യുക്രെയ്ന്‍ കവറേജിന് അംഗീകാരം; ന്യൂയോര്‍ക്ക് ടൈംസിനും അസോസിയേറ്റഡ് പ്രസ്സിനും പുലിറ്റ്സര്‍

യുക്രെയ്ന്‍ കവറേജിന് അംഗീകാരം; ന്യൂയോര്‍ക്ക് ടൈംസിനും അസോസിയേറ്റഡ് പ്രസ്സിനും പുലിറ്റ്സര്‍

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങിന് ന്യൂയോര്‍ക്ക് ടൈംസിനും അസോസിയേറ്റഡ് പ്രസ്സിനും പുലിറ്റ്സര്‍ പുരസ്കാരം. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ യുക്രെയ്ന്‍ നഗരം മരിയുപോളുമായി ബന്ധപ്പെട്ട കവറേജിനാണ് പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ അസോസിയേറ്റഡ് പ്രസ്സിന് പുരസ്കാരം. ഇതേ റിപ്പോര്‍ട്ടിങ്ങില്‍ ബ്രേക്കിങ് ഫോട്ടോ വിഭാഗത്തിലും അവര്‍ പുരസ്കാരത്തിനര്‍ഹരായി.യുക്രെയ്നിലെ ബുച്ചയില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനാണ് ന്യൂയോര്‍ക്ക് ടൈംസിനെ പുലിറ്റ്സര്‍ തേടിയെത്തിയത്.

അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട 1973ലെ റോയ് വെയ്ഡ് വിധി അസാധുവാക്കിയതുമായി ബന്ധപ്പെട്ട അനുബന്ധ റിപ്പോര്‍ട്ടുകള്‍ക്ക് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ കരോലിന്‍ കിച്ച്നർ പുരസ്കാരത്തിനര്‍ഹയായി. വിധി അസാധുവാക്കിയതോടെ ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട് ടെക്സസില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടി വന്ന കൗമാരക്കാരിയെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഇതിലുള്‍പ്പെടും.

വാഷിങ്ടൺ പോസ്റ്റിനൊപ്പം അന്തിമപട്ടികയിലുണ്ടായിരുന്നത് റോയിട്ടേഴ്സാണ്. അലബാമയിലെ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയിലെ ബാലവേല സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങാണ് അവരെ അന്തിമ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ സഹായിച്ചത്. റോയിട്ടേഴ്സിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടായ നൈജീരിയന്‍ സൈന്യം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടത്തുന്ന മനുഷ്യവാകാശ ലംഘനങ്ങള്‍ തുറന്ന് കാട്ടുന്ന അന്വേഷണ പരമ്പരയും പരിഗണിച്ചിരുന്നു.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം വാള്‍ സ്ട്രീറ്റ് ജേര്‍ണലിനാണ് . ഫെഡറല്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സാമ്പത്തിക വൈരുദ്ധ്യങ്ങള്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തുറന്നുകാട്ടിയിരുന്നു. നഗരത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടന്ന വംശീയ പരാമര്‍ശങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിനാണ് ലോസ് ഏഞ്ചല്‍സ് ടൈംസിന് ബ്രേക്കിങ് ന്യൂസിനുള്ള പുലിറ്റ്‌സര്‍ ലഭിച്ചത്.

ഫിക്ഷന്‍ വിഭാഗത്തില്‍ ഹെര്‍ണാന്‍ ഡയസിന്റെ ട്രസ്റ്റ്, ബാര്‍ബറ കിംങ്‌സോള്‍വറിന്റെ ഡെമണ്‍ കോപ്പര്‍ഹെഡ് തുടങ്ങി രണ്ട് നോവലുകളാണ് പുരസ്‌കാരത്തിനര്‍ഹമായത്. പുലിറ്റ്‌സര്‍ പുരസ്‌കാര ചരിത്രത്തിലാദ്യമായാണ് രണ്ട് നോവലുകള്‍ക്ക് ഒരുമിച്ച് അവാര്‍ഡ് നല്‍കുന്നത്.

1917 ലാണ് അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് പുലിറ്റ്‌സറിന്റെ പേരിലുള്ള പുരസ്കാരങ്ങള്‍ നല്‍കിതുടങ്ങിയത്. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളിലെ എഡിറ്റര്‍മാരടങ്ങുന്ന സംഘമാണ് പുലിറ്റ്‌സര്‍ വിധി നിര്‍ണയിക്കുക. മാധ്യമപ്രവര്‍ത്തനത്തിന് പുറമേ എഴുത്ത്, സംഗീതം, നാടകം എന്നീ മേഖലകളിലും പുലിറ്റ്‌സര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in