ദക്ഷിണ കൊറിയൻ സമുദ്രാതിർത്തി കടന്ന് ഉത്തര കൊറിയൻ മിസൈൽ

ദക്ഷിണ കൊറിയൻ സമുദ്രാതിർത്തി കടന്ന് ഉത്തര കൊറിയൻ മിസൈൽ

ഉത്തരകൊറിയ 10 മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണകൊറിയ

കൊറിയന്‍ വിഭജനത്തിന് ശേഷം ആദ്യമായി ദക്ഷിണ കൊറിയൻ സമുദ്രാതിർത്തി കടന്ന് ഉത്തര കൊറിയൻ മിസൈൽ. ഉത്തര കൊറിയയിൽ നിന്നുള്ള ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ തെക്കൻ നഗരമായ സോക്ചോയിൽ നിന്ന് 60 കിലോമീറ്റർ അകലെ സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ബുധനാഴ്ച രാവിലെ 10 മിസൈലുകൾ ഉത്തര കൊറിയയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന് വിക്ഷേപിച്ചതായി സൈന്യം അവകാശപ്പെട്ടു. സംഭവത്തിൽ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉത്തര കൊറിയയിൽ നിന്ന് മൂന്ന് ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുപ്രകാരം ദക്ഷിണ കൊറിയ ഉല്ലെങ്‌ഡോ ദ്വീപിൽ വ്യോമാക്രമണ മുന്നറിയിപ്പുകളും നൽകിയിരുന്നു. ദ്വീപ് നിവാസികളോട് ഏറ്റവും അടുത്തുള്ള സുരക്ഷിത മേഖലകളിലേക്ക് നീങ്ങാനും അധികൃതർ നിര്‍ദേശിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ തെക്കൻ മേഖലയിലാണ് മിസൈലുകള്‍ പതിച്ചിട്ടുള്ളത്. മറുപടിയായി സമുദ്ര അതിർത്തിയുടെ വടക്ക് ഭാഗത്തേക്ക് മൂന്ന് എയർ-ടു ഗ്രൗണ്ട് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി.

ഉത്തര കൊറിയയുടെ ഏറ്റവും പുതിയ മിസൈല്‍ മുന്നറിയിപ്പിന് പിന്നാലെ ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും നേതാക്കൾ ദേശീയ സുരക്ഷാ മീറ്റിങ്ങുകൾ വിളിച്ചിട്ടുണ്ട്. സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കാൻ യുഎസിനും ദക്ഷിണകൊറിയ്ക്കും ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക അഭ്യാസം നിർത്തിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ചൊവ്വാഴ്ച ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയുടെ പ്രകോപനപരമായ ആക്രമണങ്ങളെ യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കുന്നു. അമേരിക്കയുമായി ചേർന്ന് ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in