അവൾ മിഴിതുറന്നത് ദുരന്തഭൂമിയിൽ...

അവൾ മിഴിതുറന്നത് ദുരന്തഭൂമിയിൽ...

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നവജാതശിശുവിനെ പുറത്തെടുക്കുമ്പോള്‍ പൊക്കിള്‍കൊടി അറ്റിരുന്നില്ല

നിലവിളിയോടെയാണ് ഒരു കുഞ്ഞ് ജീവിതത്തിലേക്ക് പിറന്നു വീഴുന്നത്. ആ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ ആഹ്ലാദചിത്തരാകും. എന്നാല്‍ മഹാദുരന്തത്തിലകപ്പെട്ടവരുടെ കൂട്ടക്കരച്ചിലിനിടയിലാണ് അവളുടെ ജനനം. വാരിപ്പുണരാന്‍ ആരുമുണ്ടായിരുന്നില്ല ചുറ്റും.

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നവജാതശിശുവിനെ പുറത്തെടുക്കുമ്പോള്‍ പൊക്കിള്‍കൊടി അറ്റിരുന്നില്ല. സുരക്ഷിതയായി പുറത്തെത്തിക്കുമ്പോള്‍ അമ്മയടക്കം ആ വീട്ടിലുണ്ടായിരുന്ന സകലരും മരണത്തിന് കീഴടങ്ങിയിരുന്നു.

വടക്കന്‍ സിറിയയിലെ ജിന്‍ദയ്രിസ് നഗരത്തിലാണ് പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപെട്ടത്. നാല് നിലയുള്ള കെട്ടിടം പൂര്‍ണമായും തകര്‍ന്നിരുന്നു. കുഞ്ഞിന്‌റെ കരച്ചില്‍ കേട്ടാണ് തിരച്ചില്‍ നടത്തിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവര്‍ പറയുന്നു. പൊക്കിള്‍കൊടി മുറിച്ചാണ് കുഞ്ഞിനെ പുറത്തെത്തിച്ചതെന്നും അവര്‍ പറയുന്നു.

രക്ഷാ പ്രവര്‍ത്തനത്തിന്‌റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൊടിയില്‍ മൂടിയ കുഞ്ഞിനെയും കൊണ്ട് ഒരാള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഓടി വരുന്നതും രണ്ടാമതൊരാള്‍ പുതപ്പുകൊണ്ട് കുഞ്ഞിനെ മൂടുന്നതും മൂന്നാമത്തെയാള്‍ വാഹത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കിഴക്കന്‍ നഗരമായ ദെയ്ര്‍ എസ്സൊറില്‍ നിന്ന് പലായനം ചെയ്തവരാണ് കുഞ്ഞിന്‌റെ മാതാപിതാക്കള്‍. അച്ഛനും അമ്മയും നാല് സഹോദരങ്ങളും ഭൂകമ്പത്തില്‍ മരിച്ചു. അഫ്രീന്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞിപ്പോള്‍. നെറ്റിയിലും കൈയ്ക്കുമെല്ലാം പരുക്കുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in