സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ

സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിൽ ഖലിസ്ഥാൻ വിഷയം വലിയൊരു കരടായി മാറിയിക്കുന്ന സമയത്താണ് പുതിയ നടപടികൾ

സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി നോട്ടീസിറക്കി. പത്ത് പേരുടെ ചിത്രങ്ങളാണ് നോട്ടീസിലുള്ളത്. ഇവരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ പൊതുജനങ്ങളിൽനിന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് നോട്ടീസ്. ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിൽ ഖലിസ്ഥാൻ വിഷയം വലിയൊരു കരടായി മാറിയിക്കുന്ന സമയത്താണ് പുതിയ നടപടികൾ.

2023 മാർച്ചിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ഇന്ത്യൻ കോൺസുലേക്ക് ഖലിസ്ഥാൻ വാദികൾ അതിക്രമിച്ച് കയറുകയും തീവയ്ക്കുകയും ചെയ്തു. അതിനുപുറമെ ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കിയെത്തിയവർ ഇന്ത്യൻ പതാക എടുത്തുമാറ്റുകയും പകരം ഖലിസ്ഥാൻ പതാക നാട്ടുകയും ചെയ്തിരുന്നു. അക്രമത്തിൽ കോൺസുലേറ്റ് അധികൃതർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടീസ്
ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടീസ്

തിരിച്ചറിയാനുള്ള വിവരങ്ങൾ അഭ്യർത്ഥിച്ചുള്ള മൂന്ന് നോട്ടീസുകളാണ് എൻ ഐ എ പുറത്തിറക്കിയിരിക്കുന്നത്. രണ്ടെണ്ണത്തിൽ രണ്ടുവീതം പ്രതികളുടെയും മൂന്നമത്തേതിൽ കുറ്റാരോപിതരായ ആറുപേരുടെയും ചിത്രങ്ങളാണുള്ളത്. കൂടാതെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി വിലാസം, ഫോൺ നമ്പർ, വാട്സാപ്പ് നമ്പർ എന്നിവ ഉൾപ്പെടെയുള്ളവയും നോട്ടീസിലുണ്ട്.

കുറ്റാരോപിതരെ പിടികൂടാൻ സഹായിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുപോകില്ലെന്നും എൻഐഎ നോട്ടീസിൽ ഉറപ്പുനൽകുന്നു. ഖലിസ്ഥാൻ വിഷയത്തെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിയിരിക്കുകയാണ്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ രാജ്യത്തുനിന്ന് കാനഡ പുറത്താക്കിയതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്. അതിനുള്ള മറുപടിയെന്നോണം ഇന്ത്യയും കാനേഡിയൻ പ്രതിനിധിയെ പുറത്താക്കിയിരുന്നു. കൂടാതെ കാനേഡിയൻ പൗരന്മാർക്കുള്ള വിസ നൽകുന്നതും ഇന്ത്യ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കാനഡയ്ക്ക് പുറമെ യുകെ, അമേരിക്ക എന്നിവിടങ്ങളിലാണ് സിഖ് വിഭാഗം കൂടുതലായുള്ളത്.

സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ
നിജ്ജാറിന്റെ കൊലപാതകം: ആരോപണം വേണ്ട, തെളിവ് തരൂ; എങ്കിൽ അന്വേഷണത്തോട് സഹകരിക്കാമെന്ന് കാനഡയോട് ഇന്ത്യ

ജൂണിലായിരുന്നു ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം. ഇതിൽ ഇന്ത്യയ്ക്ക് പങ്കുടെന്നാണ് കാനഡയുടെ ആരോപണം. അടുത്തിടെ ന്യൂ ഡൽഹിയിൽ വച്ചുനടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ചർച്ച നടത്തിയിരുന്നു. അന്ന് ഖലിസ്ഥാൻ വാദവും അതുയർത്തുന്ന ആശങ്കകളെ കുറിച്ചും മോദി പറഞ്ഞിരുന്നെങ്കിലും സമാധാനപരമായ പ്രതിഷേധങ്ങൾക്ക് എല്ലാം കാനഡയിൽ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. അതിനുപിന്നാലെ ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യ യാത്രയും കാനഡ ഒഴിവാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in