എഡ്വേർഡ് സ്നോഡൻ
എഡ്വേർഡ് സ്നോഡൻ

അമേരിക്കയെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലുകൾക്ക് 10 വർഷം; സ്വകാര്യത ലംഘനം വർധിക്കുന്നതായി എഡ്വേർഡ് സ്നോഡൻ

"2013-ൽ നമ്മൾ കണ്ടതും ഇന്ന് സർക്കാരുകൾക്കുള്ള കഴിവുകളും കൂടി താരതമ്യം ചെയ്യുകയാണെങ്കിൽ അന്നത്തേത് വെറും കുട്ടിക്കളിയാണെന്ന് തോന്നും" - സ്‌നോഡൻ

മുൻപുണ്ടായിരുന്നതിനേക്കാൾ വികസിതവും സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാൻ സാധിക്കുന്നതുമാണ് പുതിയ നിരീക്ഷണ സാങ്കേതിക വിദ്യകളെന്ന മുന്നറിയിപ്പുമായി എഡ്വേർഡ് സ്‌നോഡൻ. ഇന്നത്തെ സാങ്കേതിക വിദ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയും ബ്രിട്ടനും 2013ൽ ഉപയോഗിച്ചതിനെ കുട്ടിക്കളി മാത്രമായി കാണാനേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും ദേശീയ സുരക്ഷാ ഏജൻസികൾ നടത്തിയ രഹസ്യ നിരീക്ഷണപ്രവർത്തനങ്ങളുടെ വിവരങ്ങൾ ചോർത്തി പുറത്തുകൊണ്ടുവന്നതിന്റെ പത്താം വാർഷികത്തിൽ നൽകിയ അഭിമുഖത്തിലായിരുന്നു സ്‌നോഡന്റെ പ്രതികരണം.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തുന്ന ആഗോള നിരീക്ഷണപ്രവർത്തനങ്ങളുടെ അതീവരഹസ്യ രേഖകൾ പുറത്തുകൊണ്ടുവന്നതിൽ കുറ്റബോധം ഇപ്പോഴുമില്ലെന്ന് അഭിമുഖത്തിൽ സ്‌നോഡൻ പറഞ്ഞു. അന്ന് ആ പ്രവൃത്തി ചെയ്തതുകൊണ്ട് വളരെ ഗുണകരമായ മാറ്റങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. സമൂഹമാധ്യമങ്ങളിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അതിന്റെ ഫലമാണ്. എന്നാൽ ഡിജിറ്റൽ- ഭൗതിക ലോകത്ത് നിലവിൽ നടന്നുകൊണ്ടിരുന്ന സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിൽ നിരാശനാണെന്നും സ്നോഡൻ പറഞ്ഞു.

"2013-ൽ നമ്മൾ കണ്ടതും ഇന്ന് സർക്കാരുകൾക്കുള്ള കഴിവുകളും കൂടി താരതമ്യം ചെയ്യുകയാണെങ്കിൽ 2013ലേത് വെറും കുട്ടിക്കളിയാണെന്ന് തോന്നും," സ്‌നോഡൻ പറഞ്ഞു.

എഡ്വേർഡ് സ്നോഡനെ റഷ്യയിൽ അരുന്ധതി റോയ് സന്ദർശിച്ചപ്പോൾ
എഡ്വേർഡ് സ്നോഡനെ റഷ്യയിൽ അരുന്ധതി റോയ് സന്ദർശിച്ചപ്പോൾ

സർക്കാരുകളും സാങ്കേതിക ഭീമന്മാരും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മാത്രമല്ല, വാണിജ്യപരമായി ലഭ്യമായ വീഡിയോ നിരീക്ഷണ ക്യാമറകൾ, മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ, നിർമിത ബുദ്ധി, ഭിന്നശേഷിക്കാർക്കും മാധ്യമപ്രവർത്തകർക്കും എതിരെ ഉപയോഗിക്കുന്ന പെഗാസസ് പോലുള്ള നുഴഞ്ഞുകയറ്റ സ്പൈവെയറുകൾ എന്നിവയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

"നമ്മളെ ചതിക്കില്ലെന് വിചാരിച്ച സർക്കാരുകൾ അത് ചെയ്തു. ടെക് ഭീമന്മാർ നമ്മളെ മുതലെടുക്കില്ലെന്ന് കരുതി എന്നാൽ അവരും അതുതന്നെ ചെയ്തു. ഇതെല്ലാം ഇനിയും സംഭവിക്കും. കാരണം അധികാരത്തിന്റെ സ്വഭാവം അങ്ങനെയാണ്," സ്‌നോഡൻ പറഞ്ഞു.

2013ൽ യു എസ് ഇന്റലിജൻസ് സുരക്ഷാ കോൺട്രാക്ടറായി ജോലി ചെയ്യവെയാണ് സ്‌നോഡൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെയും യൂറോപ്യൻ സർക്കാരുകളുടെയും സഹകരണത്തോടെ അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്‌എ)യും ഫൈവ് ഐസ് ഇന്റലിജൻസ് (യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്) സഖ്യവും നടത്തുന്ന നിരവധി ആഗോള നിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന ചാരപ്രവർത്തനങ്ങളുടെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

പതിനായിരക്കണക്കിന് അതീവരഹസ്യ രേഖകൾ ഹോങ്കോങ്ങിൽ വച്ച് മാധ്യമപ്രവർത്തകർക്ക് കൈമാറിയ സ്നോഡൻ അതിനുശേഷം റഷ്യയിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം റഷ്യൻ പൗരത്വവും സ്നോഡന് ലഭിച്ചിരുന്നു. രണ്ടുവർഷങ്ങളായി ഒരു താഴ്ന്ന പ്രൊഫൈൽ സൂക്ഷിക്കുന്ന സ്നോഡൻ സാമൂഹ്യമാധ്യമങ്ങളിലോ അഭിമുഖങ്ങളിലോ ഒന്നും അധികമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല.

2009 ല്‍ എന്‍എസ്ഐയില്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ്, നിയമവിരുദ്ധമായി ജനങ്ങളുടെ സ്വകാര്യത അവകാശത്തെ ലംഘിച്ച് കൊണ്ട് അമേരിക്ക നടത്തുന്ന ചാരപ്രവര്‍ത്തിയെക്കുറിച്ച് സ്നോഡന്‍ മനസിലാക്കുന്നത്. കാമുകി/കാമുകന്മാരുടെ ഇമെയിലുകള്‍ പരിശോധിക്കാനും അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനുമായി എന്‍എസ്എ അനലിസ്റ്റുകള്‍ സര്‍ക്കാരിന്റെ വിവരശേഖരണ അധികാരം ഉപയോഗിച്ചത് തന്നെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് ഒരിക്കല്‍ സ്നോഡന്‍ പറഞ്ഞിട്ടുണ്ട്.

XKeyscore എന്നറിയപ്പെടുന്ന ഒരു പ്രത്യേക NSA പ്രോഗ്രാം ഉപയോഗിച്ച് സാധാരണ അമേരിക്കക്കാരുടെ സമീപകാല ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നു.

അമേരിക്കക്കാരെ സുരക്ഷിതരാക്കേണ്ട രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യേണ്ട ഇന്റലിജന്‍സ് കമ്മ്യൂണിറ്റി 'ഭരണഘടനയെ തന്നെ ഹാക്ക് ചെയ്തു' എന്നും പൗരസ്വാതന്ത്ര്യത്തിന് ഭീഷണിയായി മാറിയെന്നുമാണ് സ്നോഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. ജീവിതം നിന്ന നില്‍പ്പില്‍ തകിടം മറിഞ്ഞുപോകുമെന്ന് മനസ്സിലാക്കിയിട്ടും തന്റെ കയ്യിലുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെയാണ് 2013 മേയിൽ ജോലിയില്‍നിന്ന് അവധിയെടുത്ത് അദ്ദേഹം ഹോങ്കോങ്ങിലേക്ക് പോകുന്നത്. അവിടെ വച്ച് അമേരിക്കന്‍ ഡോക്യുമെന്ററി ഫിലിം മേക്കര്‍ ലോറ പോയിട്രാസ്, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്, ഗാര്‍ഡിയന്റെ ന്യൂയോര്‍ക്ക് റിപ്പോര്‍ട്ടറായ എവന്‍ മകാസ്‌കില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പതിനായിരക്കണക്കിന് രേഖകള്‍ അന്ന് സ്നോഡന്‍ ഈ സംഘത്തിന് കൈമാറി.

ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ രേഖകളില്‍ ഉണ്ടായിരുന്നത്. 'പ്രിസം' പ്രകാരം ഗൂഗിള്‍, ഫേസ്ബുക്, ആപ്പിള്‍, യാഹൂ പോലുള്ള ഇന്റര്‍നെറ്റ് ഭീമന്‍മാരുടെ സെര്‍വറുകളിലേക്ക് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in