പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നേപ്പാളില്‍ ഇനി ഒറ്റയ്ക്കുള്ള ട്രക്കിങ് സാധ്യമല്ല; ഏപ്രില്‍ ഒന്ന് മുതല്‍ ഗൈഡ് നിര്‍ബന്ധം

സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ തീരുമാനം

തനിച്ചുള്ള യാത്രകളും ട്രക്കിങ്ങുകളും ഇഷ്ടപ്പെടുന്നവരും ആസ്വദിക്കുന്നവരുമാണ് പലരും. സാഹസിക യാത്രകളും ട്രക്കിങും ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് ആദ്യമെത്തുന്ന രാജ്യം നേപ്പാളായിരിക്കും. എന്നാല്‍ നേപ്പാളില്‍ ഇനി മുതല്‍ ഒറ്റയ്ക്ക് ട്രക്കിങ് നടത്താന്‍ സാധിക്കില്ല. സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ട്രക്കിങ്ങിന് ഗൈഡിനെ നിര്‍ബന്ധമാക്കി. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റേതാണ് തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് നേപ്പാൾ ടൂറിസം ബോർഡ് ഡയറക്ടർ മണിരാജ് ലാമിച്ചനെ അറിയിച്ചു.

''വിനോദ സഞ്ചാരികൾ തനിച്ച് ട്രക്കിങ് നടത്തുമ്പോൾ, പലപ്പോഴും വഴിതെറ്റുകയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ എത്തിപ്പെടുകയും ചെയ്യും. ആ സാഹര്യത്തിലാണ് സോളോ ട്രക്കിങുകൾ നിരോധിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിയിരിക്കുന്നത്. ഏപ്രിൽ 1 മുതൽ, സാഹസിക വിനോദ സഞ്ചാരത്തിന് ഗൈഡുകൾ നിർബന്ധമാണ്-'' ലാമിച്ചനെ പറഞ്ഞു.

നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്ക് പ്രകാരം 2019ൽ നേപ്പാളിൽ 50,000 വിനോദസഞ്ചാരികളാണ് ഗൈഡിന്റയോ മറ്റോ സഹായമില്ലാതെ ട്രെക്കിങ് നടത്തിയത്. റൂട്ട് പെർമിറ്റും ട്രെക്കേഴ്സ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (TIMS) കാർഡും നേടിയാണ് ഈ വിനോദ സഞ്ചാരികൾ ട്രെക്കിങ് നടത്തിയത്. ട്രക്കേഴ്‌സ് ഇന്‍ഫര്‍മേഷന്‍ മനേജ്‌മെന്റ് സിസ്റ്റം കാര്‍ഡായിരുന്നു സാഹസിക സഞ്ചാരികള്‍ക്ക് ആവശ്യമായ ബേസിക് ട്രക്കിങ്ങ് പെര്‍മിറ്റ്. എന്നാല്‍ പുതിയ തീരുമാന പ്രകാരം ഗൈഡ് ഇല്ലാത്ത പെര്‍മിറ്റ് കാര്‍ഡുകള്‍ ടൂറിസം വകുപ്പ് നിരോധിച്ചിരിക്കുകയാണ്.

ട്രക്കേഴ്‌സ് ഇന്‍ഫര്‍മേഷന്‍ മനേജ്‌മെന്റ് സിസ്റ്റം കാര്‍ഡിന്റെ തുകയും ടൂറിസം ബോര്‍ഡ് ഉയര്‍ത്തി. പെർമിറ്റിനായി ഒരു വ്യക്തി 2000 രൂപ നൽകണം. വലിയ സംഘങ്ങളായി എത്തുന്നവര്‍ക്ക് പെര്‍മിറ്റ് കാര്‍ഡിന് 1000 രൂപയാണ് പുതുക്കിയ തുക. സാർക്ക് പൗരന്മാർക്കുള്ള ഐഎംഎസ് പെര്‍മിറ്റ് 1,000 രൂപയായും വർധിപ്പിച്ചു.

logo
The Fourth
www.thefourthnews.in