'ബന്ദികളെ മോചിപ്പിക്കുന്നത് വരെ ഗാസയ്ക്ക് വെള്ളവും വെളിച്ചവും ഇന്ധനവും നല്‍കില്ല'; സമ്മര്‍ദ്ദം ശക്തമാക്കി ഇസ്രയേല്‍

'ബന്ദികളെ മോചിപ്പിക്കുന്നത് വരെ ഗാസയ്ക്ക് വെള്ളവും വെളിച്ചവും ഇന്ധനവും നല്‍കില്ല'; സമ്മര്‍ദ്ദം ശക്തമാക്കി ഇസ്രയേല്‍

ആക്രമണങ്ങള്‍ തുടരുന്ന ഗാസയില്‍ ഇതുവരെ 1100 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിലെ മരണസംഖ്യ 1200 പിന്നിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്

ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഗാസയ്ക്ക് മാനുഷിക സഹായമോ അടിസ്ഥാന വിഭവങ്ങളോ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ്. ആരും തങ്ങളെ മാനുഷിക മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടെന്നും സമൂഹമാധ്യമായ എക്‌സില്‍ കുറിച്ചു. ''ഗാസയ്ക്ക് മാനുഷിക സഹായമോ? ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടു പോയവര്‍ തിരിച്ചുവീട്ടിലെത്താതെ ഗാസയില്‍ ഒരു ഇക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, ഒരു കുടിവെള്ള ടാപ്പ് പോലും തുറക്കില്ല, ഇന്ധന ട്രക്ക് പോലും എത്തില്ല. ആരും ഞങ്ങളെ മാനുഷിക മൂല്യം പഠിപ്പിക്കേണ്ട''- കാട്‌സ് എക്‌സില്‍ വ്യക്തമാക്കി.

ശനിയാഴ്ച ഇസ്രയേല്‍ അതിര്‍ത്തി നുഴഞ്ഞുകയറി ഹമാസ് നടത്തിയ ആക്രമണത്തിനൊടുവിലാണ് 168 ഇസ്രയേലികളെ ബന്ദികളാക്കിയത്. ഗാസയിലേക്ക് മുന്നറിയിപ്പില്ലാതെ ബോംബ് വര്‍ഷിച്ചാല്‍ ഇവരെ വധിക്കുമെന്നും ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ വൈദ്യുതി-ഇന്ധന ഉപരോധം ആരംഭിച്ചത്.

ഗാസയിലേക്കുള്ള വെള്ളം- ഭക്ഷണം- വൈദ്യുതി- ഇന്ധനം എന്നിവയുടെ വിതരണത്തിന് തിങ്കളാഴ്ച ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗാസയിലെ ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. ഇസ്രയേലിന്റെ ബോംബാക്രമണങ്ങളില്‍ പരുക്കേറ്റ് ആയിരങ്ങളാണ് ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇരുട്ടിലായ ആശുപത്രികള്‍ കൈവശമുള്ള ഇന്ധനം ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതും ഉടന്‍ അവസാനിക്കുമെന്ന് അധികൃതര്‍ പറയുന്നു. അതോടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അവസാന അത്താണിയായ ആശുപത്രികളും രക്ഷയ്‌ക്കെത്തില്ല. രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ഇത്തരത്തില്‍ ആക്രമണങ്ങളുടെ കെടുതികള്‍ക്കും ഇല്ലായ്മകളുടെ ദുരിതത്തിലും അകപ്പെട്ട് ജീവിതം തള്ളിനീക്കുന്നത്.

ആക്രമണവും പ്രത്യാക്രമണവും ആരംഭിച്ചതിന് ശേഷം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന സംസ്‌കരിച്ച് ടിന്നിലടച്ച ഭക്ഷണങ്ങളെയാണ് ഗാസയിലെ മനുഷ്യര്‍ ആശ്രയിച്ചിരുന്നത്. വൈദ്യുതി ഇല്ലാതായതോടെ അവ സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനങ്ങളും തകരാറിലായി. ഇനി കുറച്ച് മണിക്കൂറുകള്‍ കൂടിയേ ഇവ കേടുകൂടാതെ നിലനില്‍ക്കുവെന്ന അവസ്ഥയാണ്. അങ്ങനെകൂടി ഉണ്ടായാല്‍ പട്ടിണിമൂലം ആളുകള്‍ മരിക്കുന്ന, ഒരു മനുഷ്യനിര്‍മിത ദുരന്തത്തിലേക്കാകും ഗാസ ചെന്നെത്തുക. ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതോടെ മാനുഷിക സഹായങ്ങള്‍ എത്തിക്കാനോ അടിയന്തര ആവശ്യങ്ങള്‍ക്ക് അധികൃതരെ ബന്ധപ്പെടാനോ സാധിക്കാത്ത ദുരവവസ്ഥയും മുനമ്പില്‍ നിലനില്‍ക്കുന്നു. ആക്രമണങ്ങള്‍ തുടരുന്ന ഗാസയില്‍ ഇതുവരെ 1100 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിലെ മരണസംഖ്യ 1200 പിന്നിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in