ട്രംപിന് തിരിച്ചടി;  നികുതി രേഖകള്‍ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് കമ്മിറ്റിക്ക് കൈമാറണം

ട്രംപിന് തിരിച്ചടി; നികുതി രേഖകള്‍ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് കമ്മിറ്റിക്ക് കൈമാറണം

ട്രംപിനും മൂന്ന് മക്കൾക്കുമെതിരായ വഞ്ചനാക്കുറ്റത്തിൽ അടുത്ത വർഷം വിചാരണ ആരംഭിക്കും

ഡൊണാൾഡ് ട്രംപിന്റെ നികുതി രേഖകൾ ഡെമോക്രാറ്റിക്‌ നിയന്ത്രണത്തിനുള്ള ഹൗസ്‌ ഓഫ് കോമണ്‍സ് കമ്മറ്റിക്ക് വിട്ടു നൽകുന്നതില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസുകൾക്കുമുള്ള 2015-20 കാലയളവിലെ നികുതി റിട്ടേണുകൾ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സമിതിക്ക് കൈമാറാന്‍ ട്രഷറി വകുപ്പിന് സാധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രേഖകൾ ഉടൻ തന്നെ യുഎസ് ട്രഷറി വകുപ്പ് കോൺഗ്രസ് കമ്മിറ്റിക്ക് കൈമാറണം എന്ന് കോടതി വ്യക്തമാക്കി. തന്റെ നികുതി ഇടപാടുകൾ പരസ്യമാക്കുന്നത് തടയാൻ ട്രംപ് നടത്തുന്ന പരിശ്രമങ്ങൾക്കേറ്റ കടുത്തപ്രഹരമാണിത്. ബിസിനസുകളും നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം അന്വേഷണങ്ങൾ ട്രംപ് നിലവില്‍ നേരിടുന്നുണ്ട്.

അധികാരത്തിലിരിക്കുമ്പോൾ നികുതി സംബന്ധിച്ച രേഖകൾ പുറത്തുവിടാൻ ട്രംപ് വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ ഡെമോക്രാറ്റുകളുടെ ഇടപെടലുകള്‍ തടയാന്‍ കോടതിയെ സമീപിച്ചു. ആവശ്യം കീഴ്ക്കോടതി തള്ളിയതോടെയാണ് ട്രംപ് സുപ്രീംകോടതിയെ സമീപിച്ചത്.

നിലവിലെ ഹൗസ്‌ ഓഫ് കോമണ്‍സിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ട്രംപ് തിരിച്ചടി നേരിടുന്നത്. നവംബർ 8ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാര്‍ട്ടി ജനുവരിയില്‍ സഭയുടെ നിയന്ത്രണം ഏറ്റെടുക്കും.

അതിനിടെ ട്രംപിനും മൂന്ന് മക്കൾക്കുമെതിരായ വഞ്ചനാക്കുറ്റത്തിൽ അടുത്ത വർഷം വിചാരണ ആരംഭിക്കാനും മാന്‍ഹാട്ടന്‍ കോടതി ഉത്തരവിട്ടു. ന്യൂയോർക്കിലെ അറ്റോർണി ജനറൽ ഫയൽ ചെയ്ത സിവിൽ കേസിൽ 2023 ഒക്ടോബർ രണ്ടിനാണ് വിചാരണ തുടങ്ങുക. ട്രംപും കുടുംബാംഗങ്ങളും സാമ്പത്തിക ക്രമക്കേട് നടത്താനായി സ്വത്തുക്കളുടെ മൂല്യം തെറ്റായി പ്രസ്താവിച്ചുവെന്നാണ് മൻഹാട്ടൻ കോടതിയിൽ നിലനിൽക്കുന്ന കേസ്.

നികുതി പിരിവുകാരോടും കടം കൊടുക്കുന്നവരോടും ഇൻഷുറൻസ് കമ്പനികളോടും വർഷങ്ങളോളം വ്യാജമായ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ച് സെപ്റ്റംബറിൽ ട്രംപ് , ഡൊണാൾഡ് ട്രംപ് ജൂനിയർ , എറിക് ട്രംപ് , ഇവാങ്ക ട്രംപ് എന്നിവര്‍ക്കെതിരെയും ട്രംപ് ഓർഗനൈസേഷനെതിരെയും ന്യൂയോർക്കിലെ പ്രോസിക്യൂട്ടർ ലെറ്റിഷ്യ ജെയിംസ് ആണ് കേസെടുത്തത്. വായ്പകൾ നേടുന്നതിനും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നേടുന്നതിനും കുറഞ്ഞ നികുതികൾ അടയ്ക്കുന്നതിനുമായി ട്രംപ് ആസ്തിയെയും ആസ്തിമൂല്യത്തെയും കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. ട്രംപ് കുറഞ്ഞത് 250 മില്യൺ ഡോളർ പിഴ ഒടുക്കണമെന്നും അദ്ദേഹത്തിന്റെ ബിസിനസുകൾ രാജ്യത്ത് നിന്ന് വിലക്കണമെന്നുമാണ് ആവശ്യം.

കേസുകള്‍ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് ട്രംപിന്റെ വാദം. ട്രംപ് അഭിമുഖീകരിക്കുന്ന സിവിൽ , ക്രിമിനൽ കേസുകളും വിചാരണയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

logo
The Fourth
www.thefourthnews.in