ്തുക്കളാൽ നിർമിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഒരു വിദേശരാജ്യത്തിന്റെ ബഹിരാകാശ വാഹനത്തിൽ നിന്ന് വേർപെട്ട ഭാഗമാകാം ഇതെന്നും ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി ട്വീറ്റ് ചെയ്തു. ഇത് സ്ഥിരീകരിക്കാന്‍ വിദേശ ബഹിരാകാശ ഏജന്‍സികളുമായി ബന്ധപ്പെടുമെന്നും ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി.

അപകടം ചൂണ്ടിക്കാട്ടി വസ്തുവിന്റെ സമീപത്ത് നിന്നും മാറി നില്‍ക്കാന്‍ പൊതുജനങ്ങളോട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്തുവിന്റെ ഉത്ഭവവും സ്വഭാവവും നിര്‍ണയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചേർന്ന് പരിശോധനകള്‍ നടത്തിവരികയാണെന്നും ഓസ്‌ട്രേലിയന്‍ പോലീസ് ബിബിസിയോട് പറഞ്ഞു.

അതേസമയം, ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 227 യാത്രക്കാരുമായി 2014 മാർച്ച് 8 ന് കാണാതായ MH370 മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റിന്റെ ഭാഗമാകുമോ എന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ പോലീസ് ഉടൻ തന്നെ അഭ്യൂഹങ്ങൾ തള്ളി.

logo
The Fourth
www.thefourthnews.in