ഇസ്രയേലിന്റെ 'യുദ്ധകാല ക്യാബിനറ്റില്‍' ഭിന്നത രൂക്ഷം; സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് നെതന്യാഹു

ഇസ്രയേലിന്റെ 'യുദ്ധകാല ക്യാബിനറ്റില്‍' ഭിന്നത രൂക്ഷം; സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് നെതന്യാഹു

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഞാനുൾപ്പെടെയുള്ള എല്ലാവരും ഇതിനുത്തരം നൽകേണ്ടി വരുമെന്നുമെന്ന് പ്രതികരിച്ച് നെതന്യാഹു ഒഴിഞ്ഞുമാറുകയായിരുന്നു.

ഒക്ടോബർ 7ന് നടന്ന ഹമാസിന്റെ മിന്നലാക്രമണത്തിന് രാജ്യസുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നടത്തിയ ആസൂത്രിത ആക്രമണത്തെക്കുറിച്ച് ഒരു ഘട്ടത്തിലും രാജ്യസുരക്ഷാ മേധാവികൾ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നായിരുന്നു നെതന്യാഹു കുറ്റപ്പെടുത്തിയത്.

നെതന്യാഹുവിന്റെ പ്രസ്താവന സഖ്യകക്ഷികളിൽ നിന്നും പ്രതിപക്ഷത്തുനിന്നും ഒരുപോലെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. യുദ്ധകാല ക്യാബിനറ്റിൽ ഉൾപ്പടെ ആശയ ഭിന്നതകളും വ്യാപക വിമർശനങ്ങളും ഉയർന്നതിന്‌ പിന്നാലെയാണ് തനിക്ക് തെറ്റുപറ്റിയെന്നും പ്രസ്താവനയിൽ മാപ്പ് പറഞ്ഞും എക്‌സിലൂടെ നെതന്യാഹു രംഗത്തെത്തിയത്.

"എനിക്ക് തെറ്റ് പറ്റി. വാർത്താസമ്മേളനത്തിനു ശേഷം പറഞ്ഞ കാര്യങ്ങൾ പറയാൻ പാടില്ലാത്തതായിരുന്നു, അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എല്ലാ സുരക്ഷാ സേനാ മേധാവികൾക്കും ഞാൻ പൂർണ പിന്തുണ നൽകുന്നു. രാജ്യത്തിനുവേണ്ടി പോരാടുന്ന മുൻനിരയിലുള്ള ഐഡിഎഫിന്റെ സ്റ്റാഫ് ചീഫിനും കമാൻഡർമാർക്കും സൈനികർക്കും എന്റെ പൂർണ പിന്തുണയുണ്ടാകും. നമ്മൾ ഒരുമിച്ച് വിജയിക്കും,"- ഇന്റലിജന്‍സ് മേധാവികളെ കുറ്റപ്പെടുത്തി ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പ് ഡിലീറ്റ് ചെയ്തുകൊണ്ട് എക്‌സില്‍ ഇന്ന് നെതന്യാഹു കുറിച്ചു.

ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, യുദ്ധാനന്തരം അതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഞാനുൾപ്പെടെയുള്ള എല്ലാവരും ഇതിനുത്തരം നൽകേണ്ടി വരുമെന്നുമെന്നും പ്രതികരിച്ച് നെതന്യാഹു ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ, നിരവധി സുരക്ഷാ മേധാവികളും ധന, വിദ്യാഭ്യാസ മന്ത്രിമാരും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

നെതന്യാഹുവിന്റെ സഖ്യകക്ഷിയായ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിറും നെതന്യാഹുവിന്റെ പരാമർശത്തെ വിമർശിച്ചിരുന്നു. കൂടാതെ, നെതന്യാഹുവിന്റെ യുദ്ധ കാബിനറ്റ് അംഗമായ ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സും നെതന്യാഹുവിനെ വിമർശിച്ച് എക്‌സിലൂടെ രംഗത്തെത്തിയിരുന്നു. നെതന്യാഹു തന്റെ പ്രസ്താവന ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്തിനായി പോരാടുന്ന സുരക്ഷാ സേനകൾക്ക് പൂർണ പിൻതുക പ്രഖ്യാപിക്കുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു.

മറുവശത്ത്, പ്രതിപക്ഷ നേതാവായ യെയർ ലാപിഡ് നെതന്യാഹുവിന്റെ പ്രസ്താവന അതിര് കടന്നതായും ഹമാസിനും ഹിസ്ബുള്ളയ്‌ക്കുമെതിരെ ഐഡിഎഫ് വീരോചിതമായി പോരാടുമ്പോൾ, അവരെ പിന്തുണയ്‌ക്കുന്നതിന് പകരം അവരുടെമേൽ കുറ്റം ചുമത്താനുള്ള ശ്രമത്തിലാണ് നെതന്യാഹുവെന്നും കുറ്റപ്പെടുത്തി.

ഇസ്രയേൽ ഇപ്പോഴും അതിശക്തമായ ആക്രമണം ഗാസയിൽ തുടരുകയാണ്. കൂടാതെ, കിഴക്കൻ ഗാസയിലും വടക്കൻ ഗാസയിലും ശക്തമായ ബോംബാക്രമണവും നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപതിനായിരത്തോളം പേർക്ക് പരിക്കേറ്റതായും ഗാസയിൽ മരണം 8000 കടന്നതായും ഗാസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ഗാസയിൽ നിന്ന് പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വാർത്താ സമ്മേളനം.

logo
The Fourth
www.thefourthnews.in