കുടിയേറ്റ നയത്തിൽ ഭിന്നാഭിപ്രായം ; രാജിവച്ച് നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ

കുടിയേറ്റ നയത്തിൽ ഭിന്നാഭിപ്രായം ; രാജിവച്ച് നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ

വലതുപക്ഷ പാർട്ടികളുടെ സമ്മർദം വർധിച്ചതോടെ അഭയാർഥികളുടെ വരവ് കുറയ്ക്കാനായി സർക്കാർ ശ്രമിച്ചു വരുകയായിരുന്നു

കുടിയേറ്റ നിയന്ത്രണത്തിൽ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെ രാജി വച്ച് നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ. കുടിയേറ്റ നയ വിഷയത്തിൽ സഖ്യത്തിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ രൂപപ്പെട്ടതോടെയാണ് രാജി പ്രഖ്യാപനം. യുക്രെയ്‌നിന്റെ യുദ്ധ കാര്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ പിന്തുണ നൽകേണ്ടതിനാൽ തിരഞ്ഞെടുപ്പ് വരെ കാവൽ പ്രധാനമന്ത്രിയായി രാജ്യത്തെ നയിക്കുമെ ന്ന് രാജിക്ക് ശേഷം മാർക്ക് റുട്ടെ പറഞ്ഞു.

സാധാരണ കാവൽ സർക്കാരിന് പുതിയ നയങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെങ്കിലും യുക്രെയ്‌നിനുള്ള പിന്തുണയ്ക്ക് സർക്കാരിന്റെ രാജി ഒരു വിലങ്ങു തടിയാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് ഡച്ച് സർക്കാരിനുള്ളില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസമാണ് രാജി പ്രഖ്യാപനത്തോടെ വ്യക്തമാകുന്നത്. കുറച്ചു മാസങ്ങളായി സർക്കാർ വൃത്തങ്ങളില്‍ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക്. ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്താനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സർക്കാരിന്റെ രാജി.

2022ൽ മാത്രം യൂറോപ്പിന് പുറത്ത് നിന്നുള്ള 21,500ലധികം ആളുകളാണ് നെതർലൻഡ്സില്‍ അഭയം തേടിയത്

കഴിഞ്ഞ വർഷം നെതർലൻഡ്സില്‍ കുടിയേറിയ അഭയാർഥികളുടെ എണ്ണം രാജ്യത്ത് ലഭ്യമായ കിടക്കകളുടെ എണ്ണത്തേക്കാൾ കൂടുതലായതിനാൽ നൂറുകണക്കിന് ആളുകൾക്കാണ് കയറിക്കിടക്കാനിടമില്ലാതെ തെരുവുകളില്‍ ഉറങ്ങേണ്ടി വന്നത്. 2022ൽ മാത്രം യൂറോപ്പിന് പുറത്ത് നിന്നുള്ള 21,500ലധികം ആളുകളാണ് നെതർലൻഡ്സില്‍ അഭയം തേടിയത്.

രാജ്യത്ത് എത്തിച്ചേരുന്ന അഭയാർഥികൾക്ക് മുനിസിപ്പാലിറ്റികൾ താമസസൗകര്യം നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാനായി റുട്ടെ സർക്കാർ ശ്രമിച്ചെങ്കിലും ഇതുവരെ പാസാക്കാനായില്ല

യൂറോപ്പിൽ ഏറ്റവുമധികം കുടിയേറ്റ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് നെതർലൻഡ്സ്. ഏകദേശം 18 ദശലക്ഷത്തോളം ജനസംഖ്യയുള്ള നെതർലൻഡ്സില്‍ പുതിയ കുടിയേറ്റക്കാരുടെ ഒഴുക്ക് കുറയ്ക്കുന്നതിനായി ഒരു കരാർ കൊണ്ടുവരാനായി കഴിഞ്ഞ കുറേ മാസങ്ങളായി ഭരണ സഖ്യം ശ്രമിച്ചു വരുകയായിരുന്നു.

നെതർലൻഡ്സിലേക്ക് അനുവദിക്കാവുന്ന യുദ്ധ അഭയാർത്ഥികളുടെ ബന്ധുക്കളുടെ എണ്ണം പ്രതിമാസം 200 ആയി പരിമിതപ്പെടുത്തണമെന്ന് റുട്ടെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. വലതുപക്ഷ പാർട്ടികളുടെ സമ്മർദം വർധിച്ചതോടെ അഭയാർഥികളുടെ വരവ് കുറയ്ക്കാനായി കഴിഞ്ഞ കുറേ മാസങ്ങളായി റുട്ടെ സർക്കാർ ശ്രമിച്ചു വരുകയായിരുന്നു.

2010ൽ അധികാരത്തിലേറിയത്തിന് ശേഷമുള്ള റുട്ടെയുടെ നാലാമത്തെ സഖ്യകക്ഷി സർക്കാരായിരുന്നു ഇത്

ഈ വർഷാവസാനം മാർക്ക് റുട്ടെ സഖ്യം വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും സൂചനയുണ്ട് . എന്നാൽ നവംബറിന് മുൻപായി ഒരു തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലെന്നാണ് വിവരം. 2010ൽ അധികാരത്തിലേറിയത്തിന് ശേഷമുള്ള റുട്ടെയുടെ നാലാമത്തെ സഖ്യകക്ഷി സർക്കാരായിരുന്നു ഇത്. നെതർലൻഡ്‌സിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രിയും മാർക്ക് റുട്ടെയാണ്. അധികാരത്തിലേറിയ സമയം മുതൽ പല വിഷയങ്ങളിലും സഖ്യകക്ഷിക്കുള്ളിൽ ഭിന്നത നിലനിന്നിരുന്നു.

logo
The Fourth
www.thefourthnews.in