നിക ഷകരാമി
നിക ഷകരാമി

ഇറാന്‍ പ്രക്ഷോഭം; കൊല്ലപ്പെടുന്നതിന് മുന്‍പ് നിക ഷകരാമി ഹിജാബ് കത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മാലിന്യപ്പെട്ടിയുടെ മുകളില്‍ കയറി നിന്നുകൊണ്ട് ഹിജാബ് കത്തിക്കുന്നതും ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട പതിനാറുകാരി നിക ഷകരാമി പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സെപ്റ്റംബര്‍ 20ന് ടെഹ്‌റാനില്‍ നടന്ന പ്രതിഷേധത്തിനിടെ, മാലിന്യപ്പെട്ടിയുടെ മുകളില്‍ കയറി നിന്നുകൊണ്ട് ഹിജാബ് കത്തിക്കുന്നതും ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. അതിനുശേഷമാണ് നികയെ കാണാതായതെന്നും പോലീസ് അവരെ പിന്തുടര്‍ന്നിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. കാണാതായി പത്ത് ദിവസം കഴിഞ്ഞ് നികയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്.

പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സുരക്ഷാസേന മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നികയുടെ അമ്മ നസ്‌റീന്റെയും ആരോപണം. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍നിന്ന് മകളെ താഴേയ്‌ക്കെറിഞ്ഞ് കൊല്ലുകയായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ടല്ല നികയുടെ മരണം സംഭവിച്ചതെന്ന അധികൃതരുടെ വാദവും അതിനായി മുന്നോട്ടുവെച്ച സിസിടിവി ദൃശ്യങ്ങളെയും തള്ളിക്കൊണ്ടാണ് നസ്‌റീന്റെ വാദങ്ങള്‍.

നിക കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കൊല്ലപ്പെട്ടതാണ് എന്നായിരുന്നു ഇറാൻ അധികൃതരുടെ വാദം. കെട്ടിടത്തിൽ വിവിധ ജോലികൾ നടക്കുന്നതിനാൽ കെട്ടിടനിർമാണ തൊഴിലാളികൾ ആരെങ്കിലുമാകും മരണത്തിന് പിന്നിലെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം. പ്രക്ഷോഭവുമായി മരണത്തിന് ബന്ധമില്ല എന്ന് തെളിയിക്കാൻ ഒരു പെണ്‍കുട്ടി ഇടവഴിയിലൂടെ നടന്നുവന്ന് ഒരു കെട്ടിടത്തിലേക്ക് കയറിപ്പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങളെല്ലാം നികയുടെ കുടുംബം തള്ളിയിരുന്നു.

മകൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് പറയാനും മറ്റു വിവരങ്ങൾ മറച്ചുവെക്കാനും കുടുംബത്തിനുമേൽ സമ്മർദ്ദം ഉണ്ടായിരുന്നതായി നസ്റീനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ സഹോദരനെയും സഹോദരിയെയും പോലീസ് തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ ബുധനാഴ്ച ടിവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ നികയുടെ സഹോദരൻ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ സംസാരിക്കുന്നുണ്ട്. സഹോദരി നിക കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെട്ടതാണെന്നും പറയുന്നുണ്ട്. എന്നാല്‍ മക്കളെയും നാല് വയസുള്ള കുഞ്ഞിനെയും തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവരെക്കൊണ്ട് സംസാരിപ്പിച്ചതെന്നാണ് നസ്റീന്‍ ബിബിസിയോട് പറഞ്ഞത്.

കാണാതായി 10 ദിവസങ്ങൾക്കുശേഷം മോർച്ചറിയിലാണ് നികയുടെ മൃതദേഹം കണ്ടെത്തുന്നത്. അത് നിക തന്നെയാണോ എന്ന് തിരിച്ചറിയാനുള്ള കുറച്ച് സെക്കൻഡുകൾ മാത്രമേ ഉദ്യോഗസ്ഥർ അനുവദിച്ചുള്ളു. മർദ്ദനമേറ്റതിന്റെ പാടുകൾ നികയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും നസ്റീന്‍ ഉള്‍പ്പെടെ നികയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

നിക ഷകരാമി
ഇറാനില്‍ പ്രതിഷേധം കനക്കുന്നു; ഇന്ധന വ്യവസായം പ്രതിസന്ധിയില്‍, പ്രക്ഷോഭങ്ങളില്‍ 185 മരണം

ഹിജാബ് ധരിക്കാത്തതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത മഹ്സ അമിനി മരിച്ചതിന് പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പടിഞ്ഞാറന്‍ നഗരമായ സക്കസ് സ്വദേശിയായ അമിനിയെ ടെഹ്റാനില്‍ നിന്നാണ് വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര വിഷയങ്ങള്‍ പരിശോധിക്കുന്ന പോലീസ് വിഭാഗം പിടികൂടിയത്. സഹോദരന് ഒപ്പം സഞ്ചരിക്കവെ ആയിരുന്നു യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിന് ശേഷം അമിനിക്ക് ഹൃദയഘാതം വരികയും കോമയിൽ ആവുകയും ചെയ്‌തെന്നാണ് ഇറാനി അധികൃതർ വിശദീകരണം നൽകിയത്. അറസ്റ്റിന് ശേഷം ഉണ്ടായ പോലീസ് മർദനത്തിൽ ആണ് മഹ്സ അമിനി കൊല്ലപ്പെട്ടത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

logo
The Fourth
www.thefourthnews.in