ന്യൂയോര്‍ക്ക് ടൈംസിലെ  ജീവനക്കാര്‍ സ്ഥാപനത്തിനെതിരെ സമരത്തില്‍
ന്യൂയോര്‍ക്ക് ടൈംസിലെ ജീവനക്കാര്‍ സ്ഥാപനത്തിനെതിരെ സമരത്തില്‍

ശമ്പള വര്‍ധനവ് വേണം; ന്യൂയോര്‍ക്ക് ടൈംസില്‍ 24 മണിക്കൂര്‍ തൊഴിലാളി സമരം

40 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ന്യൂയോര്‍ക്ക് ടൈംസിലെ ജീവനക്കാര്‍ സ്ഥാപനത്തിനെതിരെ സമരത്തിനിറങ്ങുന്നത്

ലോക പ്രശസ്ത മാധ്യമസ്ഥാപനമായ ന്യൂയോര്‍ക്ക് ടൈംസില്‍ പണിമുടക്ക് സമരവുമായി ജീവനക്കാര്‍. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മാധ്യമ സ്ഥാപനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. ശമ്പള വര്‍ധനവിന്റെയും കരാര്‍ പുതുക്കല്‍ വിഷയങ്ങളാണ് തൊഴിലാളി പ്രതിഷേധത്തിന് കാരണമായത്.

24 മണിക്കൂര്‍ പണിമുടക്കിയാണ് ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചത്. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ ഏകദേശം 1,100 ലേറെ ജീവനക്കാരാണ് പങ്കെടുത്തത്. 1981 ന് ശേഷം ഇതാദ്യമായാണ് ന്യൂയോര്‍ക്ക് ടൈംസ് ജീവനക്കാര്‍ 24 മണിക്കൂര്‍ പ്രതിഷേധം നടത്തുന്നത്. പ്രശസ്ത സിനിമാ നിരൂപകനായ എ ഒ സ്‌ക്കോട്ട് അടക്കമുള്ള പ്രമുഖകരും സമരത്തില്‍ അണിനിരന്നു.

1981 ന് ശേഷം ഇതാദ്യമായാണ് ന്യൂയോര്‍ക്ക് ടൈംസ് ജീവനക്കാര്‍ 24 മണിക്കൂര്‍ പ്രതിഷേധം നടത്തുന്നത്.

ജീവനക്കാരുടെ കരാര്‍ പുതുക്കാത്തതാണ് പ്രധാന വിഷയങ്ങളില്‍ ഒന്ന്. 2021 മാര്‍ച്ചില്‍ കരാര്‍ അവസാനിച്ച കരാറുകള്‍ പോലും ഇതുവരെ പുതുക്കിയിട്ടില്ല. ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടും സ്ഥാപനത്തിന്റെ ഭാഗത്തു നിന്ന് യാതൊരു മറുപടി ലഭിക്കാത്തതുകൊണ്ടാണ് സമരത്തിനിറങ്ങുന്നതെന്നും യു എസിലെ മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലാളി സംഘടനയായ ന്യൂസ് ഗില്‍ഡ് ഓഫ് ന്യൂയോര്‍ക്കിലെ അംഗങ്ങള്‍ പ്രതികരിച്ചത്.

യുഎസിലെ തൊഴില്‍ രംഗത്തെ അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് മാധ്യമ പ്രവര്‍ത്തകരുടെ സമരമെന്നതും ശ്രദ്ധേയമാണ്. കുത്തനെ ഉയര്‍ന്ന ജീവിത ചെലവാണ് വേതന വര്‍ധനവെന്ന് ആവശ്യത്തിന് കാരണമായി ജീവനക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ന്യായമായ തങ്ങളുടെ ആവശ്യങ്ങളോട് കമ്പനി നിസംഗത കാണിക്കുന്നത് വിഷമമുണ്ടാക്കുകയാണ്. ജീവനക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ സ്ഥാപനത്തിന് താങ്ങാന്‍ പറ്റുന്നതു മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.

24 മണിക്കൂര്‍ നീണ്ട സമരം നടക്കുമ്പോഴും മാധ്യമ സ്ഥാപനത്തിന് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിഷേധത്തില്‍ നിരാശയുണ്ടെന്നും വായനക്കാരെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് അധികൃതര്‍ നല്‍കുന്ന പ്രതികരണം.

logo
The Fourth
www.thefourthnews.in